റിലീസിന് 8 ദിവസം മുമ്പ് തന്നെ കുതിച്ചുയര്‍ന്ന് 'എമ്പുരാന്‍' ന്റെ വിദേശ അഡ്വാന്‍സ് ബുക്കിംഗ്; നേടിയത് കോടികള്‍

പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തില്‍ എത്തുന്ന 'എമ്പുരാന്‍' മാര്‍ച്ച് 27 ന് തിയറ്ററുകളില്‍ എത്തുകയാണ്. ലൂസിഫറിന്റെ വിജയത്തിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ച ചിത്രം അന്നുതൊട്ടുതന്നെ ആരാധകര്‍ കാത്തിരിക്കുന്നതാണ്. ഇപ്പോള്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിനിപ്പുറം ചിത്രത്തിന്റെ റിലീസും അണിയറക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. 2019 ല്‍ ആണ് ലൂസിഫര്‍ തിയറ്ററില്‍ എത്തിയത്.
ആഭ്യന്തര ബോക്സ് ഓഫീസിലും ലോകമെമ്പാടും മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണറായി എല്‍2: എമ്പുരാന്‍ ലക്ഷ്യമിടുന്നതിനാല്‍ വിദേശ വിപണിയില്‍ രണ്ടാം ഭാഗത്തിന്റെ പ്രീ-സെയില്‍ വന്‍തോതില്‍ ആരംഭിച്ചു.
റിലീസിന് 8 ദിവസം മുമ്പ് തന്നെ എല്‍2 എമ്പുരാന്‍ ചിത്രത്തിന്റെ വിദേശ അഡ്വാന്‍സ് ബുക്കിംഗ് കുതിച്ചുയര്‍ന്നു. കോടികലാണ് ബുക്കിലൂടെ ചിത്രം നേടിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ ബുക്കിംഗ് ആരംഭിക്കും മുന്‍പേയാണ് ഇതെന്ന വസ്തുതയാണ് മോളിവുഡിനെ അത്ഭുതപ്പെടുത്തുന്നത്.
ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 11 കോടിയാണ്. ബോളിവുഡ് ബോക്‌സ് ഓഫീസ് അടക്കമുള്ള ട്രാക്കര്‍മാരുടെ കണക്ക് പ്രകാരമാണ് ഇത്. 1+ മില്യണ്‍ ഡോളര്‍ ബുക്കിംഗ് നേടുന്ന ആദ്യത്തെ മോളിവുഡ് ടൈറ്റിലായി ഇത് മാറും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്ന ഓവര്‍സീസ് മാര്‍ക്കറ്റുകളിലൊക്കെ ചിത്രം വമ്പന്‍ പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. അഡ്വാന്‍സ് ബുക്കിംഗ് ആരംഭിക്കാനുള്ള കാത്തിരിപ്പിലാണ് കേരളത്തിലെ ആരാധകരും. അതേസമയം കഴിഞ്ഞദിവസം അര്‍ധരാത്രി പുറത്തെത്തിയ ചിത്രത്തിന്റെ ട്രെയ്‌ലറിനും വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ഹൈപ്പിനൊത്തുള്ള പ്രേക്ഷകാഭിപ്രായങ്ങളും ചിത്രത്തിന് നേടാനായാല്‍ ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ പലതും ചിത്രം നേടുമെന്നത് ഉറപ്പാണ്.
അതേസമയം എമ്പുരാന്റെ വരവിന് മുന്നോടിയായി ആദ്യ ഭാഗമായ ലൂസിഫര്‍ തിയറ്ററുകളിലേക്ക് വീണ്ടും എത്തുകയാണ്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് നേരത്തേ ആരംഭിച്ചിരുന്നു. ഖുറേഷി അബ്രാം/ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ്, ഗെയിം ഓഫ് ത്രോണ്‍സ് ഫെയിം ജെറോം ഫ്ലിന്‍, അഭിമന്യു സിംഗ്, ആന്‍ഡ്രിയ തിവാദര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരന്‍, മഞ്ജു വാര്യര്‍, സാനിയ ഇയപ്പന്‍, സായികുമാര്‍, ബൈജു സന്തോഷ്, ഫാസില്‍, സച്ചിന്‍ ഖേദേക്കര്‍, നൈല ഉഷ, ഗിജു ജോണ്‍, നന്ദു, ശിവാജി ഗുരുവായൂര്‍, മണിക്കുട്ടന്‍, എസ്.എന്‍, അനീഷ്, അനീഷ്. എബൗനി, മിഖായേല്‍ നോവിക്കോവ്, കാര്‍ത്തികേയ ദേവ് തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്
മോഹന്‍ലാലിന്റെ ഏറ്റവും വലിയ ബോക്സ് ഓഫീസുകളിലെ ഓപ്പണര്‍മാരുടെ പട്ടികയിലേക്ക് ഒരു എത്തിനോട്ടം
കേരള ബോക്സ് ഓഫീസില്‍ മോഹന്‍ലാലിന്റെ ഏറ്റവും വലിയ ഓപ്പണര്‍ ഒടിയന്‍ (2018) ആണ്, ഇത് 7.20 കോടി കളക്ഷന്‍ നേടി. 6.60 കോടി രൂപയ്ക്ക് റിലീസ് ചെയ്ത മരക്കാര്‍: ലയണ്‍ ഓഫ് ദി അറേബ്യന്‍ സീ (2021), 6.30 കോടി രൂപയ്ക്ക് റിലീസ് ചെയ്ത ലൂസിഫര്‍ (2019), 5.85 കോടി രൂപയ്ക്ക് റിലീസ് ചെയ്ത മലൈക്കോട്ടൈ വാലിബന്‍ (2024) എന്നിവയുമുണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണറായി മാറാനുള്ള പാതയിലാണ് എല്‍2: എമ്പുരാന്‍. നിലവില്‍, മോഹന്‍ലാലിന്റെ മരക്കാര്‍: ലയണ്‍ ഓഫ് ദി അറേബ്യന്‍ സീ ആണ് ലോകമെമ്പാടും ഏകദേശം 20 കോടി ഗ്രോസ് നേടിയ ഏറ്റവും വലിയ ഓപ്പണര്‍. എല്‍2: എമ്പുരാന്‍ ഈ റെക്കോര്‍ഡ് മികച്ച മാര്‍ജിനില്‍ തന്നെ മറികടക്കും എന്നാണ് സിനിമാ നിരൂപകര്‍ പറയുന്നത്.