മോഹന്‍ ലാല്‍ അതിഥി വേഷത്തില്‍ എത്തുന്ന വിഷ്ണു മഞ്ചു ചിത്രം കണ്ണപ്പയുടെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു
കണ്ണപ്പയില്‍ കിരാത എന്ന വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്

മോഹന്‍ ലാല്‍ അതിഥി വേഷത്തില്‍ എത്തുന്ന വിഷ്ണു മഞ്ചു ചിത്രം കണ്ണപ്പയുടെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചൊവ്വാഴ്ച വൈകുന്നേരം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വിഷ്ണു മഞ്ചു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കണ്ണപ്പയില്‍ കിരാത എന്ന വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഏറെ നാളത്തെ പ്രേക്ഷകരുടെ കാത്തിരിപ്പാണ് ഇതോടെ അവസാനിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് സിനിമാസ് ആണ് കണ്ണപ്പ കേരളത്തില്‍ എത്തിക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച ചിത്രത്തിന്റെ ബുക്കിംഗ് പുരോഗമിക്കുകയാണ്.
ആന്ധ്രപ്രദേശിലും തെലങ്കാനയിലും ബുക്കിംഗ് ആരംഭിക്കുന്നതിന് മുമ്പുതന്നെ, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊച്ചി തുടങ്ങിയ പ്രധാന മെട്രോ നഗരങ്ങളില്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. യുഎസ്എ, ഓസ്ട്രേലിയ, സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള വിദേശ വിപണികളും മുന്‍കൂര്‍ റിസര്‍വേഷനുകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്, ഇത് ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുന്നതിന്റെ സൂചനയാണ്.
വിഷ്ണു മഞ്ചുവിനൊപ്പം മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍, മോഹന്‍കുമാര്‍, ശരത് കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇവരെ കൂടാതെ അര്‍പിത് രങ്ക, ബ്രഹ്‌മാനന്ദം, ശിവ ബാലാജി, കൗശല്‍ മണ്ട, രഘു ബാബു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തുന്നു. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
എവിഎ എന്റര്‍ടെയ് ന്‍മെന്റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളില്‍ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്.
യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമാണ് കണ്ണപ്പ. ശിവ ഭക്തന്റെ കഥയാണ് ചിത്രം പറയുന്നത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്റണി ഗോണ്‍സാല്‍വസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ചിന്ന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനയ് മഹേശ്വര്‍, ആര്‍ വിജയ് കുമാര്‍, പിആര്‍ഒ ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.