'എല്ലാം ഓകെ അല്ലേ അണ്ണാ' : ആന്റണിക്ക് പിന്തുണയുമായി പൃഥ്വിരാജ്

നിര്‍മ്മാതാവ് ജി സുരേഷ് കുമാറിന്റെ പ്രസ്താവനകളെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയ നിര്‍മാതാവും നടനുമായ ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് നടന്‍ പൃഥ്വിരാജ്. ആന്റണി പെരുമ്പാവൂര്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ്, എല്ലാം ഓകെ അല്ലേ അണ്ണാ എന്ന തലക്കെട്ടോടെയാണ് പൃഥ്വിരാജ് ഷെയര്‍ ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനെ സംബന്ധിച്ച് സുരേഷ് കുമാര്‍ നടത്തിയ പ്രസ്താവനകളെയും ആന്റണി പെരുമ്പാവൂര്‍ തള്ളിക്കളഞ്ഞിരുന്നു.

ആന്റണി പെരുമ്പാവൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

'ആശിര്‍വാദ് സിനിമാസിന്റെ എംപുരാന്‍ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയില്‍ പരസ്യചര്‍ച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ്? എന്റെ സിനിമകളുടെ ബജറ്റിനെപ്പറ്റിയോ കളക്ഷനെപ്പറ്റിയോ ഒരിക്കലും ഞാന്‍ പരസ്യമായി സംസാരിച്ചിട്ടില്ല; എന്റെ ബിസിനസുകളെക്കുറിച്ചും. ആ നിലയ്ക്ക് എന്താവേശത്തിലും വികാരത്തിലുമാണ് അദ്ദേഹം ഇങ്ങനെ പബ്ളിക്കായി സംസാരിച്ചത് എന്നും, ഇതൊക്കെ അദ്ദേഹം വ്യവസായത്തെ നന്നാക്കാന്‍ പറഞ്ഞതാണോ നെഗറ്റീവാക്കി പറഞ്ഞതാണോ എന്നുും സത്യസന്ധമായി പറഞ്ഞാല്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല.'

'എംപുരാനെപ്പറ്റി പറയുകയാണെങ്കില്‍, വന്‍ മുടക്കുമതലില്‍ നിര്‍മ്മിക്കപ്പെട്ട കെ ജി എഫ് പോലൊരു സിനിമ ദേശഭാഷാതിരുകള്‍ക്കപ്പുറം മഹാവിജയം നേടിയതിയതോടെ കന്നഡ ഭാഷാസിനിമയ്ക്കു തന്നെ അഖിലേന്ത്യാതലത്തില്‍ കൈവന്ന പ്രാമാണ്യത്തെപ്പറ്റി നമുക്കെല്ലാമറിയാം. അത്തരത്തിലൊരു വിജയം ഇന്നേവരെ ഒരു മലയാള ചിത്രത്തിനും സാധ്യമായിട്ടില്ല. അത്തരത്തിലൊരു ബഹുഭാഷാ വിജയം സ്വപ്നം കണ്ടുകൊണ്ടാണ് ആശിര്‍വാദിന്റെ പരിശ്രമം എന്നതില്‍ അഭിമാനിക്കുന്നയാളാണ് ഞാന്‍. അതു ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടുവര്‍ഷമായി അത്രമേല്‍ അര്‍പണബോധത്തോടെ പ്രവര്‍ത്തിക്കുകയാണ് അതിന്റെ സംവിധായകനടക്കമുള്ള പിന്നണിപ്രവര്‍ത്തകര്‍. ലാല്‍സാറിനെപ്പോലൊരു മഹാനടനും ഇക്കാലമത്രയും അതുമായി സഹകരിച്ചുപോരുന്നുണ്ട്.ലൈക പോലൊരു വന്‍ നിര്‍മ്മാണസ്ഥാപനവുമായി സഹകരിച്ചാണ് ഞങ്ങളീ സ്വപ്നം മുന്നോട്ടു കൊണ്ടുപോകുന്നത്',

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it