'മധരാസി'യിലെ 'സലാംബല' എന്ന ഗാനത്തിലൂടെ അനിരുദ്ധ് രവിചന്ദറും സായ് അഭ്യാങ്കറും ഒന്നിക്കുന്നു; ശിവകാര്‍ത്തികേയന്‍ ചിത്രത്തിന്റെ വീഡിയോ പ്രൊമോ പുറത്ത്

വളരെ രസകരമായ ഒരു പ്രൊമോയാണ് പുറത്തുവിട്ടിരിക്കുന്നത്

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന പുതിയ ചിത്രം മധരാസിയുടെ ആദ്യ ഗാനം റിലീസ് ചെയ്യുന്ന വിവരം പ്രഖ്യാപിച്ച് അണിയറക്കാര്‍. ഇതോടൊപ്പം ചിത്രത്തിന്റെ പ്രൊമൊ വീഡിയോയും പുറത്തുവിട്ടു. വളരെ രസകരമായ ഒരു പ്രൊമോയാണ് പുറത്തുവിട്ടിരിക്കുന്നത്. ശിവകാര്‍ത്തികേയനെയും അനിരുദ്ധ് രവിചന്ദറിനെയും എ ആര്‍ മുരുഗദോസിനെയുമാണ് വീഡിയോയില്‍ കാണുന്നത്. ജൂലൈ 31ന് വൈകുന്നേരം ആറുമണിക്ക് ഗാനം പുറത്തുവിടും. സെപ്റ്റംബര്‍ 5 ന് ചിത്രം പ്രദര്‍ശനത്തിനെത്തും. മുരുഗദോസ് തന്നെയാണ് തന്റെ എക്‌സ് പോസ്റ്റിലൂടെ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.


എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ബിജുമേനോനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിജു മേനോന്റെ കരിയറിലെ ഒന്‍പതാമത്തെ തമിഴ് ചിത്രമാണിത്. ബോളിവുഡ് താരം വിദ്യുത് ജമാല്‍, സഞ്ജയ് ദത്ത്, വിക്രാന്ത്, രുക് മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഛായാഗ്രാഹണം സുധീപ് ഇളമണും, സംഗീതം അനിരുദ്ധ് രവിചന്ദറും പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖറുമാണ് നിര്‍വഹിക്കുന്നത്. തുപ്പാക്കിയുടെ ബ്ലോക്ക് ബസ്റ്റര്‍ വിജയത്തിന് ശേഷം വിദ്യുത് ജമാലും എ ആര്‍ മുരുഗദോസും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും ഗായകനും സംഗീത സംവിധായകനുമായ സായ് അഭ്യാങ്കറും മധരാസി ചിത്രത്തിലൂടെ ഒന്നിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ സലാംബല എന്ന ഗാനം സായ് അഭ്യാങ്കര്‍ ആണ് ആലപിച്ചത്. സൂപ്പര്‍ സുബ്ബു ആണ് ഗാനം എഴുതിയിരിക്കുന്നത്. തമിഴ്, തെലുങ്ക് സിനിമകളില്‍ വലിയ പ്രോജക്ടുകള്‍ ഏറ്റെടുക്കുന്ന തിരക്കിലായതിനാല്‍ അനിരുദ്ധ് രവിചന്ദറും സായ് അഭയങ്കറും ഏറെക്കാലമായി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ട്. ഇതോടെ ഇരുവരും തമ്മില്‍ പിണക്കത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മധരാസിയിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നത്.

ശ്രീ ലക്ഷ്മി മൂവീസിലെ എന്‍. ശ്രീലക്ഷ്മി പ്രസാദ് നിര്‍മ്മിച്ച മധരാസിയില്‍ സുദീപ് ഇളമണ്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. അരുണ്‍ വെഞ്ഞാറമൂടാണ് ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കെവിന്‍ കുമാറും ദിലിപ് സുബ്ബരായനും ചേര്‍ന്നാണ് സ്റ്റണ്ട് സംവിധാനം ചെയ്തിരിക്കുന്നത്.

ശിവകാര്‍ത്തികേയന്‍ നായകനായി ഒടുവില്‍ അഭിനയിച്ചത് അമരന്‍ എന്ന ചിത്രത്തിലാണ്. അമരന്‍ 2024ലെ സര്‍പ്രൈസ് ഹിറ്റ് ചിത്രമായിരുന്നു. അമരന്‍ ആഗോളതലത്തില്‍ 334 കോടിയോളം നേടിയിരുന്നു. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പ്രമേയമാക്കിയ ചിത്രമായിരുന്നു അമരന്‍. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ എത്തിയത്. ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ ഇന്ദു റെബേക്ക വര്‍ഗീസായി വേഷമിട്ടത് സായ് പല്ലവിയാണ്. ഭുവന്‍ അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്, ശ്യാം മോഹന്‍, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്‍മാന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. രാജ് കുമാര്‍ പെരിയസ്വാമിയാണ് സംവിധാനം നിര്‍വഹിച്ചത്.

2024 ഒക്ടോബര്‍ 31ന് റിലീസ് ചെയ്ത ചിത്രം രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയും ചേര്‍ന്നാണ് നിര്‍മ്മിച്ചത്.


Related Articles
Next Story
Share it