വേറിട്ട ഗെറ്റപ്പില്‍ അര്‍ജുന്‍ അശോകന്‍; 'തലവര'യുടെ ടീസര്‍ പുറത്ത്
വെള്ളപ്പാണ്ട് ബാധിച്ച് ആത്മവിശ്വാസം നഷ്ടപ്പെട്ട പലചരക്ക് വില്‍പ്പനക്കാരനായ ജ്യോതിഷിന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടമാണ് ടീസര്‍ നല്‍കുന്നത്

അര്‍ജുന്‍ അശോകനും രേവതി ശര്‍മ്മയും പ്രധാന വേഷങ്ങളിലെത്തുന്ന 'തലവര'യുടെ ടീസര്‍ പുറത്ത്. പാലക്കാടിന്റെ തനത് സംസാരശൈലിയിലുള്ള മനോഹരമായ ടീസര്‍ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ഓഗസ്റ്റ് 15ന് ചിത്രം തിയേറ്ററുകളിലെത്തും. അതിന് മുന്നോടിയാണ് അണിയറക്കാര്‍ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.
മലയാളത്തിലെ യുവതാരനിരയില്‍ ശ്രദ്ധേയനായ അര്‍ജുന്‍ അശോകന്‍ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു ഗെറ്റപ്പിലാണ് ചിത്രത്തില്‍ എത്തുന്നത് എന്നതാണ് പ്രത്യേകത. ഒരു മിനിറ്റും നാല്‍പ്പത്തിയൊന്ന് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. വെള്ളപ്പാണ്ട് ബാധിച്ച് ആത്മവിശ്വാസം നഷ്ടപ്പെട്ട പലചരക്ക് വില്‍പ്പനക്കാരനായ ജ്യോതിഷിന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടമാണ് ടീസര്‍ നല്‍കുന്നത്. അര്‍ജുന്‍ അശോകന്‍ ആണ് ജ്യോതിഷിനെ അവതരിപ്പിക്കുന്നത്.
ഒരു തമിഴ് പെണ്‍കുട്ടിയുമായുള്ള അദ്ദേഹത്തിന്റെ പ്രണയത്തില്‍ നിന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങളും ടീസര്‍ പ്രതിപാദിക്കുന്നു. മനസിലുള്ള ഭീരുത്വവും അരക്ഷിതാവസ്ഥയും ഉപേക്ഷിക്കാന്‍ അദ്ദേഹത്തെ പ്രചോദിപ്പിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നേര്‍ക്കാഴ്ചകളും ടീസറില്‍ പരാമര്‍ശിക്കുന്നുണ്ട്.
മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാര്‍ മഹേഷ് നാരായണനും ഷെബിന്‍ ബക്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'തലവര' അഖില്‍ അനില്‍കുമാറാണ് സംവിധാനം ചെയ്യുന്നത്. അഖില്‍ അനില്‍കുമാര്‍ തന്നെയാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. അഖില്‍ അനില്‍കുമാറും അപ്പു അസ്ലമും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സിന്റേയും മൂവിംഗ് നരേറ്റീവ് സിന്റേയും ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ടേക്ക് ഓഫ്, സീ യു സൂണ്‍, മാലിക്ക്, അറിയിപ്പ് തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ മഹേഷ് നാരായണനും, ചാര്‍ലി, ടേക്ക് ഓഫ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, അറിയിപ്പ് തുടങ്ങിയ പ്രേക്ഷക - നിരൂപക പ്രശംസകള്‍ നേടിയ സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള ഷെബിന്‍ ബക്കറും ഒരുമിച്ചൊരുക്കുന്ന സിനിമ എന്നനിലയില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയിലാണ്.
സിനിമയിലേതായി ആദ്യം പുറത്തിറങ്ങിയ 'കണ്ട് കണ്ട് പൂചെണ്ട് തേന്‍ വണ്ട് പോലെ വന്നു നിന്ന്...' എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനവും ഇതിന് പിന്നാലെ ഇറങ്ങിയ 'ഇലകൊഴിയേ...' എന്ന് തുടങ്ങുന്ന ഗാനവും വന്‍ ഹിറ്റായിരുന്നു.
പ്രശാന്ത് മുരളി, സാം മോഹന്‍, ഹരീഷ് കുമാര്‍, സോഹന്‍ സീനുലാല്‍, ഷാജു ശ്രീധര്‍, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിന്‍ ബെന്‍സണ്‍, അശ്വത് ലാല്‍, അശോകന്‍, അഭിരാം രാധാകൃഷ്ണന്‍, ദേവദര്‍ശിനി ചേതന്‍, ശരത് സഭ, ആതിര മറിയം, അശോകന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഓഗസ്റ്റ് ഒന്നിനാണ് അര്‍ജുന്‍ അശോകന്റെ ഏറ്റവും പുതിയ ചിത്രം സുമതി വളവ് റിലീസ് ചെയ്തത്. തിയറ്ററുകളില്‍ ചിത്രം വിജയകരമായി പ്രദര്‍ശനം നടത്തിയതിന് പിന്നാലെ അണിയറക്കാര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്ഥിരീകരിച്ചു. മോഹന്‍ലാലിന്റെ തുടരും സിനിമയില്‍ അതിഥി വേഷത്തിലും അര്‍ജുന്‍ അശോകന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ഒടിടി പ്ലേ പ്രീമിയം, ജിയോ ഹോട് സ്റ്റാര്‍ എന്നിവയില്‍ സ്ട്രീമിംഗിനായി ലഭ്യമാണ്.
കോ പ്രൊഡ്യൂസര്‍: റുവായിസ് ഷെബിന്‍, ഛായാഗ്രഹണം: അനിരുദ്ധ് അനീഷ്, സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റര്‍: രാഹുല്‍ രാധാകൃഷ്ണന്‍, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, കലാസംവിധാനം: മിഥുന്‍ ചാലിശ്ശേരി, കോസ്റ്റ്യും: അക്ഷയ പ്രസന്നന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ കുര്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: റാം പാര്‍ത്ഥന്‍, സൗണ്ട് ഡിസൈന്‍: ചാള്‍സ്, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതന്‍, ഗാനരചന: മുത്തു, ടിറ്റോ പി തങ്കച്ചന്‍, ഡിഐ: ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്: പിക്‌റ്റോറിയല്‍ എഫ്.എക്‌സ്, സ്റ്റണ്ട്: മാഫിയ ശശി, മഹേഷ് മാത്യു, ഫിനാന്‍സ് കണ്‍ട്രോളര്‍: ഉദയന്‍ കപ്രശ്ശേരി, സ്റ്റില്‍സ്: അജി മസ്‌കറ്റ്, ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.