പുതിയ ചിത്രം 'കാന്ത'യുടെ ടീസര്‍ റിലീസ് തീയതിയും സമയവും പ്രഖ്യാപിച്ച് ദുല്‍ഖര്‍ സല്‍മാന്‍

തന്റെ 42-ാം ജന്മദിനത്തിന് മുന്നോടിയായാണ് കാന്തയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് താരം പ്രഖ്യാപിച്ചത്

തന്റെ ഏറ്റവും പുതിയ ചിത്രം കാന്തയുടെ ടീസര്‍ റിലീസ് തീയതിയും സമയവും പ്രഖ്യാപിച്ച് ദുല്‍ഖര്‍ സല്‍മാന്‍. ജൂലൈ 28 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഔദ്യോഗിക ടീസര്‍ പുറത്തിറക്കുമെന്നാണ് ദുല്‍ഖര്‍ അറിയിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ 42-ാം ജന്മദിനത്തിന് മുന്നോടിയായാണ് സമൂഹ മാധ്യമത്തിലൂടെ കാന്തയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ചയാണ് ദുല്‍ഖറിന്റെ പിറന്നാള്‍.

'നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് ആദ്യ ടീസര്‍ പുറത്തിറങ്ങുന്നതോടെ റിലീസിലേക്കുള്ള വഴി ആരംഭിക്കും,' എന്നാണ് താരം എക്സില്‍ (മുമ്പ് ട്വിറ്റര്‍) കുറിച്ച പോസ്റ്റില്‍ പറഞ്ഞത്. ദുല്‍ഖറിന്റെ സ്വന്തം പ്രൊഡക്ഷന്‍ ബാനറായ സ്പിരിറ്റ് മീഡിയയും വേഫെയറര്‍ ഫിലിംസും സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. 'ദ ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന നെറ്റ് ഫ് ളിക്‌സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകന്‍ ആണ് സെല്‍വമണി സെല്‍വരാജ്.

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ദുല്‍ഖര്‍ സല്‍മാന്‍, സമുദ്രക്കനി എന്നിവര്‍ക്കൊപ്പം റാണ ദഗ്ഗുബാട്ടി, ഭാഗ്യശ്രീ ബോര്‍സെ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'.

തമിഴ് സിനിമയിലെ ആദ്യത്തെ സൂപ്പര്‍സ്റ്റാറായി കണക്കാക്കപ്പെടുന്ന എം.കെ. ത്യാഗരാജ ഭാഗവതരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് 'കാന്ത'. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ത്യാഗരാജ ഭാഗവതരുടെ വേഷത്തിലെത്തുന്നത്. ഭാഗവതരുടെ അസാധാരണമായ യാത്രയുടെ ഉയര്‍ച്ച താഴ്ചകളെല്ലാം ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

റാണ ദഗ്ഗുബതി, ദുല്‍ഖര്‍ സല്‍മാന്‍, പ്രശാന്ത് പൊട് ലൂരി, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ഡാനി സാഞ്ചസ് ലോപ്പസ് ആണ്. എഡിറ്റര്‍ ലെവെലിന്‍ ആന്റണി ഗോണ്‍സാല്‍വസ്. ശബ്ദം, വസ്ത്രാലങ്കാരം, ഡിസൈന്‍ തുടങ്ങിയ വിഭാഗങ്ങളിലെ നിരവധി പ്രമുഖ സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെ ഒരു വലിയ ക്രിയേറ്റീവ് ടീമിനെയാണ് കാന്ത ഒരുമിച്ച് കൊണ്ടുവരുന്നത്. ഔദ്യോഗിക റിലീസ് തീയതി നിര്‍മ്മാതാക്കള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, 2025 സെപ്റ്റംബര്‍ 12 ന് കാന്ത റിലീസ് ചെയ്യുമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ദുല്‍ഖറിന്റെ ജന്മദിനത്തില്‍ ടീസര്‍ പുറത്തിറങ്ങുന്നതിനാല്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ഝാനു ചന്റര്‍ സംഗീതവും രാമലിംഗം കലാസംവിധാനവും, പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ് എന്നിവര്‍ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു. പിആര്‍ഒ- ശബരി എന്നിവരാണ്.

Related Articles
Next Story
Share it