'ഒപ്പം' സിനിമയുടെ ഹിന്ദി റിമേക്കിലൂടെ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും വീണ്ടും ഒന്നിക്കുന്നു
'ഹൈവാന്റെ' ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം 'ഒപ്പ'ത്തിന്റെ ഹിന്ദി റിമേക്കിലൂടെ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും വീണ്ടും ഒന്നിക്കുന്നു. 'ഹൈവാന്‍' എന്നാണ് ഹിന്ദി റിമേക്കിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ഊട്ടി, മുംബൈ എന്നിവിടങ്ങളിലും ചിത്രീകരണം നടക്കും. സിനിമയുടെ ചിത്രീകരണം മുപ്പത്തിയഞ്ച് ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
18 വര്‍ഷത്തിനുശേഷമാണ് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒന്നിക്കുന്നത്. 2008ല്‍ റിലീസ് ചെയ്ത 'തഷാനി'ലാണ് ഇരുവരും അവസാനമായി ഒന്നിച്ചെത്തിയത്. മെയ്ന്‍ ഖിലാഡി തു അനാരി, യെ ദില്ലഗി, തു ചോര്‍ മെയ്ന്‍ സിപാഹി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അക്ഷയും സെയ്ഫും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പ്രിയദര്‍ശന്റെ ഹൈവാനിലൂടെ ഒരുമിക്കുന്നതിലുള്ള സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരും പങ്കുവച്ചിരുന്നു.
സെയ്ഫ് അലി ഖാന്‍ ആകും മോഹന്‍ലാല്‍ അവതരിപ്പിച്ച അന്ധനായ കഥാപാത്രത്തെ അവതരിപ്പിക്കുക. സമുദ്രക്കനി അവതരിപ്പിച്ച വില്ലന്‍ വേഷത്തില്‍ അക്ഷയ് കുമാര്‍ എത്തുന്നു. മലയാളത്തിലെ കഥയുടെ അതേ പകര്‍പ്പായല്ല, ചിത്രം ഹിന്ദിയിലെത്തുന്നത്. കഥയിലും കഥാപാത്രങ്ങളിലും വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നാണ് അണിയറക്കാര്‍ നല്‍കുന്ന സൂചന.
നെടുമുടി വേണു ചെയ്ത വേഷം ചെയ്യുന്നത് ബൊമന്‍ ഇറാനിയാണ്. ഷരിബ് ഹാഷ്മി, അസ്രാണി, സയ്യാമി ഖേര്‍, ശ്രിയ പില്‍ഗോന്‍ക എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ദിവാകര്‍ മണിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറില്‍. കെവിഎന്‍ പ്രൊഡക്ഷന്സ് ആണ് നിര്‍മാണം.