ടൊവിനോയുടെ 'നരിവേട്ട' ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു
ജൂലൈ 11 ന് സോണി ലിവയില്‍ നരിവേട്ട സ്ട്രീം ചെയ്യും

ടൊവിനോ തോമസ് നായകനായ നരിവേട്ട ഒടിടിയിലേക്ക്. ടൊവിനോ തോമസ് പൊലീസ് വേഷത്തിലെത്തിയ ചിത്രം മെയ് 23 ന് ആണ് തിയേറ്ററിലെത്തിയത്. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ബോക്‌സ് ഓഫീസില്‍ 20 കോടിയിലധികം രൂപ നേടിയ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്താല്‍ കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.
ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മിച്ചിരിക്കുന്നത്. ടൊവിനോയ്‌ക്കൊപ്പം സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ എത്തിയിരുന്നു.
ജൂലൈ 11 ന് സോണി ലിവയില്‍ നരിവേട്ട സ്ട്രീം ചെയ്യുമെന്ന് സ്ട്രീമര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു, 'സത്യത്തിന്റെ പ്രതിധ്വനികള്‍, അനീതിയുടെ നിഴലുകള്‍! ജൂലൈ 11 മുതല്‍ സോണി ലിവറില്‍ മാത്രം നരിവേട്ട കാണുക (sic).' എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ സ്ട്രീമര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം ലഭ്യമാകും.
പ്ലാറ്റ് ഫോമില്‍ സ്ട്രീം ചെയ്യുന്ന മറ്റ് ജനപ്രിയ സിനിമകള്‍ ആലപ്പുഴ ജിംഖാന, മരണമാസ്, രേഖചിത്രം, ബ്രോമാന്‍സ്, പ്രാവിന്‍കൂട് ഷാപ്പു എന്നിവയാണ്.
2003-ലെ മുത്തങ്ങ സംഭവത്തിന്റെ പശ്ചാത്തലത്തില്‍, കേരളത്തിലെ ഒരു വിദൂര ആദിവാസി മേഖലയിലേക്ക് സ്ഥലം മാറിവന്ന ആത്മാര്‍ത്ഥതയുള്ള പൊലീസ് കോണ്‍സ്റ്റബിള്‍ പീറ്റര്‍ വര്‍ഗീസിന്റെ (ടോവിനോ തോമസ്) കഥയാണ് നരിവേട്ട പറയുന്നത്. വ്യക്തിപരമായും തൊഴില്‍പരമായും ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കുന്ന ചിത്രം ടൊവിനോയെ സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു. 'മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടം' എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.