കാര്‍ത്തി നായകനാകുന്ന 'കൈതി 2'ല്‍ 'ലിയോ'യില്‍ നിന്നും 'വിക്ര'ത്തില്‍ നിന്നുമുള്ള കഥാപാത്രങ്ങളും; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് സംവിധായകന്‍

'വലൈ പേച്ച്' എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് 'എല്‍സിയു' യൂണിവേഴ്‌സിനെപ്പറ്റി ലോകേഷ് മനസു തുറന്നത്

കാര്‍ത്തി നായകനാകുന്ന 'കൈതി 2' എന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സംവിധായകന്‍ ലോകേഷ് കനകരാജ്. ചിത്രത്തില്‍ 'ലിയോ'യില്‍ നിന്നും 'വിക്ര'ത്തില്‍ നിന്നുമുള്ള കഥാപാത്രങ്ങളുണ്ടാകുമെന്നാണ് സംവിധായകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 'വലൈ പേച്ച്' എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് 'എല്‍സിയു' യൂണിവേഴ്‌സിനെപ്പറ്റി ലോകേഷ് മനസു തുറന്നത്. 'കൈതി 2' സിനിമയും എല്‍സിയുവിലെ ത്രില്ലിങ് ചിത്രമാകുമെന്നും സംവിധായകന്‍ പറഞ്ഞു.

ലോകേഷ് കനകരാജ് സൃഷ്ടിച്ച പരസ്പരബന്ധിതമായ സിനിമകളുടെ പരമ്പരയാണ് എല്‍സിയു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്). കാര്‍ത്തി നായകനായ കൈതിയില്‍ ആരംഭിച്ച പ്രപഞ്ചം, കമല്‍ ഹാസന്റെ വിക്രം (2022), ദളപതി വിജയുടെ ലിയോ (2023) തുടങ്ങിയ സിനിമകളിലേക്കും ഇത് വ്യാപിച്ചു.

മൂന്ന് സിനിമകളും ഒരൊറ്റ ആഖ്യാനത്തിലേക്ക് സംയോജിപ്പിച്ചതോടെ, ബെന്‍സ്, കൈതി 2 പോലുള്ള സിനിമകളിലൂടെ ഇത് കൂടുതല്‍ വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ് ലോകേഷ്. മാത്രമല്ല, വിക്രം 2, ലിയോ 2 പോലുള്ള സംരംഭങ്ങളും സൂര്യയുടെ കഥാപാത്രമായ റോളക്സിനെ അടിസ്ഥാനമാക്കി പ്രപഞ്ചത്തിനുള്ളില്‍ ഒരു സ്വതന്ത്ര സ്പിന്‍-ഓഫ് സൃഷ്ടിക്കാനും ലോകേഷ് പദ്ധതിയിടുന്നു.

രജനീകാന്ത് പ്രധാന വേഷത്തില്‍ എത്തുന്ന കൂലി എന്ന ചിത്രത്തിന്റെ റിലീസിനായി ഒരുങ്ങുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്. അതിന്റെ പ്രമോഷനുകളുടെ ഭാഗമായാണ് കൈതി 2 നെ കുറിച്ചുള്ള തന്റെ പ്രാരംഭ ആശയങ്ങളും എല്‍സിയു ആരംഭിച്ചതിനുശേഷം അത് എങ്ങനെ വികസിച്ചുവെന്ന കാര്യവും അദ്ദേഹം പങ്കുവെച്ചത്.

ലോകേഷ് കനകരാജിന്റെ വാക്കുകള്‍:

കാര്‍ത്തിയുമായി ചേര്‍ന്ന് 'കൈതി' നിര്‍മിക്കുമ്പോള്‍, ആദ്യ ഘട്ടത്തില്‍ ഒരു യൂണിവേഴ്‌സിനുള്ള ആലോചന മനസിലുണ്ടായിരുന്നില്ല. സിനിമയുടെ അവസാനം ഡല്‍ഹി എന്ന നായക കഥാപാത്രത്തിന്റെ ഭൂതകാലത്തെക്കുറിച്ച് ഒരു സൂചന നല്‍കി, പ്രീക്വലിന് സാധ്യതയിട്ടാണ് അവസാനിപ്പിച്ചത്. പത്ത് വര്‍ഷം ജയിലില്‍ കിടക്കുന്നതിന് മുമ്പ് ഡല്‍ഹി എന്ത് ചെയ്യുകയായിരുന്നു എന്ന് പറയുന്ന ഒരു കഥ വികസിപ്പിക്കാന്‍ ഞങ്ങള്‍ പദ്ധതിയിട്ടിരുന്നു. പിന്നീടാണ് അതൊരു യൂണിവേഴ്‌സ് ആയി വികസിപ്പിക്കാന്‍ തീരുമാനിക്കുന്നത്. 'കൈതി' ഒരു സിനിമാറ്റിക് യൂണിവേഴ്‌സായി വികസിക്കുമ്പോള്‍, 'ലിയോ', 'വിക്രം' എന്നീ സിനിമകളിലെ കഥാപാത്രങ്ങളെയും നമുക്ക് കൊണ്ടുവരാന്‍ കഴിയും- എന്നും ലോകേഷ് പറഞ്ഞു.

ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും തിരക്കഥയുടെ 30-35 പേജുകള്‍ താന്‍ ഇതിനകം തന്നെ എഴുതിക്കഴിഞ്ഞതായും ലോകേഷ് വെളിപ്പെടുത്തി. സിനിമാറ്റിക് യൂണിവേഴ്‌സ് കഥപറച്ചിലില്‍ ധാരാളം സമയം ലാഭിക്കുമെന്നും കൈതി, വിക്രം, ലിയോ തുടങ്ങിയ സിനിമകള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, സിനിമകളിലെ പല കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ക്ക് നേരത്തെ അറിയാവുന്നതുകൊണ്ട് നീണ്ട ആമുഖങ്ങള്‍ ഒഴിവാക്കി കഥയിലേക്ക് നേരിട്ട് ഇറങ്ങാമെന്നും ലോകേഷ് പറയുന്നു.

Related Articles
Next Story
Share it