'ബേബി ഗേളി'ല്‍ ജോയിന്‍ ചെയ്ത് നടന്‍ നിവിന്‍ പോളി; സെറ്റിലേക്ക് സ്വീകരിച്ചത് ചെണ്ടമേളവും പടക്കവും പൊട്ടിച്ച്; കളിയാക്കിയതാണോ എന്ന് താരം

ബേബി ഗേള്‍ ആയി എത്തുന്നത് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യശോദരന്റെ 15 ദിവസം മാത്രം പ്രായമായ രുദ്ര എന്ന പെണ്‍കുട്ടി

നിവിന്‍ പോളി -ലിസ്റ്റിന്‍ സ്റ്റീഫന്‍-അരുണ്‍ വര്‍മ -ബോബി സഞ്ജയ് ടീം ഒരുമിക്കുന്ന ചിത്രം ബേബി ഗേളിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. തിരുവനന്തപുരവും കൊച്ചിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍സ്.

ചിത്രത്തിന്റെ സെറ്റില്‍ നടന്‍ നിവിന്‍ പോളി ജോയിന്‍ ചെയ്തു. ചെണ്ടമേളവും പടക്കവുമൊക്കെ പൊട്ടിച്ചായിരുന്നു താരത്തെ സംവിധായകനും അണിയറക്കാരും സെറ്റിലേക്ക് സ്വീകരിച്ചത്. ഇത് കണ്ട് തന്റെ ആകാംക്ഷ താരം പരസ്യമായി പ്രകടമാക്കുകയും ചെയ്തു. ഇതാദ്യമായാണ് ഒരു സിനിമയുടെ സെറ്റില്‍ തനിക്ക് ഇങ്ങനെയൊരു സ്വീകരണം ലഭിക്കുന്നതെന്നും കളിയാക്കിയതാണോ എന്നും താരം ചോദിച്ചു.

'സിനിമയുടെ സെറ്റില്‍ ഇന്നു ജോയിന്‍ ചെയ്യുകയാണ്. ആദ്യമായാണ് ഇങ്ങനെയൊരു സ്വീകരണമൊക്കെ ലഭിക്കുന്നത്. സാധാരണ വന്ന ശേഷം വസ്ത്രമൊക്കെ മാറി നേരെ ക്യാമറയ്ക്ക് മുന്നിലേക്ക് വരുകയാണ് പതിവ്. ഇതിപ്പോള്‍ ചെണ്ട മേളമൊക്കെ, കളിയാക്കിയതാണോ എന്ന് സംശയമുണ്ട്. വൈകുന്നേരം നിര്‍മാതാവിന് അടുത്ത് ചോദിച്ചുകൊള്ളാം.' എന്നാണ് ഇതേ കുറിച്ചുള്ള നിവിന്‍ പോളിയുടെ വാക്കുകള്‍.

വണ്ണം കുറച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് നിവിന്‍ പോള്‍ ചിത്രീകരണത്തിനായി എത്തിയത്. നേരത്തെ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്ന നിവിന്‍ പോളിയുടെ പുതിയ ഗെറ്റപ്പ് ആരാധകരെ ഏറ്റുവാങ്ങിയിരുന്നു.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ സംവിധായകന്‍ അരുണ്‍ വര്‍മ നിവിന്‍ പോളിയെ പൂമാലയിട്ട് സ്വീകരിച്ചു. അഭിനേതാക്കളായ ലിജോ മോള്‍, സംഗീത് പ്രതാപ്, തിരക്കഥാകൃത്ത് സഞ്ജയ് എന്നിവരും എത്തിയിരുന്നു. ഈ ചിത്രത്തില്‍ ബേബി ഗേള്‍ ആയി എത്തുന്നത് ചിത്രത്തിന്റെ തന്നെ പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് ആയ അഖില്‍ യശോദരന്റെ 15 ദിവസം മാത്രം പ്രായമായ രുദ്ര എന്ന പെണ്‍കുട്ടിയാണ്. സെറ്റില്‍വെച്ച് നിവിന്‍ പോളി ബേബി ഗേളിനെ തന്റെ കൈകളിലേക്ക് ഏറ്റുവാങ്ങി.

ഗരുഡനു'ശേഷം അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബേബി ഗേള്‍. മാജിക് ഫ്രെയിംസുമായുള്ള നിവിന്‍ പോളിയുടെ രണ്ടാമത്തെ ചിത്രമാണ് ബേബി ഗേള്‍. മാജിക് ഫ്രെയിംസിനുവേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത് ചിത്രമാണിത്. ട്രാഫിക്ക്, ഹൗ ഓള്‍ഡ് ആര്‍ യു എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മലയാളത്തിലെ മുന്‍ നിര താരങ്ങള്‍ അണിനിരക്കുന്നു. ലിജോമോള്‍, സംഗീത് പ്രതാപ്, അഭിമന്യു തിലകന്‍, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാല്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഫയസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് ഷൈജിത്ത് കുമാരന്‍. സംഗീതം ജേക്‌സ് ബിജോയ്. കോ-പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍. പി. തോമസ്. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് പന്തളം. പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ് അഖില്‍ യശോധരന്‍. കലാസംവിധാനം അനീസ് നാടോടി.

കോസ്റ്റ്യും മെല്‍വി. ജെ. മേക്കപ്പ് റഷീദ് അഹമ്മദ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുകു ദാമോദര്‍. അഡ്മിനിസ്ട്രേഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിന്‍ ബാബു. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സ് പ്രസാദ് നമ്പ്യാങ്കാവ്. ജയശീലന്‍ സദാനന്ദന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍. പിആര്‍ഓ മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി. പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് വിപിന്‍ കുമാര്‍. വി.ഡിജിറ്റല്‍ പ്രൊമോഷന്‍സ് ആഷിഫ് അലി. അഡ്വര്‍ടൈസിങ് ബ്രിങ് ഫോര്‍ത്ത്.

Related Articles
Next Story
Share it