പ്രയാഗ് രാജില്‍ അപകടം; മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ പത്ത് തീര്‍ഥാടകര്‍ മരിച്ചു

ലക്‌നൗ: പ്രയാഗ് രാജില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍, മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ പത്ത് തീര്‍ഥാടകര്‍ മരിക്കുകയും 19 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രയാഗ് രാജ്-മിര്‍സാപുര്‍ ഹൈവേയില്‍ മെജയില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.
ഛത്തീസ് ഗഡിലെ കോര്‍ബ ജില്ലയില്‍നിന്ന് ത്രിവേണീ സംഗമ സ്‌നാനത്തിന് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പെട്ടത്. മധ്യപ്രദേശിലെ രാജ് ഗഡില്‍ നിന്ന് വന്ന ബസാണ് കാറിലിടിച്ചതെന്ന് പൊലീസ് പറഞ്ഞു. ബൊലേറോയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതിനാല്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും പരുക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സ്വരൂപ് റാണി നെഹ്റു മെഡിക്കല്‍ ആശുപത്രിയിലേക്ക് അയച്ചതായും കൂടുതല്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും യമുനനഗര്‍ ഡിസിപി വിവേക് ചന്ദ്ര യാദവ് പറഞ്ഞു.
ഈ ആഴ്ച ആദ്യം, മധ്യപ്രദേശിലെ ജബല്‍പുര്‍ ജില്ലയില്‍, മഹാകുംഭമേള കഴിഞ്ഞ് മടങ്ങിയ ആന്ധ്രാ സ്വദേശികള്‍ സഞ്ചരിച്ച മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചിരുന്നു.