അലന്‍സിയര്‍ക്കൊപ്പം ബിന്നി സെബാസ്റ്റ്യനും കേന്ദ്ര കഥാപാത്രമാകുന്ന 'വേറെ ഒരു കേസ്' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ടൂറിസ്റ്റ് ഹോം, കാക്കിപ്പട പോലെയുള്ള സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ഷെബി ചൗഘട്ട് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'വേറെ ഒരു കേസ്'

അലന്‍സിയര്‍ക്കൊപ്പം ബിഗ് ബോസ് താരം ബിന്നി സെബാസ്റ്റ്യനും വിജയ് നെല്ലിസും കേന്ദ്ര കഥാപാത്രമാകുന്ന 'വേറെ ഒരു കേസ്' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് . ടൂറിസ്റ്റ് ഹോം പോലെയുള്ള പരീക്ഷണ ചിത്രങ്ങളും കാക്കിപ്പട പോലെയുള്ള സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'വേറെ ഒരു കേസ്'. അതുകൊണ്ടുതന്നെ മറ്റൊരു മികച്ച ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. സാമൂഹിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് അദ്ദേഹം വിജയാശംസകള്‍ നേര്‍ന്നു. ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒരു എക്‌സ്പിരിമെന്റല്‍ ചിത്രമായാണ് വേറെ ഒരു കേസ് അണിയറയില്‍ ഒരുങ്ങുന്നത്.

ചിത്രത്തില്‍ ബിനോജ് കുളത്തൂര്‍, അംബി പ്രദീപ്, അനുജിത്ത് കണ്ണന്‍, സുജ റോസ്, കാര്‍ത്തി ശ്രീകുമാര്‍, ബിനുദേവ്, യാസിര്‍ തുടങ്ങിയവരും ശക്തമായ വേഷങ്ങളില്‍ എത്തുന്നുണ്ട്. കുറച്ചു കാലത്തിന് ശേഷം അലന്‍സിയര്‍ കരുത്തുറ്റ കഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വേറെ ഒരു കേസിന് വേണ്ടി ശരീരഭാരം കുറച്ച അലന്‍സിയറുടെ ചിത്രങ്ങള്‍ നേരത്തെ അണിയറക്കാര്‍ പുറത്ത് വിട്ടിരുന്നു.

ഗുരുവായൂരിലെ ബാസുരി ഇന്നിന്റെ ഉടമസ്ഥന്‍ ഫുവാദ് പനങ്ങായ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സുധീര്‍ ബദര്‍, ലതീഷ്, സെന്തില്‍ കുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ്.

ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് ഹരീഷ് വി എസ് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നു. ഛായാഗ്രഹണം രജീഷ് രാമന്‍. എഡിറ്റിംഗ് അമല്‍ ജി സത്യന്‍. സംഗീതം ആന്യ മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുകന്‍. പി. ആര്‍. ഒ. ബിജിത്ത് വിജയന്‍.

Related Articles
Next Story
Share it