16 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ പാട്രിയറ്റ് , ടീസര്‍ പുറത്തിറങ്ങി

ചാരവൃത്തി, ആക്ഷന്‍, ദേശസ്‌നേഹം എന്നിവ ഇടകലര്‍ന്ന ഒരു സിനിമാറ്റിക് കാഴ്ചയായിരിക്കും ഇതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന

പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും 16 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന പാട്രിയറ്റിന്റെ ടീസര്‍ വ്യാഴാഴ്ച പുറത്തിറങ്ങി. ബോളിവുഡ് താരം സല്‍മാന്‍ ഖാനും കമല്‍ ഹാസനും അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പാട്രിയറ്റിന്റെ ടീസര്‍ പങ്കിട്ടു. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഇത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിച്ചത്.

ചാരവൃത്തി, ആക്ഷന്‍, ദേശസ്‌നേഹം എന്നിവ ഇടകലര്‍ന്ന ഒരു സിനിമാറ്റിക് കാഴ്ചയായിരിക്കും ഇതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സുഷിന്‍ ശ്യാമിന്റെ പശ്ചാത്താലസംഗീതം സമ്മാനിക്കുന്ന പിരിമുറുക്കം ടീസറില്‍ ഉടനീളം അനുഭവിക്കാം. അന്‍പതോളം സിനിമകളില്‍ ഒന്നിച്ചു പ്രത്യക്ഷപ്പെട്ട താര രാജാക്കന്മാര്‍ അവസാനം ഒന്നിച്ചെത്തിയത് 2013ല്‍ പുറത്തിറങ്ങിയ കടല്‍ കടന്നൊരു മാത്തുക്കുട്ടിയിലാണ്.

തീ പാറുന്ന ഡയലോഗുകളും ആകാംക്ഷ നിറയ്ക്കുന്ന ട്വിസ്റ്റുകളുമായി മമ്മൂട്ടിയും മോഹന്‍ലാലും കളം നിറയുമ്പോള്‍ ഒപ്പത്തിനൊപ്പം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയന്‍താരയും രേവതിയുമുണ്ട്. എല്ലാവരും ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. ചാരവൃത്തി ആരോപണം നേരിടുന്ന വിരമിച്ച ജെഎജി ഓഫീസറെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. മമ്മൂട്ടിയാണ് ഐ ജി ഓഫീസറായി എത്തുന്നത്. ഒരു സായുധ സേനാ പ്രവര്‍ത്തകന്റെ വേഷത്തില്‍ മോഹന്‍ലാലും എത്തുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെ ബിഗ് സ്‌ക്രീനിലേക്കുള്ള ഔദ്യോഗിക തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. ചൊവ്വാഴ്ച അദ്ദേഹം ഹൈദരാബാദിലെത്തി ചിത്രീകരണത്തില്‍ വീണ്ടും സജീവമായി.

ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും സിനിമ പുറത്തിറങ്ങുന്നുണ്ട്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദനാണ്. രാജ്യാന്തര സ്‌പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്നുണ്ട് ചിത്രത്തിലെ ദൃശ്യങ്ങള്‍.

ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെയാണ്. ശ്രീലങ്ക, അസര്‍ബൈജാന്‍, ഡല്‍ഹി, ഷാര്‍ജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. കൊച്ചിയിലും യുകെയിലും ചിത്രത്തിന് ചിത്രീകരണം ബാക്കിയുണ്ട്.

ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദീഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തിയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുക. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവര്‍സീസ് പാര്‍ട്ണര്‍.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സി ആര്‍ സലിം പ്രൊഡക്ഷന്‍സ്, ബ്ലൂ ടൈഗേഴ്‌സ് ലണ്ടന്‍ എന്നീ ബാനറുകളില്‍ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

Related Articles
Next Story
Share it