ഗെയിം ഓഫ് ത്രോണ്‍ താരവും എംപുരാനില്‍; ബോറിസ് ഒലിവറായി എത്തുന്നത് ജെറോം ഫ്‌ളിന്‍

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാന്‍ തിയേറ്ററുകളിലെത്താന്‍ ഇനി അധികനാളില്ല. ഇതിനിടെ ചിത്രത്തിലെ താരനിരയെ പരിചയപ്പെടുത്തിക്കൊണ്ട് ഓരോ ദിവസും ക്യാരക്ടര്‍ റിവീല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുവരികയാണ്. ഞായറാഴ്ച ഇറക്കിയ ക്യാരക്ടര്‍ റിവീലില്‍ കണ്ണുതള്ളിയിരിക്കുകയാണ് ആരാധകര്‍. ലോകമെമ്പാടുമുള്ള സീരീസ് ആരാധകര്‍ ഏറ്റെടുത്ത ഗെയിം ഓഫ് ത്രോണ്‍സിലെ കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച ഹോളിവുഡ് നടന്‍ ജെറോം ഫ്‌ളിന്നും എംപുരാനില്‍ എത്തും. ബോറിസ് ഒലിവര്‍ എന്ന കഥാപാത്രത്തിലൂടെയാണ് ഫ്‌ളിന്‍ എംപുരാനില്‍ ഉണ്ടാവുക. ഗെയിം ഓഫ് ത്രോണ്‍സില്‍ ബ്രോണ്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.
''എംപുരാനില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിലും മോളിവുഡ്ഡിന്റെ ഭാഗമായതിലും ഏറെ സന്തോഷമുണ്ട്. യു.കെയിലും യു.എസ്സിലും ചെയ്തതില്‍ നിന്ന് വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു എംപുരാനിലേത്. തന്റെ കരിയര്‍ യാത്രയിലെ വിലമതിക്കാനാവാത്ത പ്രധാന ഭാഗമാണിത്. ഇരുപതുകളിലും മുപ്പതുകളിലും ഇന്ത്യയില്‍ ചിലവഴിച്ചിട്ടുണ്ട്. തിരികെ ഇന്ത്യയിലേക്ക് വീണ്ടും വരുന്നത് വീട്ടിലേക്കുള്ള മടക്കം പോലെയാണ് അനുഭവപ്പെടുന്നത്''. ജെറോം ഫ്‌ളിന്‍ പറഞ്ഞു.