ആ ധാരണ സത്യമായിരുന്നോ? ആരാണ് ഖുറേഷി എബ്രഹാമും സയ്യിദ് മസൂദും? സസ്‌പെന്‍സുമായി പൃഥ്വി രാജ്

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ മാര്‍ച്ച് 27ന് തിയേറ്ററുകളിലെത്താനിരിക്കെ ക്യാരക്ടര്‍ റിവീലില്‍ വന്ന് സസ്‌പെന്‍സ് നിറച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ പൃഥ്വിരാജ്. ലൂസിഫറില്‍ പൃഥ്വിരാജിന്റെ കഥാപാത്രമായെത്തുന്ന സയ്യിദ് മസൂദിന്റെ ഭൂതകാലം എമ്പുരാനില്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയിട്ടുണ്ടെന്നാണ് ക്യാരക്ടര്‍ റിവീലില്‍ പൃഥ്വി പറയുന്നത്. ലോകത്തിലെ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് നിയന്ത്രിക്കുന്ന എബ്രഹാം ഖുറേഷിയുടെ കുപ്രസിദ്ധ സംഘത്തിന് വഴികാട്ടുന്ന സയ്യിദ് മസൂദിനെയാണ് പ്രേക്ഷകര്‍ക്ക് ലൂസിഫറിലൂടെ പരിചയം. എന്നാല്‍ എമ്പുരാനില്‍ മറ്റ് കഥാപാത്രങ്ങളെ പോലെ തന്നെ പ്രാധാന്യം സയ്യിദ് മസൂദിനുമുണ്ടാകും. എന്തായിരുന്നു സയ്യിദ് മസൂദിന്റെ ലോകം, എന്തായിരുന്നു അയാളുടെ കഥ എന്ന് എമ്പുരാനില്‍ കാണാം. ഒട്ടനവധി കഥാപാത്രങ്ങളും സങ്കീര്‍ണമായ കഥകളും ലൂസിഫറിന്റെ തിരക്കഥക്ക് ബലമേകിയപ്പോള്‍ അതിനേക്കാള്‍ കൂടുതല്‍ സങ്കീര്‍ണതകളും കഥാപാത്രങ്ങളുമാണ് എമ്പുരാനില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തുന്നു.
ലൂസിഫറിന്റെ ആദ്യഭാഗം അവസാനിക്കുമ്പോള്‍ ഖുറേഷി എബ്രഹാം എന്ന അധോലോക മെഗാ സിന്‍ഡിക്കേറ്റിനെ തൊടാന്‍ ലോകത്ത് മറ്റൊരു ശക്തിയില്ലെന്ന ധാരണയിലാണ് പ്രേക്ഷകര്‍ തിയേറ്റര്‍ വിടുന്നത്. എന്നാല്‍ ഈ ധാരണ സത്യമായിരുന്നോ അതോ തെറ്റിദ്ധാരണ ആയിരുന്നോ എന്ന് പൃഥ്വി ചോദിക്കുന്നു. അതിന് സിനിമയ്ക്കായി കാത്തിരിക്കാം എന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.