കലാഭവന്‍ നവാസും രഹനയും ഒരുമിച്ച അവസാന ചിത്രം 'ഇഴ' യുട്യൂബില്‍ റിലീസ് ചെയ്ത് നിര്‍മ്മാതാക്കള്‍
16 മണിക്കൂര്‍ കൊണ്ട് കണ്ടത് ലക്ഷക്കണക്കിനാളുകള്‍

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായ നവാസിന്റെ 51-ാം വയസ്സിലെ വിയോഗം മലയാളികളെയും സിനിമാ മേഖലയെയും ഒരുപോലെ ഞെട്ടിച്ചു. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ഹോട്ടലില്‍ എത്തിയ അദ്ദേഹം മുറിയില്‍ വച്ചാണ് ഇക്കഴിഞ്ഞ ഓഗസ്ത് ഒന്നിന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്.
മരണം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം നവാസും ഭാര്യ രഹനയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഇഴ എന്ന ചിത്രം യുട്യൂബില്‍ റിലീസ് ചെയ്തിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. നവാഗതനായ സിറാജ് റെസയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. ഇപ്പോഴിതാ നവാസിന്റെ വിയോഗത്തിന് പിന്നാലെ ചിത്രം യുട്യൂബില്‍ റിലീസ് ചെയ്തിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
റെസ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്ന യുട്യൂബ് ചാനലിലൂടെ വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. 16 മണിക്കൂര്‍ കൊണ്ട് 3.19 ലക്ഷത്തിന് മുകളില്‍ പേര്‍ ചിത്രം കണ്ടുകഴിഞ്ഞു. 700 ല്‍ അധികം കമന്റുകളും ഉണ്ട്. കലാഭവന്‍ നവാസ് എന്ന കലാകാരനോടുള്ള ഇഷ്ടമാണ് കമന്റ് ബോക്‌സില്‍ നിറയെ ആസ്വാദകര്‍ പ്രകടിപ്പിക്കുന്നത്. ചെറിയ ബജറ്റില്‍ ഒരുക്കിയ മികച്ച ചിത്രമെന്നും ആസ്വാദകര്‍ അഭിപ്രായപ്പെട്ടു.
സമീപകാലത്താണ് നവാസ് സിനിമയില്‍ വീണ്ടും സജീവമായത്. വിവാഹത്തിനുശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നിരുന്ന രഹ് ന വീണ്ടും അഭിനയിച്ച ചിത്രം കൂടിയാണിത്. ഭാര്യാഭര്‍ത്താക്കന്മാരായാണ് ഇരുവരും സിനിമയിലും അഭിനയിച്ചത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരന്നു.
ഇഴയില്‍ കലാഭവന്‍ നവാസ് ഷൗക്കത്ത് ആയും രഹന ഭാര്യ സുമയ്യ ആയും ആണ് എത്തിയത്. പ്രവാസിയായ ഷൗക്കത്ത് വിദേശത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നതും ഉപജീവനത്തിനായി ശ്രമിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളുമാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. സലിം മുദുവമ്മല്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ സിനോജ് വര്‍ഗീസും അജീഷ് ജോണും മറ്റ് വേഷങ്ങള്‍ അവതരിപ്പിക്കുന്നു. റിലീസ് സമയത്ത് ഈ ചിത്രം വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും നവാസിന്റെ മരണത്തിന് പിന്നാലെ വലിയ സ്വീകരണമാണ് ലഭിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം ഷമീര്‍ ജിബ്രാന്‍, എഡിറ്റിംഗ് ബിന്‍ഷാദ്, പശ്ചാത്തല സംഗീതം ശ്യാം ലാല്‍, അസോസിയേറ്റ് ക്യാമറ എസ് ഉണ്ണികൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബബീര്‍ പോക്കര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്‍ ആര്‍ ക്രിയേഷന്‍സ്, കോ പ്രൊഡ്യൂസേഴ്‌സ് ശിഹാബ് കെ എസ്, കില്‍ജി കൂളിയാട്ട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഫായിസ് മുബീന്‍, സൗണ്ട് മിക്‌സിംഗ് ഫസല്‍ എ ബക്കര്‍, സൗണ്ട് ഡിസൈന്‍ വൈശാഖ് സോഭന്‍, മേക്കപ്പ് നിമ്മി സുനില്‍, കാസ്റ്റിംഗ് ഡയറക്ടര്‍ അസിം കോട്ടൂര്‍, സ്റ്റില്‍സ് സുമേഷ്, ആര്‍ട്ട് ജസ്റ്റിന്‍, കോസ്റ്റ്യൂം ഡിസൈന്‍ രഹനാസ് ഡിസൈന്‍, ടൈറ്റില്‍ ഡിസൈന്‍ മുഹമ്മദ് സല. ഈ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് രചനയും സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകനായ സിറാജ് റെസ തന്നെയാണ്.
ധ്യാന്‍ ശ്രീനിവാസന്‍ അഭിനയിച്ച ഡിറ്റക്ടീവ് ഉജ്ജ്വലന്‍ എന്ന ചിത്രത്തിലാണ് നവാസ് അവസാനമായി അഭിനയിച്ചത്. ജൂനിയര്‍ മാന്‍ഡ്രേക്ക്, മാട്ടുപ്പെട്ടി മച്ചാന്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തനായിരുന്നു.