ജയന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രം 'ശരപഞ്ജരം' ദൃശ്യമികവോടെ വീണ്ടും തിയറ്ററുകളിലേക്ക്

30 ലക്ഷത്തോളം രൂപ ചെലവിട്ടാണ് സിനിമ വീണ്ടും തിയേറ്ററുകളിലെത്തിക്കുന്നത്.

മലയാളികളുടെ പ്രിയ താരം ജയന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രം ശരപഞ്ജരം ദൃശ്യമികവോടെ വീണ്ടും തിയറ്ററുകളിലേക്ക്. ചിത്രം 4 കെ മികവോടെ ഈ മാസം 25 ന് തിയറ്ററുകളിലെത്തും. കേരളത്തില്‍ ഏഴുപതിലധികം തിയറ്ററുകളില്‍ പ്രദര്‍ശനം ഉണ്ടാകുമെന്ന് അണിയറക്കാര്‍ പറഞ്ഞു.

മലയാറ്റൂര്‍ രാമകൃഷ്ണന്റെ കഥയില്‍ 1979 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് ജിപി ബാലന്‍ നിര്‍മ്മിച്ച ചിത്രം റോഷിക എന്റര്‍പ്രൈസസ് ആണ് ഇപ്പോള്‍ വീണ്ടും തിയറ്ററിലെത്തിക്കുന്നത്. ജയന്‍ എന്ന കരുത്തനായ നടന്റെ അഭിനയ ജീവിതത്തില്‍ നിര്‍ണായകമായ വഴിത്തിരിവ് സൃഷ്ടിച്ച ചിത്രമാണ് ഇത്. റിലീസ് ചെയ്ത് 46 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.

പുതുമയാര്‍ന്ന പ്രമേയവും ശക്തമായ കഥാപാത്രങ്ങള്‍ കൊണ്ടും സമ്പന്നമായ ചിത്രത്തില്‍ ജയന്‍, ഷീല, സത്താര്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ശങ്കര്‍, ശരത്ത് ബാബു, നെല്ലിക്കോട് ഭാസ്‌കരന്‍, പി കെ അബ്രഹാം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ജയനെത്തിയത്. അദ്ദേഹം അവതരിപ്പിച്ച ചന്ദ്രശേഖരന്‍ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

30 ലക്ഷത്തോളം രൂപ ചെലവിട്ടാണ് സിനിമ വീണ്ടും തിയേറ്ററുകളിലെത്തിക്കുന്നത്. ജയന്റെ മീന്‍ എന്ന സിനിമയും ദൃശ്യമികവോടെ വീണ്ടും ഇറക്കുമെന്ന് വിതരണക്കാര്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ തുടരും എന്ന സിനിമയ്‌ക്കൊപ്പമാണ് ജയന്റെ ശരപഞ്ജരവും തിയേറ്ററില്‍ എത്തുന്നത്. റീ റിലീസുകള്‍ തരംഗമാകുന്ന കാലത്ത് മോഹന്‍ലാലിന് മുന്നില്‍ ശരപഞ്ജരം വാഴുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

മമ്മൂട്ടി ചിത്രങ്ങളായ ഒരു വടക്കന്‍ വീരഗാഥ, ആവനാഴി, വല്യേട്ടന്‍, മോഹന്‍ലാലിന്റെ ദേവദൂതന്‍, മണിച്ചിത്രത്താഴ്, സ്ഫടികം തുടങ്ങിയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ വീണ്ടുമെത്തിയിരുന്നു. ഇതില്‍ ദേവദൂതന്‍, മണിച്ചിത്രത്താഴ്, സ്ഫടികം എന്നിവയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്.

Related Articles
Next Story
Share it