നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രമുഖ സിനിമാ നിര്‍മാതാവ് അരവിന്ദ് വെങ്കടേഷ് റെഡ്ഡി അറസ്റ്റില്‍

ശ്രീലങ്കയില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയപ്പോഴാണ് അരവിന്ദ് വെങ്കടേഷ് റെഡ്ഡിയെ വിമാനത്താവളത്തില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്

ബെംഗളൂരു: നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രമുഖ സിനിമാ നിര്‍മാതാവ് ബെംഗളൂരുവില്‍ അറസ്റ്റില്‍. എ.വി.ആര്‍ എന്റര്‍ടെയ്ന്‍മെന്റ് ഉടമയും ബിസിനസുകാരനുമായ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയാണ് അറസ്റ്റിലായത്. കന്നട നടിയും മോഡലുമായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ശ്രീലങ്കയില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയപ്പോഴാണ് അരവിന്ദ് വെങ്കടേഷ് റെഡ്ഡിയെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. എസിപി ചന്ദന്റെയും ഓഫീസര്‍ സുബ്രഹ്‌മണിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. നടിയുടെ പരാതിയില്‍ പൊലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

അടുപ്പം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നും നടിയുടെ പരാതിയില്‍ പറയുന്നു. നിര്‍മാതാവിന്റെ സമ്മര്‍ദം മൂലം ആത്മഹത്യക്ക് ശ്രമിച്ചെന്നും ആശുപത്രിയിലെത്തിയും ഇയാള്‍ ഭീഷണിപ്പെടുത്തല്‍ തുടര്‍ന്നുവെന്നും നടി പരാതിയില്‍ ആരോപിക്കുന്നു. അതേസമയം, നടിയുടെ ആരോപണം നിഷേധിക്കുകയാണ് അരവിന്ദ്. നടിക്ക് താന്‍ പണവും വീടും നല്‍കിയിരുന്നുവെന്നും നടി മറ്റൊരാളുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും അരവിന്ദ് ആരോപിക്കുന്നു

2021 ല്‍ ശ്രീലങ്കയില്‍ നടന്ന ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനായി പ്രത്യേക അതിഥിയായി നടിയെ ക്ഷണിച്ചിരുന്നു. അന്നുമുതലാണ് ഇരുവരും ബന്ധം തുടങ്ങിയത്. ദുബായ്, ശ്രീലങ്ക, ഇന്ത്യ എന്നിവിടങ്ങളില്‍ നിരവധി സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ സ്‌പോണ്‍സര്‍ ചെയ്ത എവിആര്‍ ഗ്രൂപ്പിന്റെ ഉടമയായ അരവിന്ദ്, അഭിനേതാക്കളുമായും മോഡലുകളുമായും പതിവായി ഇടപഴകിയിരുന്നു, സൗഹൃദത്തിന്റെ മറവില്‍ അയാള്‍ ക്രമേണ 'തന്റെ സ്വകാര്യ ഇടത്തിലേക്ക് പ്രവേശിച്ചു' എന്നാണ് നടി നല്‍കിയ പരാതിയില്‍ പറയുന്നത്. 2023 ല്‍ നടി അകലം പാലിക്കാന്‍ തുടങ്ങിയപ്പോള്‍, അരവിന്ദ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് നടിയുടെ ആരോപണം.

Related Articles
Next Story
Share it