ബിജു മേനോനും, ജോജു ജോര്‍ജും മുഖ്യ വേഷത്തിലെത്തുന്ന ജീത്തു ജോസഫ് ചിത്രം 'വലതുവശത്തെ കള്ളന്‍'; ചിത്രീകരണം പൂര്‍ത്തിയായി
ഒരു കുറ്റാന്വേഷണ ചിത്രമാണ് 'വലതുവശത്തെ കള്ളന്‍'

ബിജു മേനോനും, ജോജു ജോര്‍ജും മുഖ്യ വേഷത്തിലെത്തുന്ന ജീത്തു ജോസഫ് ചിത്രം 'വലതുവശത്തെ കള്ളന്‍' ന്റെ ചിത്രീകരണം പൂര്‍ത്തിയായി. ദൃശ്യം 3, മിറാഷ് തുടങ്ങിയ സിനിമകള്‍ക്ക് മുന്‍പ് ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന സിനിമ എന്ന രീതിയില്‍ ചിത്രം നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കൊച്ചി, വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളില്‍ ആയിരുന്നു ചിത്രീകരണം.
ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ബഡ് സ്റ്റോറീസുമായി ചേര്‍ന്ന് ഷാജി നടേശന്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സതീഷ് കുറുപ്പാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കെറ്റിന ജിത്തു, മിഥുന്‍ എബ്രഹാം, സിനിഹോളിക്സ് സാരഥി ടോണ്‍സണ്‍, സുനില്‍ റമാഡി, പ്രശാന്ത് നായര്‍ എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലന്‍ ആണ്.
ലെന, നിരഞ്ജന അനൂപ്, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സംവിധായകന്‍ ശ്യാമ പ്രസാദ്, മനോജ്. കെ യു ലിയോണ ലിഷോയ്, കിജന്‍ രാഘവന്‍ എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങള്‍. അതീവ രഹസ്യമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിച്ചത്. സിനിമയുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോരാതെ നോക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ അങ്ങേയറ്റം ശ്രമിച്ചിട്ടുണ്ട്. ഇത്രയധികം സ്വകാര്യത കാത്തുസൂക്ഷിക്കുന്നത് കൊണ്ട് തന്നെ മുന്‍ ജീത്തു ജോസഫ് സിനിമകളിലുള്ളതുപോലെയുള്ള സസ്‌പെന്‍സും ത്രില്ലറും ഈ ചിത്രത്തിലും ഉണ്ടെന്നാണ് പ്രേക്ഷകരുടെ നിഗമനം.
ഒരു കുറ്റാന്വേഷണ ചിത്രമാണ് 'വലതുവശത്തെ കള്ളന്‍'. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റേതെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം' എന്ന ടാഗ് ലൈനോടെയാണ് 'വലതുവശത്തെ കള്ളന്‍' ടൈറ്റില്‍ ലുക്ക് പുറത്തിറങ്ങിയിരുന്നത്.
യേശുക്രിസ്തുവിനോടൊപ്പം കുരിശിലേറ്റിയ കള്ളന്മാരില്‍, വലതുവശത്ത് ഉണ്ടായിരുന്ന കള്ളന്‍ ക്രിസ്തുവിനോട് തെറ്റുകള്‍ ഏറ്റു പറഞ്ഞതായാണ് ചരിത്രം. അയാള്‍ക്ക് പിന്നീട് പറുദീസ വാഗ്ദാനമായി ലഭിച്ചതായും ബൈബിള്‍ വചനം. ബൈബിളില്‍ പ്രതിപാദിച്ച ഈ വിഷയത്തോട് സിനിമയുടെ ആശയം യോജിച്ചുകിടക്കുന്നതായും പി ആര്‍ വിഭാഗത്തില്‍ നിന്ന് ലഭിക്കുന്ന സൂചനകളില്‍ വ്യക്തമാണ്.
ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടാനിരിക്കുകയാണ് . ബേസില്‍ ജോസഫ് നായകനായെത്തിയ നുണക്കുഴിയാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം. മൈ ബോസ്, മമ്മി ആന്‍ഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമന്‍, നേര് തുടങ്ങി ഒത്തിരി ചിത്രങ്ങളും ജീത്തു ജോസഫ് സംവിധാനം ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ പകുതിയോടെ ദൃശ്യം മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
സംഗീതം-വിഷ്ണു ശ്യാം, എഡിറ്റിംഗ്- വിനായക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷബീര്‍ മലവെട്ടത്ത്, കല-പ്രശാന്ത് മാധവ്, മേക്കപ്പ്-ജയന്‍ പാങ്കുളം, വസ്ത്രാലങ്കാരം-ലിന്‍ഡ ജിത്തു, സ്റ്റില്‍സ്-സാബി ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അറഫാസ് അയൂബ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്.അന്‍പേഴും ഗംഫദ്. നമ്പ്യാര്‍, സ്ഥലം-എറണാകുളം, വാഗമണ്‍. കോ പ്രൊഡ്യൂസര്‍മാര്‍: ടോണ്‍സണ്‍, സുനില്‍ രാമാടി, പ്രശാന്ത് നായര്‍, പിആര്‍ഒ : ആതിര ദില്‍ജിത്ത്.