'ജീവിതകാലം മുഴുവന്‍ ഞാന്‍ വിലമതിക്കുന്ന നിമിഷം'; കന്നി ദേശീയ അവാര്‍ഡ് നേട്ടത്തില്‍ നടന്‍ ഷാരൂഖ് ഖാന്‍

നന്ദിയും അഭിമാനവും വിനയവും കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നാണ് അവാര്‍ഡ് കിട്ടിയ നിമിഷത്തെ കുറിച്ചുള്ള ഷാരൂഖിന്റെ പ്രതികരണം

ജവാന്‍ സിനിമയിലൂടെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതിലുള്ള സന്തോഷം പങ്കുവച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. 71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. നന്ദിയും അഭിമാനവും വിനയവും കൊണ്ട് നിറഞ്ഞിരിക്കുന്നു' എന്നാണ് അവാര്‍ഡ് കിട്ടിയ നിമിഷത്തെ കുറിച്ചുള്ള ഷാരൂഖിന്റെ പ്രതികരണം. 30 വര്‍ഷത്തിലേറെ നീണ്ട കരിയറിലെ ആദ്യത്തെ ദേശീയ അവാര്‍ഡാണിതെന്നും 59 കാരനായ ഷാരൂഖ് പറഞ്ഞു.

ആഗോള ബോക്‌സ് ഓഫീസില്‍ 1,100 കോടി രൂപയിലധികം കളക്ഷന്‍ നേടിയിരുന്നു ആറ്റ്ലിയുടെ ആക്ഷന്‍ പായ്ക്ക്ഡ് ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ജവാന്‍. നടന്‍ വിക്രാന്ത് മാസിയോടൊപ്പമാണ് ഷാരൂഖ് ഈ ബഹുമതി പങ്കിട്ടത്.

'ട്വല്‍ത്ത് ഫെയ്ല്‍' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാസി പുരസ്‌കാരത്തിന് അര്‍ഹനായത്. ജവാനില്‍ ഷാരൂഖ് ഇരട്ട വേഷത്തിലാണ് എത്തിയത്. മുന്‍ ആര്‍മി ഓഫിസറായ വിക്രം റാത്തോഡായും, വ്യവസ്ഥാപരമായ അഴിമതി പരിഹരിക്കുക എന്ന ദൗത്യമുള്ള അദ്ദേഹത്തിന്റെ ജയിലറായ മകന്‍ ആസാദായുമാണ് അഭിനയിച്ചത്.

ദേശീയ അവാര്‍ഡിനെ 'ജീവിതകാലം മുഴുവന്‍ ഞാന്‍ വിലമതിക്കുന്ന ഒരു നിമിഷം' എന്നായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ താരം പറഞ്ഞത്. വരാനിരിക്കുന്ന ചിത്രം കിംഗിന്റെ സെറ്റില്‍ വച്ച് പരിക്കേറ്റതിനെത്തുടര്‍ന്ന് വലതുകൈയില്‍ പ്ലാസ്റ്ററിട്ട് വിശ്രമത്തിലിരിക്കുന്ന ഷാരൂഖിനെയാണ് വീഡിയോയില്‍ കണ്ടത്.

'ഒരു ദേശീയ അവാര്‍ഡ് എന്നത് നേട്ടങ്ങളെക്കുറിച്ചുള്ളത് മാത്രമല്ല, ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രധാനമാണെന്ന് കൂടി ഓര്‍മ്മപ്പെടുത്തുന്നു. മുന്നോട്ട് പോകാനും, കഠിനാധ്വാനം ചെയ്യാനും, സിനിമയെ സേവിക്കാനും അത് എന്നോട് പറയുന്നു,' എന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.

