സൂര്യയുടെ 'കറുപ്പ്' സിനിമയുടെ റിലീസ് വൈകുന്നതിനെതിരെ വ്യാപക ട്രോളുകള്‍; ഒടിടി താരം എന്ന പരിഹാസവുമായി ആരാധകര്‍
മറ്റൊരു സൂര്യ ചിത്രമായ സൂര്യ 46ന്റെ സ്ട്രീമിങ് റൈറ്റ് നെറ്റ് ഫ്‌ലിക്‌സ് സ്വന്തമാക്കിയിട്ടുണ്ട്

കങ്കുവ, റെട്രോ എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം, ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പിന്റെ ഷൂട്ടിംഗ് സൂര്യ പൂര്‍ത്തിയാക്കി. മൂക്കുത്തി അമ്മന്‍, എല്‍.കെ.ജി തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത ആര്‍.ജെ ബാലാജിയുമായുള്ള സൂര്യയുടെ ആദ്യത്തെ സിനിമയാണ് കറുപ്പ്. ചിത്രം പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്, പക്ഷേ നിര്‍മ്മാതാക്കള്‍ ഇതുവരെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇതിനെതിരെ വ്യാപക ട്രോളുകള്‍ ഉയരുന്നുണ്ട്. തുടക്കത്തില്‍, കറുപ്പ് ദീപാവലിക്ക് റിലീസ് ചെയ്യുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അപ്ഡേറ്റുകളൊന്നും ഉണ്ടായിരുന്നില്ല.
പിന്നീട്, 2026 ലെ പൊങ്കലിന് റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അതിനും സാധ്യതയില്ലെന്നുള്ള സൂചനകളാണ് സമീപകാലത്തെ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. വിജയ് യുടെ ജന നായകനും ശിവകാര്‍ത്തികേയന്റെ പരാശക്തിയും ഇതിനകം തന്നെ പൊങ്കല്‍ റിലീസ് ചിത്രങ്ങളില്‍ സ്ഥാനം നേടിയിട്ടുണ്ട്. അടുത്ത വര്‍ഷം ഏപ്രില്‍ 14 ന് ചിത്രം റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ടുണ്ട്.
ചിത്രം റിലീസ് ചെയ്യാത്തത് ചില നെറ്റിസണ്‍മാരെ ചൊടിപ്പിച്ചിട്ടുണ്ട്, റിലീസ് മാറ്റി വയ്ക്കുന്നതിനെതിരെ അവര്‍ ഡ്രീം വാരിയര്‍ പിക്ചേഴ്സിനെതിരെ തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയാണ്. സൂര്യ തന്റെ കരിയറിലെ ഏറ്റവും മോശം ഘട്ടത്തെ നേരിടുകയാണെന്നും പ്രൊഡക്ഷന്‍ ഹൗസ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. സൂര്യയ്ക്ക് ഇപ്പോള്‍ തങ്ങളെക്കുറിച്ച് ആശങ്കയില്ലെന്നും ആരാധകര്‍ പറയുന്നു.
റിലീസിനായി അദ്ദേഹത്തിന് സമ്മര്‍ദ്ദം ചെലുത്താമായിരുന്നു. പകരം വെങ്കി അറ്റ്‌ലൂരിയുമായി ചേര്‍ന്ന് സൂര്യ തന്റെ അടുത്ത പ്രോജക്റ്റിലേക്ക് കടന്നുവെന്നും ആരാധകര്‍ പറയുന്നു. അതേസമയം, ഫെബ്രുവരി 30 ന് ആമസോണ്‍ പ്രൈമില്‍ കറുപ്പ് പ്രീമിയര്‍ ചെയ്യുമെന്ന് പരിഹസിച്ചുകൊണ്ട് മീം ക്രിയേറ്റര്‍മാരുടെ ട്രോളുകളും ഉയരുന്നുണ്ട്. OTT താരം എന്നും അവര്‍ സൂര്യയെ കളിയാക്കുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ ഉയരുന്നതിനാല്‍ അടുത്ത് തന്നെ ശരിയായ റിലീസ് തീയതി പ്രഖ്യാപിക്കാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കുമോ എന്ന് കണ്ടറിയണം.
ഒരു മുഖ്യ കഥാപാത്രമായി തൃഷയും എത്തുന്ന സിനിമയില്‍ യോഗി ബാബു, ഇന്ദ്രന്‍സ്, സ്വാസിക, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. യുവ സംഗീത സംവിധായകന്‍ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്.
മറ്റൊരു സൂര്യ ചിത്രമായ സൂര്യ 46ന്റെ സ്ട്രീമിങ് റൈറ്റ് നെറ്റ് ഫ്‌ലിക്‌സ് സ്വന്തമാക്കിയിട്ടുണ്ട്. കറുപ്പ് റിലീസ് ഡേറ്റ് പ്രഖ്യാപിക്കാത്ത സ്ഥിതിക്ക് സൂര്യ 46 ന്റെ റിലീസ് ആദ്യം ഉണ്ടാകുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്.