ടൊവിനോ തോമസിന്റെ പുതിയ ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ ചിത്രീകരണം ആരംഭിച്ചു
കയാദു ലോഹറാണ് നായികയായെത്തുന്നത്

ടൊവിനോ തോമസ് ചട്ടമ്പി വേഷത്തിലെത്തുന്ന ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ ചിത്രീകരണം ആരംഭിച്ചു. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം 1957, 58 കാലത്തെ കേരളത്തിലെ മലയോര മേഖലയിലെ കുടിയേറ്റ കര്‍ഷകരുടെ ജീവിതം പശ്ചാത്തലമാക്കിയുള്ളതാണ്.
ക്വീന്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മുന്‍ ചിത്രങ്ങളെ പോലെ തന്നെ പുതിയ ചിത്രവും വന്‍ വിജയമാകുമെന്ന പ്രതീക്ഷയിലാണ് സംവിധായകനും അണിയറക്കാരും. വേള്‍ഡ് വൈഡ് ഫിലിംസ് ഇന്ത്യയുടെ ബാനറില്‍ നൗഫല്‍, ബ്രജേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തന്‍സീര്‍ സലാമും സിസിസി ബ്രദേഴ്സുമാണ് സഹനിര്‍മ്മാതാക്കള്‍. മറ്റ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ടൊവിനോ ചട്ടമ്പി വേഷത്തില്‍ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ചിത്രത്തെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.
ദാദാ സാഹിബ് (2000), ശിക്കാര്‍ (2010), നാടന്‍ (2013), കനല് (2015), ഒരുത്തീ (2022) തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ എസ് സുരേഷ് ബാബുവാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. കാഞ്ഞാര്‍, പൈനാവ്, മൂലമറ്റം തുടങ്ങി ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.
കയാദു ലോഹറാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായെത്തുന്നത്. മറ്റ് സഹതാരങ്ങളുടെ പേര് വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. നടിയും മോഡലുമായ കയാദു ലോഹര്‍ തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ സജീവമാണ്. വിനയന് സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട്, അജയന്റെ രണ്ടാം മോഷണം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
സംഗീതം - ജേക്സ് ബിജോയ്, ഛായാഗ്രഹണം - ടിജോ ടോമി, എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്, മേക്കപ്പ് - റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈന്‍ - മഞ്ജുഷ രാധാകൃഷ്ണന്, ഫിനാന്‍സ് കണ്ട്രോളര് - അനില്‍ ആമ്പല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് - കിരണ്‍ റാഫേല്‍, റെനിത് രാജ്, സ്റ്റില്‍സ് - ഋഷ് ലാല്‍ ഉണ്ണികൃഷ്ണന്, കാസ്റ്റിംഗ് ഡയറക്ടര്‍ - ബിനോയ് നമ്പാല, ലൈന്‍ പ്രൊഡ്യൂസര്‍ - അലക്സ് ഇ കുര്യന്, പ്രൊഡക്ഷന്‍ കണ്ട്രോളര് - രാജേഷ് മേനോന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - നോബിള്‍ ജേക്കബ്, പ്രൊഡക്ഷന്‍ മാനേജേഴ്സ് -എബി കോടിയാട്ട്, ജെറി വിന്‍സന്റ്. പിആര്‍ഒ വാഴൂര്‍ ജോസ്.
L2: Empuran, അനുരാജ് മനോഹറിന്റെ നരിവേട്ട, നവാഗതയായ ശില്പ അലക്സാണ്ടറിന്റെ അവറന്, സൈജു ശ്രീധരന്റെ മുന്‍പെ, മുഹ്സിന് പരാരിയുടെ തന്ത വൈബ് എന്നിവയാണ് ടൊവിനോയുടെ അടുത്തിടെ പുറത്തിറങ്ങിയ സിനിമകള്‍.