PRITHVIRAJ | നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന 'ഐ നോബഡി' എന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് വീണ്ടും ക്യാമറക്ക് മുന്നിലേക്ക്

യുവതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഐ നോബഡി എന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് വീണ്ടും ക്യാമറക്ക് മുന്നിലേക്ക്. പ്രേക്ഷകപ്രീതി നേടിയ കെട്ട്യോളാണ് എന്റെ മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

വിവാദങ്ങള്‍ക്കിടയിലും എമ്പുരാന്‍ തിയറ്ററുകളില്‍ മികച്ച പ്രദര്‍ശന വിജയം നേടുന്നതിനിടെയാണ് പൃഥ്വിരാജ് സുകുമാരന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന പേരിടാത്ത പുതിയ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാണ് പൃഥ്വിരാജ് എമ്പുരാന്റെ പ്രൊമോഷണല്‍ പരിപാടികളിലേക്ക് എത്തിയത്. അതിന് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു ചിത്രത്തില്‍ കൂടി അഭിനയിക്കുന്നത്.

സിനിമയുടെ ചിത്രീകരണം ഈ മാസം 9 ന് കൊച്ചിയില്‍ തുടങ്ങും. അനിമല്‍ സിനിമയ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയ ഹര്‍ഷ് വര്‍ധന്‍ രാമേശ്വര്‍ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്ന് അണിയറക്കാര്‍ പറഞ്ഞു.

റോഷാക്കിന്റെ രചയിതാവ് ആയിരുന്ന സമീര്‍ അബ്ദുള്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ഇ 4 എന്റര്‍ടെയ് ന്‍മെന്റ് എന്നീ ബാനറുകളില്‍ സുപ്രിയ മേനോന്‍, മുകേഷ് ആര്‍ മെഹ് ത, സി വി സാരഥി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

നിര്‍മ്മാതാവ് എന്നതിനേക്കാള്‍ അഭിനേതാവ് എന്ന നിലയില്‍ തന്നെ ആവേശം കൊള്ളിക്കുന്ന ചിത്രമാണിതെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. 'പരിചിതമായ ജോണറിനെ പുതിയ രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന സിനിമയാണ് ഇത്'- എന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

ചിത്രത്തിന്റെ ജോണറിനെക്കുറിച്ച് സംവിധായകന്റെയും എഴുത്തുകാരന്റെയും വാക്കുകള്‍:

ഇതില്‍ എല്ലാം ഉണ്ട്. ത്രില്ലര്‍ ആണ്, കുറച്ച് ഫാലിമി ഡ്രാമ, കുറച്ച് ഹെയ് സ്റ്റ്, ആക്ഷന്‍, സാമൂഹ്യ രാഷ്ട്രീയ മാനം എല്ലാമുണ്ട്- എന്നായിരുന്നു നിസാം ബഷീര്‍ പറഞ്ഞത്.

'റോഷാക്കുമായി ഒരു സാമ്യവുമില്ലാത്ത വിഷയമാണ്. പ്രധാനമായും സോഷ്യോ പൊളിറ്റിക്കല്‍ ചിത്രമാണ്. ഡാര്‍ക് ഹ്യൂമര്‍ കൊണ്ടുവരാനും ശ്രമിച്ചിട്ടുണ്ട്'- എന്നാണ് സമീര്‍ അബ്ദുള്‍ പറഞ്ഞത്.

Related Articles
Next Story
Share it