വഖഫ് നിയമത്തില്‍ സുപ്രീംകോടതിയുടെ ഭാഗിക സ്‌റ്റേ
മൂന്ന് പ്രധാന വ്യവസ്ഥകളാണ് കോടതി സ്റ്റേ ചെയ്തത്

ന്യൂഡല്‍ഹി: വഖഫ് നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിക്ക് ഭാഗിക സ്റ്റേ അനുവദിച്ച് സുപ്രീം കോടതി. 2025 ലെ മുഴുവന്‍ വഖഫ് (ഭേദഗതി) നിയമവും സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു, ചില വിഭാഗങ്ങള്‍ക്ക് മാത്രമേ പരിമിതമായ സംരക്ഷണം ആവശ്യമുള്ളൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. മൂന്ന് പ്രധാന വ്യവസ്ഥകളാണ് കോടതി സ്റ്റേ ചെയ്തത്.
അഞ്ചുവര്‍ഷത്തോളം ഇസ്ലാം മതവിശ്വാസം പിന്തുടരുന്നവര്‍ക്ക് മാത്രമേ വഖഫ് നല്‍കാന്‍ കഴിയൂ എന്ന കേന്ദ്ര നിയമത്തിലെ വ്യവസ്ഥയാണ് പ്രധാനമായും കോടതി സ്റ്റേ ചെയ്തത്. ഒപ്പം വഖഫ് ബോര്‍ഡില്‍ മുസ്‌ലിങ്ങളല്ലാത്ത അംഗങ്ങളുടെ എണ്ണം മൂന്നില്‍ കൂടുതല്‍ ഉണ്ടാവരുതെന്നും കോടതി നിരീക്ഷിച്ചു. നിയമ ഭേദഗതിയുടെ സെക്ഷന്‍ 3സി പ്രകാരം തര്‍ക്ക പ്രദേശങ്ങളില്‍ കലക്ടര്‍ ചുമതലപ്പെടുത്തിയ സംഘം അന്വേഷണം തുടങ്ങിയാല്‍ അത് ഉടന്‍ വഖഫ് ഭൂമി അല്ലാതാവും എന്ന വ്യവസ്ഥയും സുപ്രീംകോടതി സ്റ്റേ ചെയ്തു.
ഒരു വഖഫ് ഭൂമിയുടെ സ്വത്ത് സാധുതയുള്ളതാണോ എന്നതിനെക്കുറിച്ചുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ അനുമതിയില്ലാതെ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ഈ പ്രക്രിയയ്ക്കിടയില്‍, തര്‍ക്കത്തിലുള്ള സ്വത്തിന്മേല്‍ വഖഫ് ബോര്‍ഡിന് മൂന്നാം കക്ഷി അവകാശങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയില്ല.
പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ സാധാരണയായി കോടതികള്‍ സാധുതയുള്ളതായി കണക്കാക്കണമെന്നും വളരെ അപൂര്‍വമായ കേസുകളില്‍ മാത്രമേ സ്റ്റേ അനുവദിക്കാവൂ എന്നും ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയും ജസ്റ്റിസ് എ ജി മാസിയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.
സുപ്രീം കോടതി നിര്‍ബന്ധിത നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നില്ലെങ്കിലും, 11 അംഗ സെന്‍ട്രല്‍ വഖഫ് കൗണ്‍സിലിലേക്ക് മൂന്നില്‍ കൂടുതല്‍ അമുസ്ലിംകളെ നാമനിര്‍ദ്ദേശം ചെയ്യാതിരിക്കുന്നതും എക്‌സ്-ഒഫീഷ്യോ ചെയര്‍പേഴ്സണ്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ളയാളാണെന്ന് ഉറപ്പാക്കുന്നതും കേന്ദ്രത്തിന് ഉചിതമാണെന്ന് ഇടക്കാല ഉത്തരവ് എഴുതിക്കൊണ്ട് സിജെഐ ബി ആര്‍ ഗവായി പറഞ്ഞു.
വഖഫ് നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന ഭേദഗതികളെല്ലാം വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഒപ്പം മുസ്ലിം സമുദായത്തെ രാജ്യത്തു വേര്‍തിരിച്ചു കാണുകയാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നും വാദത്തിന്റെ അവസാന ഘട്ടത്തില്‍ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇത്തരം വ്യവസ്ഥകള്‍ മറ്റു മതങ്ങളുടെ കാര്യത്തില്‍ ഇല്ലെന്നും ഇക്കാര്യത്തില്‍ ഗൂഢോദ്ദേശ്യമുണ്ടെന്നും ഹര്‍ജിക്കാര്‍ ഉന്നയിച്ചു.
എന്നാല്‍ ഹര്‍ജിക്കാരുടെ വാദത്തെ പ്രതിരോധിച്ച കേന്ദ്രം 'വഖഫ് ബൈ യൂസര്‍' സ്വത്തുക്കളിലുള്ള അവകാശം സര്‍ക്കാരിനു തിരിച്ചെടുക്കാന്‍ കഴിയുമെന്ന് വാദിച്ചു. 1954 ല്‍ 'വഖഫ് ബൈ യൂസര്‍' പ്രാബല്യത്തില്‍ വന്നതു നയപരമായ തീരുമാനത്തിന്റെ ഭാഗമായിരുന്നു. ദുരുപയോഗം തടയാന്‍ അതു തിരിച്ചെടുക്കാനാവുമെന്നാണ് സോളിസിറ്റര്‍ ജനറല്‍ (എസ്ജി) തുഷാര്‍ മേത്ത വാദിച്ചത്.
മെയ് 22 ന്, ഇരുവശത്തുനിന്നുമുള്ള വിപുലമായ വാദം കേള്‍ക്കലുകള്‍ക്ക് ശേഷം, സിജെഐ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇടക്കാല ഉത്തരവുകള്‍ മാറ്റിവച്ചിരുന്നു.
നേരത്തെ, ഏപ്രില്‍ 25 ന്, കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം നിയമത്തെ ന്യായീകരിച്ച് 1,332 പേജുകളുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പാര്‍ലമെന്റ് നിയമം നടപ്പിലാക്കിയതിനാല്‍ ഭരണഘടനാപരമായ അനുമാനം ഉള്‍ക്കൊള്ളുന്ന ഒരു നിയമത്തിന് 'ബ്ലാങ്കറ്റ് സ്റ്റേ' അനുവദിക്കരുതെന്ന് കോടതിയോട് അഭ്യര്‍ഥിക്കുകയും ചെയ്തു.
ഏപ്രില്‍ 5 ന് ബില്ലിന് പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന്റെ അംഗീകാരം ലഭിച്ചതോടെ ഏപ്രില്‍ 8 ന് കേന്ദ്രം ഭേദഗതി ചെയ്ത നിയമം വിജ്ഞാപനം ചെയ്തിരുന്നു. വഖഫ് (ഭേദഗതി) ബില്‍, 2025 ഏപ്രില്‍ 3 ന് ലോക്സഭയിലും ഒരു ദിവസത്തിന് ശേഷം രാജ്യസഭയിലും പാസായി.