പ്രസ് മീറ്റിനിടെ ശരീര ഭാരത്തെക്കുറിച്ചുള്ള യൂട്യൂബറുടെ ലൈംഗികാതിക്രമ ചോദ്യത്തിന് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കി നടി ഗൗരി കിഷന്‍

സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കാതെ മന:പൂര്‍വം ബോഡി ഷെയ്മിങ്ങ് നടത്തുന്നുവെന്ന് താരം

പ്രസ് മീറ്റിനിടെ ശരീര ഭാരത്തെക്കുറിച്ചുള്ള യൂട്യൂബറുടെ ലൈംഗികാതിക്രമ ചോദ്യത്തിന് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കി തമിഴ് നടി ഗൗരി കിഷന്‍. വ്യാഴാഴ്ച ചെന്നൈയില്‍ നടന്ന 'അദേഴ്‌സ്' എന്ന സിനിമയുടെ വാര്‍ത്താസമ്മേളനത്തിനിടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ചിത്രത്തിലെ ഗാനരംഗത്തില്‍ നായകന്‍ ആദിത്യ മാധവന്‍ ഗൗരിയെ എടുത്തുയര്‍ത്തുന്ന രംഗമുണ്ട്. ഈ സീന്‍ ചെയ്തപ്പോള്‍ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് യൂട്യൂബര്‍ നായകനോട് ചോദിച്ചത്. ഇത് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡിഷെയ്മിങ് ചോദ്യമാണെന്നും നടി തിരിച്ച് മറുപടി നല്‍കി. മാത്രവുമല്ല താങ്കള്‍ ഇപ്പോള്‍ ചെയ്യുന്നത് ജേര്‍ണലിസമല്ലെന്നും നടി യൂട്യൂബറോട് പറയുന്നുണ്ട്. ആദ്യഘട്ടത്തില്‍ പ്രതികരിക്കാന്‍ സാധിക്കാതിരുന്ന ഗൗരി, പിന്നീട് നടന്ന പ്രീ - റിലീസ് അഭിമുഖത്തില്‍ തനിക്ക് ചോദ്യം അസ്വസ്ഥത ഉണ്ടാക്കിയെന്ന് തുറന്നുപറഞ്ഞു.

സംഭവം നടക്കുമ്പോള്‍ സിനിമയുടെ സംവിധായകനും മറ്റ് അണിയറപ്രവര്‍ത്തകരും ഉണ്ടായിരുന്നു. എന്നാല്‍ അവരൊന്നും താരത്തെ അനുകൂലിച്ച് സംസാരിക്കാന്‍ കൂട്ടാക്കിയില്ല. ബോഡി ഷെയ്മിംഗ് നടത്തിയതിന് യൂട്യൂബര്‍ മാപ്പ് പറയണമെന്ന് താരം ആവശ്യപ്പെട്ടപ്പോള്‍ അതിന് താന്‍ എന്ത് തെറ്റ് ചെയ്തുവെന്നും എല്ലാവരും ചോദിക്കുന്ന ചോദ്യം തന്നെയല്ലേ ഞാന്‍ ചോദിച്ചത് എന്നുമായിരുന്നു യൂട്യൂബറുടെ പ്രതികരണം.

രസകരമായ ചോദ്യമായാണ് ഇക്കാര്യം ചോദിച്ചതെന്ന് യൂട്യൂബര്‍ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും ഗൗരി അത് തള്ളിക്കളഞ്ഞു. 'നിങ്ങള്‍ ഹീറോയോട് ചോദിച്ചു, നായികയെ നിങ്ങള്‍ എടുത്തുയര്‍ത്തി, അവര്‍ക്ക് എത്ര ഭാരം ഉണ്ടാകുമെന്ന്. എനിക്കത് തമാശയായി തോന്നിയില്ല. ബോഡി ഷെയ്മിങ് സാധാരണവല്‍ക്കരിക്കുന്നത് നിര്‍ത്തുക. ഇത് എന്നെക്കുറിച്ചുള്ള ചോദ്യമാണ്, എനിക്കിതില്‍ അഭിപ്രായം പറയാന്‍ അവകാശമുണ്ട്, വിഡ്ഢിത്തം നിറഞ്ഞ ചോദ്യം കൂടിയാണത്. ഇവിടെ ആകെയുള്ള സ്ത്രീ ഞാന്‍ മാത്രമാണ്. ഇദ്ദേഹം ഇവിടെ ഇത്രയും ബഹളം വയ്ക്കുന്നു. കൂട്ടമായി ആക്രമിക്കുന്നതുപോലെ തോന്നുന്നു. യാതൊരു ബഹുമാനവും തരാതെ വെറുതെ തര്‍ക്കിക്കുകയാണ്.

