പ്രേക്ഷകരുടെ ഇഷ്ട ജോഡികളായ ഷൈന്‍ ടോം ചാക്കോയും ഹന്ന റെജി കോശിയും വീണ്ടും ഒന്നിക്കുന്നു

പ്രിയദര്‍ശന്റെ കൊറോണ പേപ്പേഴ്സ് എന്ന തമിഴ് ചിത്രത്തിലാണ് നേരത്തെ ഇരുവരും ഒരുമിച്ച് അഭിനയിച്ചത്

ഗോവിന്ദ് വിജയന്‍ തിരക്കഥയെഴുതി ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായ ഷൈന്‍ ടോം ചാക്കോയും ഹന്ന റെജി കോശിയും വീണ്ടും ഒന്നിക്കുന്നു. പ്രിയദര്‍ശന്‍-ഷെയ്ന്‍ നിഗം കൂട്ടുകെട്ടില്‍ 2023-ല്‍ പുറത്തിറങ്ങിയ കൊറോണ പേപ്പേഴ്സ് എന്ന തമിഴ് ചിത്രത്തിലാണ് നേരത്തെ ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. 8 തോട്ടയ്ക്കല്‍ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് ഇത്. ഷൈന്‍ ടോം ചാക്കോ- ഹന്ന റെജി ജോഷി ജോഡിയെ തനിക്ക് ഏറെ ഇഷ്ടമാണെന്ന് സിനിമയുടെ ചിത്രീകരണ സമയത്ത് പ്രിയദര്‍ശന്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ പ്രോജക്റ്റ് എന്‍വിപി ക്രിയേഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ഷഫീഖ് ആണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം 2026 ജനുവരിയില്‍ ആരംഭിക്കുമെന്നും കോഴിക്കോടും കുട്ടനാടും ആയിരിക്കും പ്രധാന ലൊക്കേഷനുകളെന്നും അണിയറക്കാര്‍ വ്യക്തമാക്കി. എല്‍ബന്‍ കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സുജിത് രാഘവ് കലാസംവിധാനം നിര്‍വഹിക്കും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് അത്തോളി, മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊമോഷന്‍സ് മാക്‌സോ ക്രിയേറ്റീവ്, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്. ചിത്രത്തിന്റെ കഥയെ കുറിച്ചോ മറ്റ് അഭിനേതാക്കളെ കുറിച്ചോ, സാങ്കേതിക പ്രവര്‍ത്തകരെ കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ടോം ഇമ്മട്ടിയുടെ പെരുന്നാള്‍, അജയ് ദേവലോകത്തിന്റെ ഹുസൈന്റെ ഓള്, വി കെ പ്രകാശിന്റെ ബാംഗ്ലൂര്‍ ഹൈ, എജെ വര്‍ഗീസിന്റെ ആദിനാശം വെള്ളപ്പൊക്കം, സുജിത്ത് എസ് നായരുടെ അങ്കം അട്ടഹാസം എന്നിവയാണ് ഷൈന്‍ ചാക്കോയുടെ പുറത്തുവരാനിരിക്കുന്ന ചിത്രം.

ഒരു റൊണാള്‍ഡോ ചിത്രത്തില്‍ അവസാനമായി കണ്ട ഹന്ന, ആസിഫ് അലിയും അപര്‍ണ ബാലമുരളിയും ചേര്‍ന്ന് അഭിനയിച്ച ജിത്തു ജോസഫിന്റെ മിറാഷ്, നീലേഷ് ഇ കെയുടെ മുഖങ്ങള്‍ എന്നീ ചിത്രങ്ങളിലും വേഷമിട്ടിരുന്നു.

Related Articles
Next Story
Share it