''തെറിച്ചുവീണ യാത്രക്കാരന്റെ മൃതദേഹം തൊട്ടുമുന്നില്‍'' മുംബൈ ബോട്ട് അപകടത്തിന്റെ ദൃശ്യം പകര്‍ത്തിയ ഗൗതം ഗുപ്ത
മുംബൈ: കടലില്‍ അഭ്യാസ പ്രകടനം നടത്തുന്നത് കണ്ടാണ് സ്പീഡ് ബോട്ടിന്റെ ദൃശ്യം ഗൗതം ഗുപ്ത പകര്‍ത്തിയത്. പക്ഷെ അത് തങ്ങളുടെ യാത്രാ ബോട്ടിലേക്ക് വന്ന് ഇടിക്കുമെന്ന് ഗൗതം ഒരിക്കലും കരുതിയില്ല. മുംബൈയില്‍ 13 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ദൃശ്യം ഗൗതം പകര്‍ത്തിയതാണ്.
'' സ്പീഡ് ബോട്ട് പൊടുന്നനെ ഞങ്ങളുടെ ബോട്ടിലിടിച്ചു. ആ ഞെട്ടലിന്റെ ആഘാതത്തിലായിരുന്നു ഞാന്‍. ഇടിയുടെ ആഘാതത്തില്‍ തെറിച്ച യാത്രക്കാരിലൊരാള്‍ ബോട്ടിന്റെ ഡെക്കിലിടിച്ചു എന്റെ മുന്നില്‍ വീണു. ശരീരമാസകലം പരിക്കേറ്റ് ചലനമറ്റ് കിടക്കുകയായിരുന്നു അയാള്‍'' ഗൗതം പറയുന്നു.
25കാരനായ ഗൗതം നിസാര പരിക്കുകളോടെ ചികിത്സയിലാണ്. ഗൗതമും അമ്മയുടെ സഹോദരിയും ഇവരുടെ മകളുമാണ് യാത്രക്കാരൊപ്പം ഉണ്ടായത്.
ബുധനാഴ്ച വൈകീട്ടാണ് മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നൂറിലധികം യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 13 പേര്‍ മരിച്ചത്. 10 സാധാരണക്കാരും 3 നാവികസേനാ ഉദ്യോഗസ്ഥരുമാണ് മരിച്ചവരില്‍ ഉള്‍പ്പെടുന്നത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ എലിഫന്റാ ഗുഹകളിലേക്ക് പോവുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതിയില്‍ വന്ന നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
മുംബൈ ബോട്ടപകടത്തിന് തൊട്ടുമുമ്പ് ഗൗതം ഗുപ്ത പകര്‍ത്തിയ ദൃശ്യം