ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്: നടിമാരായ തമന്ന ഭാട്ടിയയേയും, കാജല്‍ അഗര്‍വാളിനേയും ചോദ്യം ചെയ്യും

ചെന്നൈ: 60 കോടി രൂപയുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍ എന്നിവരെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി പുതുച്ചേരി പൊലീസ്. ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കമ്പനിയുടെ ഉദ് ഘാടനത്തിലും പ്രചാരണ പരിപാടികളിലും നടിമാര്‍ പങ്കെടുത്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. പുതുച്ചേരിയില്‍ നിന്നുള്ള 10 പേരില്‍ നിന്ന് 2.40 കോടി തട്ടിയെന്നാണ് പരാതി. കേസില്‍ അറസ്റ്റിലായവരില്‍ നിന്നാണ് നടിമാരുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്.

2022ല്‍ നടി തമന്ന ഉള്‍പ്പെടെയുള്ള സിനിമാ രംഗത്തെ പ്രമുഖരെ അണിനിരത്തിയായിരുന്നു കമ്പനിയുടെ തുടക്കം. 3 മാസത്തിന് ശേഷം നടി കാജല്‍ അഗര്‍വാള്‍ ചെന്നൈയിലെ മഹാബലിപുരത്തെ നക്ഷത്ര ഹോട്ടലില്‍ കമ്പനിയുടെ പരിപാടിയില്‍ പങ്കെടുത്ത് 100 പേര്‍ക്ക് കാറുകള്‍ സമ്മാനമായി നല്‍കി. മുംബൈയില്‍ നടന്ന പരിപാടിയിലും പങ്കെടുത്തുവെന്നും പൊലീസ് പറയുന്നു. ഇരുവര്‍ക്കും കമ്പനിയില്‍ പങ്കാളിത്തമുണ്ടോയെന്ന സംശയത്തെ തുടര്‍ന്നാണു ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

ഈ കമ്പനിക്ക് വേണ്ടി പ്രചാരണം ചെയ്യുന്ന താരങ്ങളെയും, ഇവരുടെ പണം ഇടപാടുകളെയും കുറിച്ച് അന്വേഷണ സംഘം കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ്. അതേസമയം, തങ്ങളുടെ പേര് തട്ടിപ്പുമായി ബന്ധപ്പെടുത്തിയതിലുള്ള ആശയക്കുഴപ്പത്തിലാണ് നടിമാര്‍ എന്നും, വിശദമായ അന്വേഷണം വേണമെന്നുമാണ് ഇവരുടെ ആവശ്യം.

നടിമാര്‍ തട്ടിപ്പില്‍ നേരിട്ടോ അല്ലാതെയോ പങ്കാളികളാണോ എന്ന കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അടുത്ത ദിവസങ്ങളില്‍ ഇവരെ വിളിച്ച് ചോദ്യം ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

നേരത്തെ ഓണ്‍ലൈന്‍ ബെറ്റിംഗ് കേസുമായി ബന്ധപ്പെട്ട് നടി തമന്ന ഭാട്ടിയയെ ഇഡി ചോദ്യം ചെയ്തിരുന്നു. 5 മണിക്കൂറോളം സമയമാണ് ഇഡി തമന്നയെ ചോദ്യം ചെയ്തത്. ഓണ്‍ലൈന്‍ ആപ്പായ HPZ ടോക്കണ്‍ ആപ്പിന്റെ അനുബന്ധ ആപ്ലിക്കേഷനായ ഫെയര്‍പ്ലേ ആപ്പ് വഴി ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ പ്രൊമോഷന്‍ നടത്തിയെന്നാണ് നടി തമന്നക്കെതിരായ ആരോപണം.

ഗുവാഹാത്തിയിലെ ഇഡി ഓഫീസില്‍ വെച്ചായിരുന്നു നടിയെ ചോദ്യം ചെയ്തത്. അമ്മയോടൊപ്പമാണ് തമന്ന ചോദ്യം ചെയ്യലിനായി ഹാജരായത്. ഐപിഎല്‍ മത്സരങ്ങള്‍ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തതായി ഫെയര്‍പ്ലേ ബെറ്റിങ് ആപ്പിനെതിരെ നേരത്തെ പരാതിയുണ്ടായിരുന്നു.

Related Articles
Next Story
Share it