നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ 3 നാട്ടുകാര്‍ കൊല്ലപ്പെട്ടു
കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിവരികയാണ്

ശ്രീനഗര്‍: ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും 3 നാട്ടുകാര്‍ കൊല്ലപ്പെട്ടു. പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലെയും ജെയ്ഷെ മുഹമ്മദിന്റെയും ലഷ്‌കര്‍-ഇ-തൊയ്ബയുടെയും ഭീകര പരിശീലന ക്യാംപുകളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നല്‍ ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പാകിസ്ഥാനില്‍ നിന്നും പ്രകോപനം ഉണ്ടായത്. പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റതായും സൈന്യം അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിവരികയാണ്. ഇതിനിടെയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഭീകര പരിശീലന കേന്ദ്രങ്ങള്‍ ഇന്ത്യ ലക്ഷ്യം വച്ചത്. 1971ലെ യുദ്ധത്തിനുശേഷം ഇതാദ്യമായാണ് പാകിസ്ഥാനെതിരെ ഇന്ത്യന്‍ കര - നാവിക- വ്യോമസേന സംയുക്ത ആക്രമണം നടത്തിയിരിക്കുന്നത്.
പാകിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒന്‍പതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നല്‍ മിസൈലാക്രമണത്തില്‍ 12 ഭീകരര്‍ കൊല്ലപ്പെട്ടതായും 55 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പുലര്‍ച്ചെ 1.44 ഓടെയാണ് ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകള്‍ സംയുക്തമായി, 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരിട്ട ദൗത്യം നടത്തിയത്. റഫാല്‍ വിമാനങ്ങളില്‍ നിന്ന് മിസൈല്‍ തൊടുത്തായിരുന്നു ആക്രമണം.
മുസാഫര്‍ ബാദ്, ബഹവല്‍പുര്‍, കോട് ലി, മുരിഡ് ക് എന്നിവടങ്ങളിലെ കേന്ദ്രങ്ങളിലാണ് ആക്രമണം എന്നാണ് വിവരം. ലഷ് കറെ ത്വയ് ബയുടെ ആസ്ഥാനമാണ് മുരിഡ് ക്. പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമാണ് ബഹവല്‍പുര്‍. ആക്രമണത്തിനു പിന്നാലെ 'നീതി നടപ്പാക്കി'യെന്ന് കരസേന പ്രതികരിച്ചു.
പാകിസ്ഥാന്റെ സേനാകേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ലെന്നും ഭീകരതാവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം പറഞ്ഞു. ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് വിവരം. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യ പത്തുമണിക്കുള്ള വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിടും.
ഏപ്രില്‍ 22 നാണ് കശ്മീര്‍ പഹല്‍ഗാമിലെ ബൈസരണ്‍വാലി വിനോദസഞ്ചാരകേന്ദ്രത്തില്‍ പാക്ക് പിന്തുണയോടെ ഭീകരാക്രമണമുണ്ടായത്. 26 ഇന്ത്യക്കാര്‍ അന്നു കൊല്ലപ്പെട്ടു. ഭീകരസംഘടനയായ ലഷ്‌കറുമായി ബന്ധമുള്ള റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തിരുന്നു. ആക്രമണത്തിനു ശേഷം ഇന്ത്യ പാക്കിസ്ഥാനുമായുള്ള സിന്ധുനദീതട കരാര്‍ റദ്ദാക്കുകയും പാക്ക് പൗരന്മാരെ പുറത്താക്കി അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തിരുന്നു.