ഫഹദ് ഫാസിലിനൊപ്പമുള്ള ആക്ഷന്‍ ത്രില്ലര്‍ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ പ്രേം കുമാര്‍; ഷൂട്ടിംഗ് ജനുവരിയില്‍

96, മെയ്യഴകന്‍ എന്നീ വൈകാരിക പശ്ചാത്തലമുള്ള ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് പ്രേം കുമാര്‍

ഫഹദ് ഫാസിലിനൊപ്പമുള്ള ആക്ഷന്‍ ത്രില്ലര്‍ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ പ്രേം കുമാര്‍. 96, മെയ്യഴകന്‍ എന്നീ വൈകാരിക പശ്ചാത്തലമുള്ള ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് പ്രേം കുമാര്‍. ഗോപിനാഥുമായുള്ള ഒരു അഭിമുഖത്തിലാണ് തന്റെ അടുത്ത പ്രോജക്റ്റില്‍ നടന്‍ ഫഹദ് ഫാസില്‍ നായകനാകുമെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. വരാനിരിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നും, ഒപ്പം പ്രണയത്തിനും പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫഹദ് ഫാസിലിനോട് ചിത്രത്തിന്റെ തിരക്കഥയെ കുറിച്ച് സംസാരിച്ചുവെന്നും 45 മിനുട്ട് നേരം കഥ കേട്ടപ്പോള്‍ തന്നെ അത് താരത്തിന് ഇഷ്ടപ്പെട്ടെന്നും ഏറെക്കാലമായി തന്റെ മനസിലുള്ള കഥയാണിതെന്നും പ്രേം കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞു. 2026 ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. തമിഴിലായിരിക്കും ചിത്രം ഒരുക്കുന്നത്.

പ്രേം കുമാറിന്റെ അടുത്ത ചിത്രം ചിയാന്‍ വിക്രമിനൊപ്പമുള്ളതായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അതുകൊണ്ടുതന്നെ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ഇപ്പോള്‍ ഫഹദിനൊപ്പമുള്ള ചിത്രം സംവിധായകന്‍ തന്നെ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തല്‍ ചിയാനൊപ്പമുള്ള ചിത്രത്തിനായി ആരാധകര്‍ക്ക് ഇനിയും കൂടുതല്‍ സമയം കാത്തിരിക്കേണ്ടിവരും. കാരണം ചിത്രത്തിന്റെ രചന പൂര്‍ത്തിയാകാന്‍ ഇനിയും മാസങ്ങള്‍ എടുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ഛായാഗ്രാഹകനായി തുടങ്ങിയ പ്രേം കുമാര്‍ '96' എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധനേടിയത്. പിന്നീട് ഇതേ ചിത്രം 'ജാനു' എന്ന പേരില്‍ തെലുങ്കില്‍ റീമേക്ക് ചെയ്തു. കാര്‍ത്തിയും അരവിന്ദ് സ്വാമിയും പ്രധാനവേഷങ്ങളിലെത്തിയ 'മെയ്യഴഗനും' പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണ്. '96'-ന്റെ രണ്ടാം ഭാഗം നിര്‍മിക്കാന്‍ ഒരുങ്ങുന്നുവെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും അത് പിന്നീട് പ്രേം കുമാര്‍ നിഷേധിച്ചു. ഇതിനിടെ വിക്രമുമായി ചേര്‍ന്ന് ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു.

വടിവേലുവിനൊപ്പം പ്രധാനവേഷം ചെയ്ത 'മാരീശന്‍' ആണ് ഫഹദിന്റെ ഒടുവിലിറങ്ങിയ തമിഴ് ചിത്രം. രജനീകാന്തിനൊപ്പമുള്ള 'വേട്ടയ്യന്‍', വടിവേലുവിനൊപ്പമുള്ള 'മാമന്നന്‍', ലോകേഷ് കനകരാജിന്റെ കമല്‍ ഹാസന്‍ ചിത്രം 'വിക്രം' എന്നിവ ഫഹദിന് തമിഴില്‍ വന്‍ സ്വീകാര്യതയാണ് നല്‍കിയത്.

നിലവില്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയേറ്റില്‍ അഭിനയിക്കുകയാണ് ഫഹദ് ഫാസില്‍. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ശക്തമായ വേഷം കൈകാര്യം ചെയ്യുന്നു. നവാഗതനായ റോയ് സംവിധാനം ചെയ്യുന്ന കരാട്ടേ ചന്ദ്രനിലും ഫഹദ് അഭിനയിക്കുന്നുണ്ട്.

Related Articles
Next Story
Share it