അന്ന് ഇദ്ദേഹം ഇതേ ചോദ്യം ചോദിച്ചപ്പോള്‍ ഞാന്‍ ഒന്നും മിണ്ടിയില്ല, നിങ്ങള്‍ക്കൊരു ബഹുമാനം തന്നു. ആ ചോദ്യം എന്റെ മനസ്സിലേക്ക് എടുക്കാന്‍ തന്നെ കുറച്ച് സമയമെടുത്തു. പക്ഷേ എന്നെ ആ ചോദ്യം പിന്നീട് മാനസികമായി ബാധിച്ചു. എല്ലാ സ്ത്രീകള്‍ക്കും വേറിട്ട ശരീരപ്രകൃതിയായിരിക്കും. എനിക്ക് ഹോര്‍മോണല്‍ പ്രശ്നമുണ്ട്. ഇതു ബോഡി ഷെയ്മിങ് ആണ്, അത് തെറ്റാണ്. ഇക്കാര്യത്തില്‍ ഞാനല്ല നിങ്ങളാണ് മാപ്പ് പറയേണ്ടത്.

ഞാന്‍ വണ്ണം വച്ചിരിക്കുകയായിരിക്കും, 80 കിലോ ഉണ്ടാകും, അതെന്റെ തീരുമാനമാണ്. എന്റെ കഴിവ് ആണ് സംസാരിക്കപ്പെടുന്നത്, അതിന് നിങ്ങളുടെ ഔദാര്യം വേണ്ട. എന്നെ നിശബ്ദയാക്കാന്‍ ശ്രമിക്കുകയാണ്. ഒരു ഹീറോയോട് അയാളുടെ ശരീര ഭാരം എന്താണെന്ന് ചോദിക്കുമോ? മാത്രമല്ല സിനിമയെക്കുറിച്ചോ എന്റെ കഥാപാത്രത്തെക്കുറിച്ചോ ഒരു ചോദ്യം പോലും എന്നോടു ചോദിച്ചില്ല. അവര്‍ക്ക് അറിയേണ്ടത് എന്റെ ശരീരഭാരത്തെക്കുറിച്ച് മാത്രമായിരുന്നു' എന്നും ഗൗരി പറയുന്നു.

ആരാധകരും സഹപ്രവര്‍ത്തകരും ഗൗരിയെ പിന്തുണയ്ക്കുന്നു

ഇത്തരത്തിലുള്ള ഒരു വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷം ആരാധകരില്‍ നിന്നും സിനിമ സഹപ്രവര്‍ത്തകരില്‍ നിന്നും താരത്തെ പിന്തുണച്ച് ഒരുപാട് പേര്‍ രംഗത്തെത്തി. ഇത്തരം ചോദ്യങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കിയ ഗൗരിക്കു നിറഞ്ഞ കയ്യടിയാണ് സോഷ്യല്‍ മീഡിയില്‍ ലഭിക്കുന്നത്. പ്രസ് മീറ്റില്‍ നടിയ്ക്ക് നേരെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ട ആക്രമം ഉണ്ടായിട്ടും നടിയെ പിന്തുണയ്ക്കാതിരുന്ന സംവിധയകനും നായകനും നേരെ വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

26 കാരിയായ ഗൗരി കിഷന്‍ മലയാളം, തമിഴ് സിനിമകളിലെ അഭിനയത്തിലൂടെയാണ് അറിയപ്പെടുന്നത്. 18-ാം വയസ്സില്‍ കര്‍ണ്ണന്‍, ഉലഗമ്മൈ, ബോട്ട് തുടങ്ങിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് 96-ല്‍ തൃഷയുടെ കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ട് അഭിനയരംഗത്തേക്ക് പ്രവേശിച്ചു. പുതിയ ചിത്രം 'അദേഴ്‌സ്' നവംബര്‍ 7 ന് പ്രദര്‍ശനത്തിനെത്തി. പ്രദീപ് രംഗനാഥന്‍, എസ്.ജെ. സൂര്യ, കൃതി ഷെട്ടി എന്നിവര്‍ക്കൊപ്പം ലവ് ഇന്‍ഷുറന്‍സ് കമ്പനിയിലാണ് അവര്‍ അടുത്തതായി അഭിനയിക്കുന്നത്. ഡിസംബര്‍ 18 ന് ചിത്രം റിലീസ് ചെയ്യുന്നു.


Related Articles
Next Story
Share it