ജോജു ജോര്‍ജും ഷാജി കൈലാസും ഒന്നിക്കുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ 'വരവ്' ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
'പ്രതികാരം ഒരു വൃത്തികെട്ട ബിസിനസ് അല്ല' എന്ന ടാഗ് ലൈനോടെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്

ജോജു ജോര്‍ജും ഷാജി കൈലാസും ഒന്നിക്കുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ 'വരവ്, ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. 'പ്രതികാരം ഒരു വൃത്തികെട്ട ബിസിനസ് അല്ല' എന്ന ടാഗ് ലൈനോടെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. ടീ എസ്റ്റേറ്റ് പ്ലാന്ററുടെ സാഹസികമായ ജീവിത കഥ പറയുന്ന ചിത്രമാണ് വരവ്. ജോജു ജോര്‍ജാണ് പ്ലാന്ററായി അഭിനയിക്കുന്നത്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രമാണ് ഇത്.
വന്‍ ബജറ്റില്‍ പൂര്‍ണമായും ആക്ഷന്‍ മൂഡില്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ദക്ഷിണേയിലെ മികച്ച ആക്ഷന്‍ കോറിയോഗ്രാഫേഴ്‌സ് ആയ കലൈകിംഗ് സ്റ്റണ്‍, ഫീനിക്‌സ് പ്രഭു എന്നിവരടക്കം നാലു സംഘട്ടന സംവിധായകരാണ് ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. മലയാളത്തിലേയും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലേയും വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
തിരക്കഥാകൃത്തും സംവിധായകനുമായ എ കെ സാജന്‍ ആണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ ചിന്താമണി കൊലക്കേസ്, മോഹന്‍ലാലിന്റെ റെഡ് ചില്ലീസ്, മമ്മൂട്ടിയുടെ ദ്രോണ 2010 തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഷാജി തിരക്കഥയെഴുതിയിട്ടുണ്ട്.
ഓള്‍ഗ പ്രൊഡക്ഷന്‍സ് ബാനറില്‍ നൈസി റെജിയാണ് വരവ് നിര്‍മ്മിക്കുന്നത്, ജോമി ജോസഫ് സഹനിര്‍മ്മാതാവാണ്. മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, തേനി തുടങ്ങിയ പ്രധാന സ്ഥലങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്. ചിത്രത്തിന്റെ സാങ്കേതിക സംഘത്തില്‍ ഛായാഗ്രാഹകന്‍ സുജിത് വാസുദേവ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, സംഗീത സംവിധായകന്‍ സാം സി എസ്, കലാ സംവിധായകന്‍ സാബു റാം എന്നിവര്‍ ഉള്‍പ്പെടുന്നു.
അടുത്തിടെയാണ് ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന വലത്തു വശത്തെ കള്ളന്റെ ചിത്രീകരണം ജോജു പൂര്‍ത്തിയാക്കിയത്. ബിജു മേനോനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തില്‍ എത്തുന്നുണ്ട്. ഉര്‍വശിക്കൊപ്പമുള്ള 'ആശ'ആണ് പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു സിനിമ. ഈ വര്‍ഷം അവസാനം, കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ 'പാനി' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ഡീലക്‌സ്' ന്റെ ചിത്രീകരണവും ആരംഭിക്കാനിരിക്കയാണ്. 2024 ല്‍ പുറത്തിറങ്ങിയ ഹൊറര്‍ ചിത്രമായ 'ഹണ്ട്' ആണ് ഷാജി കൈലാസ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. ഭാവനയാണ് നായികയായി അഭിനയിച്ചത്.