മലപ്പുറം: കത്വ-ഉന്നാവോ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസിനെതിരെ ഉയര്‍ന്ന ഗുരുതര ആരോപണം ശരിവെച്ച് യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും പാണക്കാട് ഹൈദരലി തങ്ങളുടെ മകനുമായ മുഈനലി തങ്ങളും രംഗത്ത്. ആരോപണത്തില്‍ ശരികളുണ്ടെന്നും പിരിച്ചെടുത്ത തുകയുടെ കണക്ക് ചോദിക്കുന്നവരെ കുലംകുത്തികളാക്കുന്ന സാഹചര്യമാണ് നിലവില്‍ സംഘടനക്കകത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. മേല്‍കമ്മിറ്റികളില്‍ പലവട്ടം ഇത് സംബന്ധിച്ച് പരാതികള്‍ നല്‍കിയിരുന്നതാണ്. കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ളവരെ കാര്യങ്ങള്‍ ബോധിപ്പിച്ചിരുന്നു. വിഷയം പുറത്തറിഞ്ഞാല്‍ പാര്‍ട്ടി പ്രതിസന്ധിയിലാകുമെന്ന് നേതാക്കളെ ഓര്‍മിപ്പിച്ചിരുന്നു. തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
കണക്ക് ചോദിച്ചതിന്റെ പേരില്‍ എന്നെ ഉള്‍പ്പടെ ഈ തരത്തില്‍ പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു. എന്നാല്‍ ഈ ആരോപിക്കപ്പെട്ടവരോട് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഇവര്‍ തയ്യാറാവണമെന്നും ന്യൂസ് 18 ചാനലിനോട് പ്രതികരിക്കവെയാണ് അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് മുന്‍ ദേശീയ നിര്‍വാഹക സമിതി അംഗം യുസുഫ് പടനിലം ആണ് ഫണ്ട് പിരിവിന്റെ കാര്യത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയത്.
കത്വ – ഉന്നാവോ പീഡനത്തിനിരയാവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി മുസ്ലിംലീഗ്, പള്ളികളില്‍ നിന്നും പ്രവാസികളില്‍ നിന്നും പിരിച്ചെടുത്ത ലക്ഷങ്ങള്‍ നേതാക്കള്‍ വകമാറ്റി ചിലവഴിച്ചുവെന്ന് അദ്ദേഹം പറയുന്നു. പി കെ ഫിറോസ് നയിച്ച യുവജന യാത്രയുടെ കടം വീട്ടുന്നതിനായി 15 ലക്ഷം രൂപ ഈ ഫണ്ടില്‍ നിന്നും വകമാറ്റി ചെലവഴിച്ചുവെന്നാണ് പ്രധാനമായും യൂസുഫ് പടനിലം ആരോപിക്കുന്നത്. യൂത്ത് ലീഗ് നേതാക്കളായ സി കെ സുബൈറിനും പി കെ ഫിറോസിനും തിരിമറിയില്‍ പങ്കുണ്ട്. നേതാക്കളെ സമീപിച്ചെങ്കിലും കണക്കുകള്‍ അവര്‍ വെളിപ്പെടുത്തിയില്ല. അദ്ദേഹം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.