മോഹന്‍ലാല്‍ നായകനാകുന്ന ബഹുഭാഷാ ഫാന്റസി ആക്ഷന്‍ ചിത്രം 'വൃഷഭ' യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

വലിയ കാന്‍വാസില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത കന്നഡ സംവിധായകന്‍ നന്ദകിഷോറാണ്

തന്റെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ബഹുഭാഷാ ചിത്രമായ വൃഷഭയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് നടന്‍ മോഹന്‍ലാല്‍ . തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് താരം സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കിട്ടത്, 'ഭൂമി കുലുങ്ങുന്നു. ആകാശം കത്തുന്നു. വിധി അതിന്റെ യോദ്ധാവിനെ തിരഞ്ഞെടുത്തു. #വൃഷഭ നവംബര്‍ 6 ന് എത്തുന്നു!' എന്ന അടിക്കുറിപ്പോടെയാണ് താരം തീയതി പുറത്തുവിട്ടത്.

ദീപാവലി റിലീസ് ആയിട്ടാണ് നിര്‍മ്മാതാക്കള്‍ ആദ്യം ഇത് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ഒക്ടോബര്‍ 17 നും 21 നും ഇടയില്‍ മറ്റ് രണ്ട് സിനിമകള്‍ റിലീസ് ചെയ്യുന്നതിനാലാണ് നിര്‍മ്മാതാക്കള്‍ റിലീസ് തീയതി മാറ്റിയതെന്ന് നേരത്തെ സംവിധായകന്‍ നന്ദകിഷോര്‍ വ്യക്തമാക്കിയിരുന്നു.

ഈ വര്‍ഷം ആദ്യം, ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം മോഹന്‍ലാല്‍ ആരാധകരെ അറിയിച്ചിരുന്നു. മോഹന്‍ ലാല്‍ രാജാവിന്റെ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആരാധകര്‍ ഇരുകയ്യോടെയുമാണ് സ്വീകരിച്ചത്. അടുത്തിടെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ആക്ഷനും വൈകാരികതയും പ്രതികാരവും സംഗീതവുമൊക്കെയായി മികച്ച ദൃശ്യാനുഭവം നല്‍കുന്ന ചിത്രമാണ് വൃഷഭ എന്ന സൂചനയാണ് അപ്‌ഡേറ്റുകളില്‍ നിന്നും ലഭിക്കുന്നത്. വലിയ കാന്‍വാസില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത കന്നഡ സംവിധായകന്‍ നന്ദകിഷോറാണ്. സിനിമയില്‍ മോഹന്‍ലാലിന്റെ മകനായി തെലുങ്ക് നടന്‍ റോഷന്‍ മെക എത്തുന്നു.

വൃഷഭ, വിശ്വംഭര എന്നീ ഇരട്ട വേഷങ്ങളില്‍ അഭിനയിക്കുന്ന മോഹന്‍ലാലിനെ കൂടാതെ, സാറാ എസ് ഖാന്‍, സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂര്‍, സിഎച്ച് ചന്ദ്രകാന്ത്, മഹേന്ദ്ര രജ്പുത്, രാമചന്ദ്ര രാജു, രാഗിണി ദ്വിവേദി, നേഹ സക്സേന എന്നിവരും ഫാന്റസി ഇതിഹാസത്തില്‍ അഭിനയിക്കുന്നു. ഷനായ കപൂറിന്റെ പാന്‍ ഇന്ത്യന്‍ അരങ്ങേറ്റം കൂടിയാണ് വൃഷഭ.

ശോഭ കപൂര്‍, ഏക്താ കപൂര്‍, സി.കെ പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൗരഭ് മിശ്ര, ജൂഹി പരേഖ് മേത്ത, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കണക്ട് മീഡിയയും ബാലാജി ടെലിഫിലിംസും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്. മലയാളത്തിലും തെലുങ്കിലും ഒരേസമയം ചിത്രീകരിച്ച ചിത്രം ഹിന്ദിയിലും കന്നഡയിലും റിലീസ് ചെയ്യും.

ചിത്രത്തില്‍ വലിയ തോതിലുള്ള യുദ്ധരംഗങ്ങളും തലമുറകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു അച്ഛന്‍-മകന്‍ ബന്ധത്തിന്റെ വൈകാരിക ബന്ധവും പറയുന്നുണ്ട്. സാം സിഎസിന്റെ സംഗീതവും അക്കാദമി അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ സൗണ്ട് ഡിസൈനുമാണ് ചിത്രത്തിന്റെ പ്രത്യേകത. സന്തോഷ് തുണ്ടിയില്‍ ക്യാമറ കൈകാര്യം ചെയ്യുന്നു, കെഎം പ്രകാശ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.

എല്‍ 2: എമ്പുരാന്‍, തുടരും, ഹൃദയപൂര്‍വ്വം എന്നീ തുടര്‍ച്ചയായ ഹിറ്റുകള്‍ക്ക് ശേഷം, മോഹന്‍ലാല്‍ ഇപ്പോള്‍ വൃഷഭ എന്ന ചിത്രത്തിലൂടെ വീണ്ടും ആരാധകരെ ആകര്‍ഷിക്കാന്‍ ഒരുങ്ങുകയാണ്. മരക്കാര്‍: അറബിക്കടലിന്റെ സിംഹം, മലൈക്കോട്ടൈ വാലിബന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സമീപ വര്‍ഷങ്ങളില്‍ പീരിയഡ് ആക്ഷന്‍ വിഭാഗത്തിലേക്കുള്ള മോഹന്‍ലാലിന്റെ മൂന്നാമത്തെ ചുവടുവയ്പ്പാണ് വൃഷഭ. വലിയ പ്രതീക്ഷകളോടെയാണ് എത്തിയതെങ്കിലും ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുന്നതില്‍ ഇവ പരാജയപ്പെട്ടു. വിഷ്ണു മഞ്ജുവിന്റെ പുരാണ ചിത്രമായ കണ്ണപ്പയിലും അദ്ദേഹം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.


Related Articles
Next Story
Share it