കെജിഎഫ് താരം ഹരീഷ് റായ് അന്തരിച്ചു

തൈറോയ്ഡ് കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു

ബെംഗളൂരു: കള്‍ട്ട് ക്ലാസിക് ചിത്രമായ ഓമിലെ ഡോണ്‍ റായി, കെജിഎഫിലെ ചാച്ച എന്നീ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ പ്രശംസ പിടിച്ചുപറ്റിയ കന്നഡ നടന്‍ ഹരീഷ് റായ് അന്തരിച്ചു. വ്യാഴാഴ്ച ബെംഗളൂരുവിലെ കിഡ്വായ് ആശുപത്രിയിലായിരുന്നു അന്ത്യം. തൈറോയ്ഡ് കാന്‍സറുമായി മല്ലിടുകയായിരുന്നു അദ്ദേഹം. അത് വയറ്റിലേക്ക് പടര്‍ന്ന് നില ഗുരുതരമാവുകയും 55ാം വയസ്സില്‍ മരണം സംഭവിക്കുകയുമായിരുന്നു.

വളരെക്കാലമായി രോഗവുമായി മല്ലിടുകയായിരുന്നു. ശരീരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വയര്‍ വീര്‍ത്തനിലയിലായിരുന്നു. രോഗാവസ്ഥയിലുള്ള അദ്ദേഹത്തിന്റെ ദുര്‍ബലമായ ശരീരം ആരാധകരുടെ ഹൃദയം തകര്‍ത്തു. വൈദ്യചികിത്സയും അഭ്യുദയകാംക്ഷികളുടെ പ്രാര്‍ത്ഥനകളും ഉണ്ടായിരുന്നിട്ടും ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

സോഷ്യല്‍ മീഡിയ ഇന്‍ഫ് ളുവന്‍സര്‍ ഗോപി ഗൗഡ്രു അടുത്തിടെ നടനെ സന്ദര്‍ശിച്ച് ഒരു വൈകാരിക വീഡിയോ ഓണ്‍ലൈനില്‍ പങ്കിട്ടിരുന്നു. ക്ലിപ്പില്‍, ഹരീഷ് റായ് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചു, ആരോഗ്യം മെച്ചപ്പെട്ടുകഴിഞ്ഞാല്‍ അഭിനയത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. തന്റെ ചികിത്സയുടെ അമിതമായ ചിലവും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഒരു കുത്തിവയ്പ്പിന് 3.55 ലക്ഷം രൂപയാണ് ചിലവാകുന്നത്. ഒരു സൈക്കിളിന് മൂന്ന് കുത്തിവയ്പ്പുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു, അതായത് ഓരോ 63 ദിവസത്തിലും ആകെ 10.5 ലക്ഷം രൂപ വേണ്ടിവരും. പൂര്‍ണ്ണ ചികിത്സയ്ക്ക് 70 ലക്ഷം രൂപ വരെ ചിലവാകുമായിരുന്നു.

കെജിഎഫ് താരം യാഷ് സഹായം വാഗ്ദാനം ചെയ്തതായുള്ള റിപ്പോര്‍ട്ടുകളോട് ഹരീഷ് റായ് യുടെ പ്രതികരണം ഇങ്ങനെയായിരുന്നു;

'യാഷ് മുമ്പ് എന്നെ സഹായിച്ചിട്ടുണ്ട്. എനിക്ക് എല്ലായ്പ്പോഴും അദ്ദേഹത്തോട് ചോദിക്കാന്‍ കഴിയില്ല. ഒരാള്‍ക്ക് എത്രമാത്രം ചെയ്യാന്‍ കഴിയും? എന്റെ ആരോഗ്യത്തെക്കുറിച്ച് ഞാന്‍ അദ്ദേഹത്തെ അറിയിച്ചിട്ടില്ല, പക്ഷേ അദ്ദേഹം അറിഞ്ഞാല്‍, തീര്‍ച്ചയായും എന്റെ കൂടെ നില്‍ക്കുമെന്ന് എനിക്കറിയാം. അദ്ദേഹം ഒരു കോള്‍ മാത്രം അകലെയാണ്, എന്നിരുന്നാലും അദ്ദേഹം തന്റെ വരാനിരിക്കുന്ന ചിത്രമായ ടോക്‌സിക്കിന്റെ തിരക്കിലാണ്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ ഞാന്‍ എന്റെ കുടുംബത്തോടും മക്കളോടും പറഞ്ഞിട്ടുണ്ട്'- എന്നുമായിരുന്നു.

ഓം, സമര, ബാംഗ്ലൂര്‍ അണ്ടര്‍വേള്‍ഡ്, ജോഡിഹക്കി, രാജ് ബഹാദൂര്‍, സഞ്ജു വെഡ്സ് ഗീത, സ്വയംവര, നല്ല തുടങ്ങിയ നിരവധി കന്നഡ, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും കെ.ജി.എഫിന്റെ രണ്ട് അധ്യായങ്ങളിലും ഹരീഷ് റായ് അഭിനയിച്ചു. അദ്ദേഹത്തിന്റെ വൈവിധ്യമാര്‍ന്ന പ്രകടനങ്ങളും സിനിമയോടുള്ള സമര്‍പ്പണവും ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ അദ്ദേഹത്തെ ആദരണീയനും പ്രിയപ്പെട്ടവനുമാക്കി മാറ്റി.

Related Articles
Next Story
Share it