'കേള്‍ക്കാന്‍, ശബ്ദങ്ങള്‍ നിറഞ്ഞ ഒരു ലോകത്ത്, അത് ഒരു അനുഗ്രഹമാണ്. ഈ അംഗീകാരം ഒരു ഫിനിഷിംഗ് ലൈനായിട്ടല്ല, മറിച്ച് പരിശ്രമിക്കാനും, പഠിക്കാനും, തിരികെ നല്‍കാനും ഉള്ള ഇന്ധനമായി ഉപയോഗിക്കുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. അഭിനയം വെറും ജോലിയല്ല, മറിച്ച് സ്‌ക്രീനില്‍ സത്യം കാണിക്കാനുള്ള ഉത്തരവാദിത്തമാണെന്ന് ഈ അവാര്‍ഡ് എന്നെ ഓര്‍മ്മപ്പെടുത്തുന്നു. എല്ലാ സ്‌നേഹത്തിനും ഞാന്‍ നന്ദിയുള്ളവനാണ്,' എന്നും ഈ ബോളിവുഡ് ഇതിഹാസം പറഞ്ഞു.

ജൂറി, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, അദ്ദേഹത്തിന്റെ സമീപകാല സഹപ്രവര്‍ത്തകരായ രാജ് കുമാര്‍ ഹിരാനി (ഡങ്കിയുടെ സംവിധായകന്‍), സിദ്ധാര്‍ത്ഥ് ആനന്ദ് (പത്താന്‍ സംവിധായകന്‍), ജവാന്‍ സംവിധാനം ചെയ്ത ആറ്റ്ലി എന്നിവരോടും അദ്ദേഹം നന്ദി പറഞ്ഞു.

1992 ല്‍ ദീവാനയിലൂടെ ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ച ഷാരൂഖ് , വര്‍ഷങ്ങളായി തന്റെ കുടുംബം നല്‍കിയ പിന്തുണയ്ക്കും നന്ദി പറഞ്ഞു. 'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, വീട്ടിലെ കുട്ടിയെപ്പോലെ എനിക്ക് വളരെയധികം സ്‌നേഹവും കരുതലും നല്‍കുന്ന എന്റെ ഭാര്യയും കുട്ടികളും എനിക്ക് നല്ലത് വരാന്‍ മാത്രം ആഗ്രഹിക്കുന്നു. സിനിമയോടുള്ള എന്റെ അഭിനിവേശം എന്നെ അവരില്‍ നിന്ന് അകറ്റുന്നുവെന്ന് അവര്‍ക്കറിയാം, പക്ഷേ അവരെല്ലാം ഒരു പുഞ്ചിരിയോടെ അത് സഹിക്കുകയും എന്നെ അതിന് അനുവദിക്കുകയും ചെയ്യുന്നു. അതിന് അവര്‍ക്ക് വളരെ നന്ദി,' എന്നും താരം പറഞ്ഞു.

പരിക്ക് ഭേദമായി ഉടന്‍ തന്നെ തിരിച്ചുവരുമെന്ന് പറഞ്ഞ് അദ്ദേഹം തന്റെ ആരാധകരോട് നന്ദി പറഞ്ഞു. 'എല്ലാവരുടെയും ആര്‍പ്പുവിളിക്കും കണ്ണീരിനും നന്ദി, ഓരോ അവാര്‍ഡും പോലെ ഈ അവാര്‍ഡും നിങ്ങള്‍ക്കുള്ളതാണ്, അതെ, നിങ്ങള്‍ക്കായി എന്റെ കൈകള്‍ വിരിച്ച് എന്റെ സ്‌നേഹം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, പക്ഷേ എനിക്ക് അല്‍പ്പം അസ്വസ്ഥതയുണ്ട്. പക്ഷേ വിഷമിക്കേണ്ട, പോപ് കോണ്‍ തയ്യാറാക്കി വയ്ക്കുക. ഞാന്‍ ഉടന്‍ തന്നെ തിയേറ്ററുകളിലും സ്‌ക്രീനിലും തിരിച്ചെത്തും, അതുവരെ, ഒരു കൈകൊണ്ട് മാത്രം.'എന്നും താരം പറഞ്ഞു.

Related Articles
Next Story
Share it