ശിവകാര്‍ത്തികേയനൊപ്പം ബിജു മേനോനും ഒന്നിക്കുന്ന 'മദ്രാസി'യുടെ ട്രെയിലര്‍ പുറത്ത്

പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ബിജുമേനോന്‍ ചിത്രത്തില്‍ എത്തുന്നത്

ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന പുതിയ ചിത്രം മദ്രാസിയുടെ ട്രെയിലര്‍ പുറത്ത്. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ബിജുമേനോനും മുഖ്യവേഷത്തിലെത്തുന്നു. ബിജു മേനോന്റെ കരിയറിലെ ഒന്‍പതാമത്തെ തമിഴ് ചിത്രമാണിത്. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ബിജുമേനോന്‍ ചിത്രത്തില്‍ എത്തുന്നത്.

ശ്രീ ലക്ഷ്മി മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രുക്മിണി വസന്ത്, വിദ്യുത് ജമാല്‍, ഷബീര്‍ കല്ലറക്കല്‍, വിക്രാന്ത്, പ്രേം കുമാര്‍, സഞ്ജയ്, സച്ചന നമിദാസ് എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ട്രെയിലറിലെ അനിരുദ്ധിന്റെ ബാക്ക് ഗ്രൗണ്ട് സ്‌കോറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. റൊമാന്‍സ് മാത്രമായിരിക്കില്ല ചിത്രം ഗംഭീര ആക്ഷനും ഉറപ്പ് നല്‍കുന്നുണ്ട്. വിദ്യുത് ജമാല്‍ ആണ് സിനിമയില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.

'തുപ്പാക്കി' എന്ന ഹിറ്റ് വിജയ് ചിത്രത്തിന് ശേഷം വിദ്യുത് ജമാലും എ ആര്‍ മുരുഗദോസും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മദ്രാസി. ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ അഭിനയിക്കുന്നത്.

അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കുന്ന സിനിമയില്‍ സായ് അഭ്യങ്കാര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സിനിമാട്ടോഗ്രാഫി: സുധീപ് ഇളമണ്‍, എഡിറ്റിങ്: ശ്രീകര്‍ പ്രസാദ്, കലാസംവിധാനം: അരുണ്‍ വെഞ്ഞാറമൂട്, ആക്ഷന്‍ കൊറിയോഗ്രാഫി : കെവിന്‍ മാസ്റ്റര്‍ ആന്‍ഡ് മാസ്റ്റര്‍ ദിലീപ് സുബ്ബരായന്‍, പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖര്‍ എന്നിവരാണ്. ചിത്രം സെപ്റ്റംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.

സ്വയം സ്‌നേഹിക്കുന്നതുപോലെ മറ്റുള്ളവരെയും സ്‌നേഹിക്കണമെന്ന് എല്ലാ മതങ്ങളും പഠിപ്പിക്കുന്നതിനെക്കുറിച്ച് രുക്മിണിയുടെ കഥാപാത്രം സംസാരിക്കുന്നതോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ശിവകാര്‍ത്തികേയനും രുക്മിണിയുടെ കഥാപാത്രങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ നേര്‍ക്കാഴ്ചകള്‍ നമുക്ക് പിന്നീട് കാണാം.

2024ല്‍ സര്‍പ്രൈസ് ഹിറ്റ് ചിത്രമായി മാറിയ അമരന്‍ ആണ് ശിവകാര്‍ത്തികേയന്‍ നായകനായെത്തിയ ഏറ്റവും ഒടുവില്‍ എത്തിയ ചിത്രം. ആഗോളതലത്തില്‍ ചിത്രം 334 കോടിയോളം നേടിയിരുന്നു. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പ്രമേയമാക്കിയ ചിത്രമായിരുന്നു ഇത്. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ എത്തിയത്.

ഇന്ദു റെബേക്ക വര്‍ഗീസായി ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ നായികയായത് സായ് പല്ലവിയാണ്. ഭുവന്‍ അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്, ശ്യാം മോഹന്‍, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്‍മാന്‍ എന്നിവരും മുഖ്യവേഷത്തില്‍ എത്തിയിരുന്നു. രാജ് കുമാര്‍ പെരിയസ്വാമിയാണ് സംവിധാനം നിര്‍വഹിച്ചത്.

2024 ഒക്ടോബര്‍ 31ന് റിലീസ് ചെയ്ത ചിത്രമാണ് അമരന്‍. രാജ് കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത് രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേര്‍ന്നായിരുന്നു നിര്‍മ്മാണം.


Related Articles
Next Story
Share it