മമ്മൂട്ടി ചിത്രം 'കളങ്കാവല്‍'; പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറക്കാര്‍

ഡിസംബര്‍ 5 ന് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യും

മമ്മൂട്ടി ചിത്രം 'കളങ്കാവല്‍' പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറക്കാര്‍. പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുന്നതിനൊപ്പമാണ് പോസ്റ്ററും പങ്കുവച്ചിരിക്കുന്നത്. നേരത്തെ നവംബര്‍ 27 ന് റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഡിസംബര്‍ അഞ്ചിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറക്കാര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. പുതിയ പോസ്റ്റര്‍ ആരാധകരെ ആവേശഭരിതരാക്കിയിട്ടുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഏകദേശ സൂചന പോസ്റ്റര്‍ നല്‍കുന്നുണ്ട്. ശക്തമായ കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല.

ഒരു മുറിക്കുള്ളില്‍ നിന്ന് പുറത്തേക്ക് നോക്കുന്ന തരത്തിലുള്ള മമ്മൂട്ടിയുടെ ലുക്ക് ആണ് വേറിട്ട ഡിസൈനോടെ പോസ്റ്ററില്‍. ആഷിഫ് സലിം ആണ് ചിത്രത്തിന്റെ പബ്ലിസിറ്റി ഡിസൈനര്‍. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഈ ചിത്രം വേഫെറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ വമ്പന്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി എന്ന മഹാനടന്റെ മാജിക് ഒരിക്കല്‍ കൂടി വെള്ളിത്തിരയില്‍ എത്തുമെന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കിയത്.

'രഹസ്യങ്ങള്‍ ഒരു ആഴ്ചയ്ക്കുള്ളില്‍ പുറത്തുവരും, ആരും അധികനേരം മറഞ്ഞിരിക്കില്ല. #കളങ്കാവല്‍ വരുന്നു. ഡിസംബര്‍ 5 മുതല്‍ #കളങ്കാവല്‍ സിനിമാസില്‍ ലോകമെമ്പാടും.' എന്ന അടിക്കുറിപ്പോടെയാണ് നിര്‍മ്മാതാക്കള്‍ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ പോസ്റ്റര്‍ പങ്കിട്ടത് . കമന്റ് വിഭാഗം ആരാധകരുടെ തീ ഇമോജികള്‍ കൊണ്ട് നിറഞ്ഞു.

പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി ഇങ്ങനെ എഴുതി, 'നിങ്ങള്‍ വളരെക്കാലം കാത്തിരുന്നുവെന്ന് ഞങ്ങള്‍ക്കറിയാം.. കാത്തിരിപ്പിന് വിലയുണ്ടാകും... #Kalamkaval In Cinemas Worldwide from December 5, 2025 ശാന്തത പാലിക്കുക, അദ്ദേഹത്തിനായി കാത്തിരിക്കുക..'

ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തില്‍, മമ്മൂട്ടിക്കൊപ്പം ഗംഭീര പ്രകടനമാണ് നടന്‍ വിനായകന്റേതുമെന്ന് നേരത്തെ പുറത്തുവിട്ട ട്രെയ്ലര്‍ കാണിച്ചു തരുന്നുണ്ട്. ട്രെയ്ലറിന് മുന്‍പ് പുറത്ത് വന്ന, ചിത്രത്തിലെ 'നിലാ കായും' എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളില്‍ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയില്‍ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികള്‍ കളങ്കാവലിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍, പോസ്റ്ററുകള്‍ എന്നിവയും പ്രേക്ഷകര്‍ക്കിടയില്‍ വലിയ പ്രതികരണം നേടിയിരുന്നു.

സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/എ 16+ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. അതേസമയം ചിത്രത്തിന്റെ ഒറിജിനല്‍ മോഷന്‍ പിക്ചര്‍ സൗണ്ട് ട്രാക്കും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ പുറത്തെത്തിയ നിലാ കായും എന്ന ഗാനമുള്‍പ്പെടെ ചിത്രത്തിലെ അഞ്ച് ട്രാക്കുകള്‍ സ്‌പോട്ടിഫൈ, യുട്യൂബ് മ്യൂസിക്, പ്രൈം മ്യൂസിക് അടക്കം ഒന്‍പത് പ്ലാറ്റ് ഫോമുകളില്‍ നിലവില്‍ കേള്‍ക്കാനാവും.


Related Articles
Next Story
Share it