പ്രണവ് മോഹന്‍ലാല്‍ മുഖ്യവേഷത്തിലെത്തുന്ന 'ഡീയസ് ഈറേ'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ക്രോധത്തിന്റെ ദിനം എന്ന അര്‍ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍

പ്രണവ് മോഹന്‍ലാല്‍ മുഖ്യവേഷത്തിലെത്തുന്ന 'ഡീയസ് ഈറേ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. രാഹുല്‍ സദാശിവന്‍ രചിച്ച് സംവിധാനം ചെയ്ത ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രം ഹലോവീന്‍(ഒക്ടോബര്‍ 31) റിലീസായി തിയേറ്ററിലെത്തും. വമ്പന്‍ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന മമ്മൂട്ടി ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡീയസ് ഈറേ. അതുകൊണ്ടുതന്നെ ചിത്രം റിലീസ് ചെയ്യാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

ഹൊറര്‍ ത്രില്ലര്‍ എന്ന സിനിമ വിഭാഗത്തിന്റെ സാദ്ധ്യതകള്‍ ഇനിയും കൂടുതലായി ഉപയോഗിക്കുന്ന ചിത്രമായാണ് 'ഡീയസ് ഈറേ' ഒരുക്കുന്നത്. സിനിമയുടെ കഥാപശ്ചാത്തലം സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ക്രോധത്തിന്റെ ദിനം എന്ന അര്‍ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍.

വ്യത്യസ്തവും വൈകാരികവുമായ ലോകമാണ് 'ഡീയസ് ഈറേ'യില്‍ അവതരിപ്പിക്കുന്നത് എന്നും ഇതൊരു ഹൊറര്‍-ത്രില്ലര്‍ സിനിമയായിരിക്കുമ്പോള്‍ തന്നെ, കഥ പറച്ചില്‍ രീതിയിലും മറ്റും വലിയ മാറ്റങ്ങളുണ്ടാകുമെന്നും ചിത്രം പുതിയ ഒരു ദൃശ്യാനുഭവം തന്നെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഭ്രമയുഗത്തിന് ശേഷം രാഹുലും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഭ്രമയുഗത്തിന് ശേഷം ഇന്ത്യന്‍ ഹൊറര്‍ ചിത്രങ്ങള്‍ക്ക് ആഗോളതലത്തില്‍ കൂടുതല്‍ ശ്രദ്ധ നേടിക്കൊടുക്കാന്‍ ഉതകുന്ന തരത്തിലാണ് 'ഡീയസ് ഈറേ' ഒരുക്കുന്നത് എന്നാണ് സൂചന.

ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായ 'ഭ്രമയുഗ'ത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അതേ ക്രിയേറ്റീവ് ടീം തന്നെയാണ് 'ഡീയസ് ഈറേ'യുടെ അണിയറയിലും പ്രവര്‍ത്തിക്കുന്നത്. 2025 ഏപ്രില്‍ 29ന് ചിത്രീകരണം പൂര്‍ത്തിയായ ചിത്രം നിലവില്‍ പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.

ഛായാഗ്രഹണം: ഷെഹ് നാദ് ജലാല്‍ ISC, കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍, സംഗീത സംവിധായകന്‍: ക്രിസ്റ്റോ സേവ്യര്‍, എഡിറ്റര്‍: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനര്‍: ജയദേവന്‍ ചക്കാടത്ത്, സൗണ്ട് മിക്സ്: എം.ആര്‍ രാജാകൃഷ്ണന്‍, മേക്കപ്പ്: റൊണക്‌സ് സേവ്യര്‍, സ്റ്റണ്ട്: കലൈ കിംഗ് സണ്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ, പബ്ലിസിറ്റി ഡിസൈന്‍: എയിസ് തെറ്റിക് കുഞ്ഞമ്മ, സ്റ്റില്‍സ്: അര്‍ജുന്‍ കല്ലിങ്കല്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, വി.എഫ്.എക്‌സ്: ഡിജിബ്രിക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, പിആര്‍ഒ: ശബരി, മ്യൂസിക് ഓണ്‍: നൈറ്റ് ഷിഫ്റ്റ് റെക്കോര്‍ഡ്‌സ്.

Related Articles
Next Story
Share it