ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ പേര് പുറത്തുവിട്ട് മോഹന്‍ ലാല്‍ ; 'പാട്രിയറ്റ്'

ഏറെ കാലത്തിനുശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

ഒടുവില്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി നടന്‍ മോഹന്‍ ലാല്‍. ഏറെ കാലത്തിനുശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. അടുത്തിടെ ശ്രീലങ്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്.

താല്‍ക്കാലികമായി എംഎംഎംഎന്‍ എന്ന് പേരിട്ടിരുന്ന ചിത്രത്തിന്റെ പേര് ഇപ്പോള്‍ 'പാട്രിയറ്റ്' എന്നാണ്. മോഹന്‍ ലാലിനെ കൂടാതെ മമ്മൂട്ടി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അടുത്തിടെ, ചിത്രത്തിന്റെ പുതിയ ഷെഡ്യൂളിനായി മോഹന്‍ലാല്‍ ശ്രീലങ്കയിലേക്ക് പോയിരുന്നു. അവിടെ വച്ച് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു, 'ഇത് എന്റെ രണ്ടാമത്തെ ശ്രീലങ്കന്‍ സന്ദര്‍ശനമാണെന്നും നേരത്തെ ചിത്രത്തിന് ഒരു ഷെഡ്യൂള്‍ കൂടി ഉണ്ടായിരുന്നുവെന്നും അതില്‍ അഭിനയിക്കാനായിരുന്നു എത്തിയിരുന്നതെന്നും താരം പറഞ്ഞു. തുടര്‍ന്നാണ് അഭിനേതാക്കളെ കുറിച്ചും ചിത്രത്തിന്റെ പേരിനെ കുറിച്ചും താരം വെളിപ്പെടുത്തിയത്.

ശ്രീലങ്കയെക്കുറിച്ച് പറയുമ്പോള്‍, ചിത്രീകരണത്തിന് അനുയോജ്യമായ സ്ഥലമാണെന്ന് മാത്രമല്ല, അവിടുത്തെ സംസ്‌കാരത്തെയും അദ്ദേഹം അഭിനന്ദിച്ചു. പുതിയ ചിത്രത്തിന്റെ ചിത്രീകരണം ശ്രീലങ്കയെ കൂടാതെ ഇന്ത്യ, അസര്‍ബൈജാന്‍, യുകെ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലും ചിത്രീകരിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

ശ്രീലങ്കയില്‍ നടന്ന മുന്‍ ഷെഡ്യൂളില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പങ്കെടുത്തു. നയന്‍താരയെ വച്ച് കേരളത്തിലെ ഒരു ഷെഡ്യൂള്‍ ചിത്രീകരിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം മമ്മൂട്ടി ചെറിയൊരു ഇടവേള എടുത്തിരുന്നു. വരും മാസങ്ങളില്‍ അദ്ദേഹം ചിത്രീകരണത്തില്‍ പങ്കുചേരുമെന്നാണ് അണിയറക്കാര്‍ നല്‍കുന്ന സൂചന.

ഇവരെ കൂടാതെ രേവതി, ദര്‍ശന രാജേന്ദ്രന്‍, സരിന്‍ ഷിഹാബ്, ഗ്രേസ് ആന്റണി തുടങ്ങി നിരവധി അഭിനേതാക്കളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ആന്റണ്‍ ജോസഫ്, സി.ആര്‍. സലിം, ശുഭാഷ് മാനുവല്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനുഷ് നന്ദന്‍ നിര്‍വ്വഹിക്കുന്നു.

Related Articles
Next Story
Share it