പ്രേക്ഷകര്‍ കാത്തിരുന്ന ദൃശ്യം 3 യുടെ ക്ലൈമാക്‌സ് പൂര്‍ത്തിയായി; ചിത്രീകരണം ഒക്ടോബറിലെന്ന് ജീത്തു ജോസഫ്
മാനസികവും ശാരീരികവുമായുള്ള പോരാട്ടമായിരുന്നു അതെന്നും ഇപ്പോള്‍ ആശ്വാസം തോന്നുന്നു എന്നും സംവിധായകന്‍

മോഹന്‍ ലാലിനേയും മീനയേയും പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകന്‍ ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം സൂപ്പര്‍ ഹിറ്റായിരുന്നു. മോഹന്‍ ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടി എന്ന കഥാപാത്രം മലയാളികള്‍ മാത്രമല്ല, മറ്റ് ഭാഷകളിലെ ആരാധകരും ഒരിക്കലും മറക്കില്ല. കാരണം അവരുടെ മനസില്‍ ആ കഥാപാത്രം അത്രമേല്‍ പതിഞ്ഞിരുന്നു. ദൃശ്യം സിനിമയ്ക്ക് പിന്നാലെ ദൃശ്യം 2 ഉം പ്രേക്ഷകര്‍ ഏറ്റെടുത്തു. പിന്നാലെയാണ് ഇക്കഴിഞ്ഞ ജൂണില്‍ ദൃശ്യം 3 ഉം അണിയറക്കാര്‍ പ്രഖ്യാപിച്ചത്. മോളിവുഡിന്റെ തലവര തന്നെ മാറ്റിയ ചിത്രമായിരുന്നു ദൃശ്യം ഫ്രാഞ്ചൈസി. ദൃശ്യം പരമ്പര 2013 ല്‍ ആണ് ആരംഭിച്ചത്.
ഭാഷാഭേദമെന്യെ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രം വിവിധ ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെടുകയും അതെല്ലാം സൂപ്പര്‍ ഹിറ്റാവുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ദൃശ്യം 3 യെ സംബന്ധിച്ച് ആരാധകര്‍ ഒന്നടങ്കം കാത്തിരുന്ന ആ വാര്‍ത്ത അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്.
സിനിമയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് ക്ലൈമാക്‌സ് എഴുതി പൂര്‍ത്തിയാക്കിയെന്ന വിവരമാണ് സംവിധായകന്‍ ജീത്തു ജോസഫ് അറിയിച്ചത്. മാനസികവും ശാരീരികവുമായുള്ള പോരാട്ടമായിരുന്നു അതെന്നും ഇപ്പോള്‍ ആശ്വാസം തോന്നുന്നു എന്നും ജീത്തു പറഞ്ഞു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ നിര്‍മല കോളേജില്‍ ഫിലിം ആന്റ് ഡ്രാമ ക്ലബിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം ജീത്തു ജോസഫ് പങ്കുവച്ചത്.
'ഇന്നലെ രാത്രിയാണ് ഞാന്‍ ദൃശ്യം 3യുടെ ക്ലൈമാക്‌സ് എഴുതി പൂര്‍ത്തിയാക്കിയത്. ഇത്രയും നാളും അതിന്റെ ടെന്‍ഷനിലായിരുന്നു. കാരണം മിറാഷ് എന്ന ആസിഫ് അലി പടത്തിന്റെയും, വലതുവശത്തെ കള്ളന്‍ പടത്തിന്റെയും ചിത്രീകരണവുമായി തിരക്കായിരുന്നു. എല്ലാ ദിവസവും രാവിലെ മൂന്നരയ്ക്ക് എഴുന്നേറ്റ് എഴുതും. മാനസികമായും ശാരീരികമായുമുള്ള പോരാട്ടമായിരുന്നു. പക്ഷേ ഇന്നലെ അതില്‍ നിന്നും റിലീഫ് കിട്ടി. ഇവിടെ മ്യൂസിക് ഇട്ടപ്പോള്‍ ദൃശ്യം ഒന്നും രണ്ടും മൂന്നും ഇങ്ങനെ മനസിലൂടെ പോകുകയായിരുന്നു. അത് വല്ലാത്തൊരു ഫീലാണ്', എന്നായിരുന്നു ജീത്തു ജോസഫ് പറഞ്ഞത്.
ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ ജൂണ്‍ 21ന് ആയിരുന്നു ദൃശ്യം 3യുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്നും ജീത്തു ജോസഫ് പറഞ്ഞു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
അജയ് ദേവ്ഗണ്‍ നായകനാകുന്ന ഹിന്ദി പതിപ്പ് ഏതാണ്ട് അതേ സമയം തന്നെ ആരംഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.