എം സി ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ ഷൈന്‍ ടോം ചിത്രം 'മീശ' യുടെ ട്രെയിലര്‍ പുറത്തിറങ്ങി
വനത്തിന്റെ നിഗൂഡതകളെ പശ്ചാത്തലമാക്കി ഒരു രാത്രിയുടെ തീവ്രതയുടെ കഥയാണ് ചിത്രം പറയുന്നത്

എം സി ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച സസ്‌പെന്‍സ് ഡ്രാമ ചിത്രം 'മീശ' യുടെ ട്രെയിലര്‍ പുറത്തിറങ്ങി. വികൃതി (2019) എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് എംസി ജോസഫ്. യൂണികോണ്‍ മൂവീസിന്റെ ബാനറില്‍ സജീര്‍ ഗഫൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കതിര്‍, ഹക്കിം ഷാ, ഷൈന്‍ ടോം ചാക്കോ, ജിയോ ബേബി, ശ്രീകാന്ത് മുരളി, സുധി കോപ്പ, ഉണ്ണി ലാലു, ഹസ്ലി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ക്യാപിറ്റല്‍ സിനിമാസ് വിതരണം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് ഒന്നിന് തിയറ്ററുകളില്‍ എത്തും. നടനും സംവിധായകനുമായ ജിയോ ബേബി ഒരു പ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
വനത്തിന്റെ നിഗൂഡതകളെ പശ്ചാത്തലമാക്കി ഒരു രാത്രിയുടെ തീവ്രതയുടെ കഥയാണ് ചിത്രം പറയുന്നത്. ദീര്‍ഘനാളുകള്‍ക്കുശേഷം വീണ്ടും ഒരു കൂട്ടം സുഹൃത്തുക്കള്‍ ഒരുമിക്കുകയും എന്നാല്‍ അതൊരു അപ്രതീക്ഷിത സംഭവവികാസങ്ങളിലേക്ക് വഴി മാറുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. നല്ല സൗഹൃദങ്ങളുടെ നിമിഷങ്ങള്‍ പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ട്രെയിലര്‍ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും അവരുടെ കാഴ്ചക്കപ്പുറമുള്ള ഉള്‍കാഴ്ച്ചകളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോവുകയും ചെയ്യുന്നുണ്ട്. കഥാഗതിയില്‍ സംഭവിക്കുന്ന സങ്കീര്‍ണ്ണമായ നിമിഷങ്ങളെയും, അവിചാരിതമായ സംഭവ വികാസങ്ങളെയും, കാടിന്റെ പ്രവചനാതീതമായ അന്തരീക്ഷവുമെല്ലാം ട്രെയിലറില്‍ അവതരിപ്പിക്കുന്നുണ്ട്.
നിഗൂഢമായ മനുഷ്യ മനസ്സിന്റെ ശിഥിലതകളും, സൗഹൃദങ്ങളും, പരസ്പര വിശ്വാസവും, സാഹോദര്യവുമെല്ലാം പ്രതിഫലിക്കുന്ന ഒരു അനുഭവമാകും 'മീശ' എന്ന് ട്രെയിലര്‍ സൂചനകള്‍ നല്‍കുന്നുണ്ട്. സിനിമ രംഗത്തുനിന്നുമുള്ള നിരവധി പ്രമുഖരാണ് ആശംസകള്‍ നേര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവച്ചത് . സൂരജ് എസ് കുറുപ്പിന്റെ സംഗീത സംവിധാനത്തിലൊരുങ്ങിയ 'മീശ' യിലെ ഗാനങ്ങളും ടീസറും ഇതിനോടകം തന്നെ തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. വി.എഫ്.എക്‌സ് ഐ.വി.എഫ്.എക്‌സ് എന്നിവയിലൂടെ ദൃശ്യ സൗന്ദര്യശാസ്ത്രം മികച്ച രീതിയില്‍ ചിത്രത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. ചിത്രത്തിന്റെ വിഷ്വല്‍ ഐഡന്റിറ്റി- തോട്ട് സ്റ്റേഷന്‍, റോക്സ്സ്റ്റാര്‍, ഇല്ലുമിന്‍ ആര്‍ട്ടിസ്റ്റ് തുടങ്ങിയ ക്രിയേറ്റീവ് പ്രൊമോഷണല്‍ ടീമുകളാണ് നിര്‍വഹിച്ചിരിക്കുന്നത്.
സുരേഷ് രാജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് മനോജ്, പോയറ്റിക്, കളര്‍ ഗ്രേഡിംഗ് -ജയദേവ് തിരുവൈപതി, അരുണ്‍ രാമ വര്‍മ്മ -സൗണ്ട്‌സ്‌കേപ്പ് ഡിസൈന്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ് ജിതേഷ് പൊയ്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രവീണ്‍ ബി മേനോന്‍, ലൈന്‍ പ്രൊഡ്യൂസര്‍ - സണ്ണി തഴുത്തല.