ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10 ആയി; നിരവധി പേര്‍ക്ക് പരിക്കേറ്റു
പൊട്ടിത്തെറിയുണ്ടായത് ഐ 20 കാറിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പര്‍ 1 ന് സമീപം ഉണ്ടായ ശക്തമായ കാര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനം ഉയര്‍ന്ന തീവ്രതയുള്ളതായതിനാല്‍ മരണസംഖ്യ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. തിങ്കളാഴ്ച വൈകുന്നേരം 7 മണിയോടെയാണ് അഗ്‌നിശമന സേനയ്ക്ക് സ്‌ഫോടനത്തെക്കുറിച്ച് വിവരം ലഭിച്ചത്, അതേസമയം സംഭവത്തില്‍ ഡല്‍ഹി പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു.
സ്‌ഫോടനം വളരെ ശക്തമായിരുന്നതിനാല്‍ സമീപത്തുള്ള വാഹനങ്ങളുടെ ഗ്ലാസുകള്‍ തകര്‍ന്നു. പ്രദേശത്ത് തിരക്കേറിയ സമയത്തായിരുന്നു സ്‌ഫോടനം നടന്നത്. മുപ്പതിലധികം വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. സ്‌ഫോടനം നടന്ന കാറിന് പുറമേ, സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റ് മൂന്ന് വാഹനങ്ങള്‍ക്കും തീപിടിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പര്‍ 1 ലാണ് സ്‌ഫോടനം നടന്നതെന്ന് വൃത്തങ്ങള്‍ പറയുന്നു.
വൈകുന്നേരം 6.52 ഓടെ, സാവധാനത്തില്‍ നീങ്ങിയ ഒരു കാര്‍ മെട്രോ സ്റ്റേഷന് സമീപത്ത് റെഡ് സിഗ്‌നലില്‍ എത്തുകയും പിന്നീട് 6.55ന് പൊട്ടിത്തെറിക്കുകയുമായിരുന്നു. കാര്‍ പൊട്ടിത്തെറിച്ച് സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു. വിവരമറിഞ്ഞ ഉടന്‍ 7 ഫയര്‍ ടെന്‍ഡറുകളും ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലില്‍ നിന്നുള്ള ഒരു സംഘവും സ്ഥലത്തെത്തി.
സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധി പേര്‍ സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നു. ഒരു കിലോമീറ്ററോളം ദൂരത്ത് സ്‌ഫോടന ശബ്ദം കേട്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സ്‌ഫോടനത്തില്‍ 13 ജീവനുകള്‍ നഷ്ടപ്പെട്ടതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. 25 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇതില്‍ ആറോളം പേരുടെ നില ഗുരുതരമാണ്. ചെങ്കോട്ടക്ക് മുന്നിലെ റോഡില്‍ ചിന്നിച്ചിതറിക്കിടക്കുന്ന ശരീര ഭാഗങ്ങള്‍ പ്രദേശത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ലോക് നായിക് ജയപ്രകാശ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊട്ടിത്തെറിച്ച കാറിനുള്ളില്‍ ഒന്നിലധികം പേരുണ്ടായിരുന്നുവന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പൊട്ടിത്തെറിയുണ്ടായത് ഐ 20 കാറിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പരിക്കേറ്റവരെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അമിത് ഷാ. സംഭവത്തില്‍ വിശദമായ പരിശോധന നടക്കുകയാണെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. എന്‍ഐഎ അടക്കമുള്ള എല്ലാ ഏജന്‍സികളും സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.
ആശുപത്രിയില്‍ കൂടുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തി. പൊലീസ് കൂടുതല്‍ ബാരിക്കേടുകള്‍ നിരത്തി. ഡല്‍ഹിയില്‍ വ്യാപക പരിശോധന നടന്നുവരികയാണ്. സെപ്ഷ്യല്‍ സെല്‍ പരിശോധനയാണ് നടക്കുന്നത്. എയര്‍പോര്‍ട്ടുകളില്‍ അടക്കം ജാഗ്രത നിര്‍ദേശം നല്‍കി. സ്‌ഫോടന കാരണം സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

