എമ്പുരാനൊപ്പം മത്സരിക്കാന്‍ ഭാവനയുടെ 'ദി ഡോര്‍'; റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: പന്ത്രണ്ട് വര്‍ഷത്തിനുശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് 'ദി ഡോര്‍'. സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് 'യുഎ' സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഭാവനയുടെ സഹോദരന്‍ ജയ്ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറില്‍ ഭര്‍ത്താവ് നവീന്‍ രാജന്‍ ആണ് നിര്‍മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഗണേഷ് വെങ്കിട്ടരാമന്‍, ജയപ്രകാശ്, ശിവരഞ്ജനി, നന്ദകുമാര്‍, ഗിരീഷ്, പാണ്ടി രവി, സംഗീത, സിന്ധൂരി, പ്രിയ വെങ്കട്ട്, രമേഷ് അറുമുഖം, കപില്‍, ബൈരി വിഷ്ണു, റോഷ്നി, സിതിക്, വിനോലിയ തുടങ്ങിയവരും അണിനിരക്കുന്നു.
12 വര്‍ഷങ്ങള്‍ക്ക് മുമ്പ് അജിത്തിനൊപ്പം അഭിനയിച്ച 'ആസല്‍' ആണ് ഭാവനയുടെ അവസാന തമിഴ് ചിത്രം. ഹൊറര്‍ ചിത്രമായ 'ഹണ്ട്' ആണ് മലയാളത്തില്‍ ഭാവന ഒടുവില്‍ അഭിനയിച്ചത്.
തമിഴില്‍ റിലീസിന് ഒരുങ്ങുന്ന സിനിമ ആദ്യ ഘട്ടത്തിന് ശേഷം മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസിന് എത്തുമെന്ന് സംവിധായകന്‍ അറിയിച്ചു. ചിത്രത്തില്‍ ഭാവന ഒരു ആര്‍ക്കിടെക്റ്റായാണ് എത്തുന്നത്. ഗണേഷ് വെങ്കിട്ടറാം ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലും എത്തുന്നു.
തമിഴ് റിലീസായി മാര്‍ച്ച് 28ന് എത്തുന്ന ഈ ആക്ഷന്‍ ഹൊറര്‍ ത്രില്ലര്‍, സഫയര്‍ സ്റ്റുഡിയോസ് ആണ് തിയേറ്ററില്‍ എത്തിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതവും സംഗീതം വരുണ്‍ ഉണ്ണിയും ആണ് ഒരുക്കുന്നത്.
എഡിറ്റിംഗ്: അതുല്‍ വിജയ്, കലാസംവിധാനം: കാര്‍ത്തിക് ചിന്നുഡയ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശിവ ചന്ദ്രന്‍, ആക്ഷന്‍: മെട്രോ മഹേഷ്, കോസ്റ്റ്യുംസ്: വെണ്‍മതി കാര്‍ത്തി, ഡിസൈന്‍സ്: തന്‍ഡോറ, പി.ആര്‍.ഓ (കേരള): പി.ശിവപ്രസാദ്.