പൃഥ്വിരാജ് വീണ്ടും ബോളിവുഡില്‍; 'സര്‍സമീന്റെ' അനൗണ്‍സ് മെന്റ് വീഡിയോ പുറത്ത്

പൃഥ്വിയുടേയും കാജോളിന്റേയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതാണ് വീഡിയോ

പൃഥ്വിരാജ് സുകുമാരന്‍, കാജോള്‍, ഇബ്രാഹിം അലി ഖാന്‍ എന്നിവര്‍ ഒന്നിക്കുന്ന ബോളിവുഡ് ചിത്രം 'സര്‍സമീന്‍' ജൂലൈ 25 ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഒരു ടീസറിലൂടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പൃഥ്വിയുടേയും കാജോളിന്റേയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതാണ് വീഡിയോ. ഒപ്പം ചിത്രത്തില്‍ വില്ലനായി എത്തുന്ന ഇബ്രാഹിം അലി ഖാന്റെ ലുക്കും വീഡിയോയിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.

ടീസറില്‍ പൃഥ്വിരാജ് സുകുമാരന്‍ ഒരു പട്ടാളക്കാരന്റെ വേഷത്തിലാണ് എത്തുന്നത്. കാജോള്‍ അദ്ദേഹത്തിന്റെ ഭാര്യയായുെ എത്തുന്നു. ഇബ്രാഹിം അലി ഖാന്‍ ആകട്ടെ ഒരു തീവ്രവാദിയുടെ വേഷത്തിലാണ് എത്തുന്നത്. 'നദാനിയാന്‍' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ച താരം വരാനിരിക്കുന്ന ചിത്രത്തില്‍ ആരാധകരെ ഏറെ കൗതുകപ്പെടുത്തുമെന്നാണ് അണിയറക്കാര്‍ പറയുന്നത്. സെയ്ഫ് അലിഖാന്റെ മകന്‍ കൂടിയാണ് ഇബ്രാഹിം. കശ്മീരിലെ തീവ്രവാദത്തിനെതിരെ പോരാടാനുള്ള ഒരു സൈനിക ഉദ്യോഗസ്ഥന്റെ അക്ഷീണ ദൗത്യത്തെക്കുറിച്ചുള്ള കഥയാണ് 'സര്‍സമീന്‍' പറയുന്നത്.

'ജന്മനാടിന്റെ സുരക്ഷയേക്കാള്‍ വലുതായി ഒന്നുമില്ല' എന്ന പൃഥ്വിരാജിന്റെ ഡയലോഗും വീഡിയോയിലുണ്ട്. ചിത്രമൊരു ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നാണ് ടീസറിലൂടെ വ്യക്തമാകുന്നത്. കയോസ് ഇറാനി സംവിധാനം ചെയ്യുന്ന ചിത്രം ധര്‍മ്മ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മിക്കുന്നത്. ബഡേ മിയാന്‍ ഛോട്ടെ മിയാന്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ഹിന്ദി ചിത്രമാണ് സര്‍സമീന്‍. അതേസമയം കാജോള്‍ നായികയായ 'മാ' കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്.

Related Articles
Next Story
Share it