മമ്മൂട്ടിയും, മോഹന്‍ ലാലും, സുരേഷ് ഗോപിയും ഒരുമിച്ചെത്തിയ ഹിറ്റ് ചിത്രം, മനു അങ്കിള്‍ ഇനി ഫോര്‍ കെ യില്‍

ചിത്രത്തിന്റെ വിഷ്വല്‍ ക്വാളിറ്റിക്കും സൗണ്ടിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്

പഴയ കാല സിനിമകള്‍ പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ റീമാസ്റ്റര്‍ ചെയ്ത് പുറത്തിറക്കുന്നത് പുതുമയുള്ള കാര്യമല്ല. പല സിനിമകളും ഇത്തരത്തില്‍ പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീണ്ടും എത്തിയിരുന്നു. അത്തരത്തില്‍ മമ്മൂട്ടിയും, മോഹന്‍ ലാലും, സുരേഷ് ഗോപിയും ഒരുമിച്ചെത്തിയ ഹിറ്റ് ചിത്രം മനു അങ്കിളും ഇനി ഫോര്‍ കെ യില്‍ കാണാം. മികച്ച വിഷ്വല്‍ ക്വാളിറ്റിയും സൗണ്ടുമാണ് റീമാസ്റ്റേര്‍ഡ് പതിപ്പിന്റെ പ്രത്യേകത.

1988 ഏപ്രില്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം റീമാസ്റ്റര്‍ ചെയ്ത് ഫോര്‍ കെ ക്വാളിറ്റി പതിപ്പോടെ വീണ്ടും പ്രദര്‍ശനത്തിന് എത്തുമ്പോള്‍ പ്രേക്ഷകര്‍ പൂര്‍ണമനസ്സോടെ സ്വീകരിക്കുമെന്നാണ് അണിയറക്കാരുടെ കണക്കുകൂട്ടല്‍. മണിച്ചിത്രത്താഴും, ഒരു വടക്കന്‍ വീരഗാഥയുമടക്കമുള്ള ചിത്രങ്ങളുടെ റീമാസ്റ്ററിംഗ് നിര്‍വ്വഹിച്ച മാറ്റിനി നൗ ആണ് യൂട്യൂബ് ചാനലിലൂടെ മനു അങ്കിളിന്റെ റീമാസ്റ്ററിങും നിര്‍വഹിച്ചിരിക്കുന്നത്. ഷിബു ചക്രവര്‍ത്തി തിരക്കഥ എഴുതി ഡെന്നിസ് ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ വിഷ്വല്‍ ക്വാളിറ്റിക്കും സൗണ്ടിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്.

മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തിയ ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മിന്നല്‍ പ്രതാപനെന്ന കഥാപാത്രവും പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചിരുന്നു. സുരേഷ് ഗോപിയുടെ അപൂര്‍വം കോമഡി കഥാപാത്രങ്ങളില്‍ ഒന്നുമായിരുന്നു മിന്നല്‍ പ്രതാപന്‍.

കുര്യന്‍ ചാക്കോ, അമിത്, അനൂപ് സി പരമേശ്വരന്‍, സോണിയ, സന്ദീപ്, ലിസി, എം ജി സോമന്‍, പ്രതാപചന്ദ്രന്‍, ആര്‍ ത്യാഗരാജന്‍, കെപിഎസി അസീസ്, കെപിഎസി ലളിത, മോഹന്‍ ജോസ്, ജലജ, എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. തിയറ്ററുകളില്‍ 100 ദിവസം ഓടിയ ചിത്രം ബോക്‌സ് ഓഫീസ് വിജയമായിരുന്നു. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ഈ ചിത്രത്തിന് ലഭിച്ചിരുന്നു.

മമ്മൂട്ടി നായകനായി ഒടുവില്‍ വന്ന ചിത്രം ബസൂക്കയാണ്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഡിനോ ഡെന്നിസ് ആണ്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകതയും ബസൂക്കയ്ക്കുണ്ട്.

നിമേഷ് രവി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, ജഗദീഷ്, ഷറഫുദ്ദിന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ഡീന്‍ ഡെന്നിസ്, സ്ഫടികം ജോര്‍ജ്, ദിവ്യാ പിള്ള, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രം മികച്ച പ്രേക്ഷക പിന്തുണയോടെ തിയറ്ററിയില്‍ പ്രദര്‍ശനം തുടരുകയാണ്.

Related Articles
Next Story
Share it