കാന്താര ചാപ്റ്റര്‍ 1 ല്‍ കനകവതിയായി രുക്മിണി വസന്ത്; ആദ്യ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
കൊട്ടാരത്തിന്റെ പശ്ചാത്തലത്തില്‍ പരമ്പരാഗത ആഭരണങ്ങളാലും രാജകീയ വേഷഭൂഷണങ്ങളാലും തിളങ്ങുന്ന രുക്മിണിയുടെ കഥാപാത്രം, ചിത്രത്തിന്റെ കഥാപശ്ചാത്തലം വ്യക്തമാക്കുന്നു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കാന്താര: ചാപ്റ്റര്‍ 1'. ഋഷഭ് ഷെട്ടി നായകനായ കാന്താരയുടെ ആദ്യഭാഗം സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഓരോ അപ് ഡേറ്റുകള്‍ക്കുമായി പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ കാന്താരയുടെ ആദ്യ കാരക്ടര്‍ പോസ്റ്റര്‍ ആണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. വെള്ളിയാഴ്ച സോഷ്യല്‍ മീഡിയയിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.
ചിത്രത്തില്‍ കനകവതി എന്ന വേഷം അവതരിപ്പിക്കുന്ന നടി രുക്മിണി വസന്തിന്റെ കാരക്ടര്‍ പോസ്റ്റര്‍ ആണ് ഹോംബലെ ഫിലിംസ് പുറത്തുവിട്ടത്. കൊട്ടാരത്തിന്റെ പശ്ചാത്തലത്തില്‍ പരമ്പരാഗത ആഭരണങ്ങളാലും രാജകീയ വേഷഭൂഷണങ്ങളാലും തിളങ്ങുന്ന രുക്മിണിയുടെ പുഞ്ചിരിക്കുന്ന കഥാപാത്രം, ചിത്രത്തിന്റെ കാലഘട്ടവും കഥാപശ്ചാത്തലവും വ്യക്തമാക്കുന്നു. പച്ചയും ചുവപ്പും നിറത്തിലുള്ള സാരിയാണ് ധരിച്ചിരിക്കുന്നത്. എക്‌സ് പോസ്റ്റിലൂടെ നടന്‍ ഋഷഭ് ഷെട്ടിയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ രുക്മിണിയെ പരിചയപ്പെടുത്തിയത്.
2019 ല്‍ 'ബിര്‍ബല്‍ ട്രൈലോജി' എന്ന ചിത്രത്തിലൂടെയാണ് രുക്മിണി വസന്ത് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം വിജയ് സേതുപതിയോടൊപ്പം 'സപ്ത സാഗര്‍ദാച്ചെ എല്ലോ', 'അപ്സ്റ്റാര്‍ട്ട്‌സ്', 'ഏസ്' എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
നിര്‍മ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ചിരുന്നു. '#KantaraChapter1 നമ്മുടെ സംസ്‌കാരത്തില്‍ ആഴത്തില്‍ വേരൂന്നിയ ഒരു ദിവ്യ യാത്രയാണ്, അചഞ്ചലമായ സമര്‍പ്പണം, അക്ഷീണമായ കഠിനാധ്വാനം, അവിശ്വസനീയമായ ടീം സ്പിരിറ്റ് എന്നിവയാല്‍ ചിത്രം പൂര്‍ണമായിരിക്കുന്നു. ഒക്ടോബര്‍ 2 ന് ലോകമെമ്പാടുമുള്ള ബിഗ് സ്‌ക്രീനുകളില്‍ ഈ ഐതിഹാസിക ചിത്രം പ്രദര്‍ശനത്തിനെത്തുന്നു എന്നാണ് പോസ്റ്റില്‍ പറഞ്ഞിരുന്നത്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, ഇംഗ്ലിഷ് തുടങ്ങി ഏഴ് ഭാഷകളില്‍ ഒരുമിച്ചാകും റിലീസ്.
'കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍' എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്. റിഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത കാന്താരയില്‍ റിഷഭ് അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ പിതാവിന്റെ കഥയായിരിക്കും വരാനിരിക്കുന്ന ചിത്രമെന്നാണ് റിപ്പോര്‍ട്ട്. അനിരുദ്ധ് മഹേഷ്, ഷാനില്‍ ഗുരു എന്നിവരാണ് സഹ എഴുത്തുകാര്‍.
ഛായാഗ്രഹം അരവിന്ദ് എസ്. കശ്യപ്. സംഗീതം ബി. അജനീഷ് ലോക് നാഥ്. പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍. 2022 ല്‍ ഇറങ്ങിയ ആദ്യ ഭാഗം 16 കോടി ബജറ്റിലാണ് ഒരുങ്ങിയതെങ്കില്‍ രണ്ടാം ഭാഗം മൂന്നിരട്ടി ബജറ്റിലാണ് ഒരുങ്ങുന്നത്. തെന്നിന്ത്യന്‍ സിനിമയായി റിലീസ് ചെയ്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെ ചലനമുണ്ടാക്കിയ ചിത്രമാണ് കാന്താര. പ്രായഭേദമെന്യേ സിനിമ ആസ്വാദകരെ ചിത്രം ആകര്‍ഷിച്ചു. ഫാന്റസിയും മിത്തും കൊണ്ട് മികച്ച കാഴ്ചാനുഭവം സൃഷ്ടിച്ച കാന്താര ബ്ലോക് ബസ്റ്റര്‍ ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. 'Kantara' എന്ന ചിത്രത്തിലൂടെ ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.കാന്താര ചാപ്റ്റര്‍ 1 ല്‍ കനകവതിയായി രുക്മിണി വസന്ത്; ആദ്യ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്