ഷാജി പാപ്പനായി വീണ്ടും ജയസൂര്യ; ആടു 3' റിലീസ് തീയതി പ്രഖ്യാപിച്ചു
2026 മാര്‍ച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തില്‍ പ്രദര്‍ശനത്തിന് എത്തുക

ജയസൂര്യ-മിഥുന്‍ മാനുവല്‍ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'ആടു 3' യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. നടന്‍ ജയസൂര്യയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ആടു 3'. 2026 മാര്‍ച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തില്‍ പ്രദര്‍ശനത്തിന് എത്തുക. ചിത്രത്തിന്റെ ഒരു പുത്തന്‍ പോസ്റ്ററും റിലീസ് തീയതി പുറത്ത് വിട്ടുകൊണ്ട് അണിയറക്കാര്‍ പുറത്ത് വിട്ടിട്ടുണ്ട്. ജയസൂര്യയുടെ ജന്മദിനത്തിലാണ് റിലീസ് തീയതി പുറത്തുവിട്ടത്. നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവാണ് ജയസൂര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ അര്‍പ്പിച്ച് പ്രഖ്യാപനം നടത്തിയത്.
വിജയ് ബാബു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെ:
'#ആടു3 ഭാവി സമ്മാനം. 2026 മാര്‍ച്ച് 19 ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍.' 'പിങ്കിയുടെ ഷാജി പാപ്പന് ജന്മദിനാശംസകള്‍. ഷാജിയേട്ടാ @actor_jayasurya ന് ജന്മദിനാശംസകള്‍.' സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും ഈ വാര്‍ത്ത പങ്കുവെച്ചു. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഇത് ഇരട്ടി മധുരമാണ് നല്‍കിയത്.
ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് എന്നിവര്‍ ചേര്‍ന്നാണ് ഈ വമ്പന്‍ ചിത്രം നിര്‍മ്മിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ 23ാമത്തെ ചിത്രമാണ് ആട് 3.
ഭൂതകാലം, വര്‍ത്തമാനം, ഭാവി എന്നീ മൂന്ന് സമാന്തര സമയരേഖകളിലൂടെ ഐക്കണിക് ആട് ഓടുന്നത് കാണിക്കുന്ന പോസ്റ്റര്‍ ഇതിനകം തന്നെ കൗതുകം ജനിപ്പിച്ചിട്ടുണ്ട്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കുന്ന എപ്പിക് ഫാന്റസി ചിത്രമായ ആട് 3 യുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുകയാണ്. ജയസൂര്യ, വിനായകന്‍, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ് തുടങ്ങി വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ തന്നെ പുറത്തു വരും.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - വിനയ് ബാബു, ഛായാഗ്രഹണം - അഖില്‍ ജോര്‍ജ്ജ്, സംഗീതം - ഷാന്‍ റഹ്‌മാന്‍, എഡിറ്റര്‍ - ലിജോ പോള്‍, ലൈന്‍ പ്രൊഡ്യൂസര്‍ -ഗോപകുമാര്‍ ജി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിബു ജി സുശീലന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ അനീസ് നാടോടി, മേക്കപ്പ്- റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍, ക്രിയേറ്റീവ് ഡയറക്ടര്‍- വിഷ്ണു ഭരതന്‍, വി.എഫ്.എക്‌സ് സൂപ്പര്‍വൈസര്‍ - ജിഷ്ണു ആര്‍ ദേവ്, സ്റ്റില്‍ ഫോട്ടോഗ്രാഫി - വിഷ്ണു എസ് രാജന്‍, പോസ്റ്റര്‍ ഡിസൈന്‍സ് - കോളിന്‍സ് ലിയോഫില്‍, വാര്‍ത്താ പ്രചാരണം- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍ കുമാര്‍.