തലവന് ശേഷം നടന്‍ ആസിഫ് അലിയും സംവിധായകന്‍ ജിസ് ജോയിയും ഒന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കൊച്ചി: തലവന് ശേഷം നടന്‍ ആസിഫ് അലിയും സംവിധായകന്‍ ജിസ് ജോയിയും ഒന്നിക്കുന്നു. പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞദിവസം നടന്നു. നിര്‍മ്മാതാവ് ടി.ആര്‍. ഷംസുദ്ധീന്‍ ആണ് ഡ്രീം കാച്ചര്‍ പ്രൊഡക്ഷന്‍സ് ബാനറില്‍ പുതിയ പ്രോജക്റ്റ് പ്രഖ്യാപിച്ചത്. ഡ്രീംകാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ അഞ്ചാമത്തെ സംരംഭമാണിത്. കാലിഷ് പ്രൊഡക്ഷന്‍സ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളാണ്.

2024 ലെ ഹിറ്റ് ചിത്രമായ തലവന്റെ തുടര്‍ച്ചയില്‍ ആസിഫ് അലിയും സംവിധായകന്‍ ജിസ് ജോയിയും ഒന്നിക്കുന്ന കാര്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നിരിക്കുന്നത്. ആസിഫ് അലിയും ജിസ് ജോയിയും ഒന്നിച്ച ഇന്നലേ വരെ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് തന്നെയാണ് പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്.

'ഞങ്ങള്‍ പ്രതീക്ഷയോടെ, ഈ യാത്രയിലേക്ക് ചുവടുവെക്കുന്നു, ഞങ്ങളുടെ മുന്‍ ചിത്രങ്ങളില്‍ നിങ്ങള്‍ ഇഷ്ടപ്പെട്ട അതേ ഉള്ളടക്കം, പ്രചോദനം, സന്തോഷം, രസം എന്നിവ ഇതിലും ഉണ്ടാകും എന്ന് ആഗ്രഹിക്കുന്നു,' - എന്നാണ് നിര്‍മ്മാണ പങ്കാളി വേണു ഗോപാലകൃഷ്ണനോടൊപ്പം ഇതുവരെ പേരിട്ടിട്ടില്ലാത്ത പ്രോജക്റ്റ് പ്രഖ്യാപിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഷംസുദ്ധീന്‍ കുറിച്ചത്.

അനൗണ്‍സ്മെന്റ് പോസ്റ്റില്‍, കാനഡയിലേക്കുള്ള ഫ് ളൈറ്റ് ടിക്കറ്റും ഒരു പാസ്പോര്‍ട്ടും ആണ് കാണിക്കുന്നത്. ഒരു പ്രവാസി ഇന്ത്യക്കാരനെ ചുറ്റിപ്പറ്റിയുള്ള സിനിമയായിരിക്കുമെന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. ഇതുവരെയുള്ള എല്ലാ ജിസ് ജോയ് ചിത്രങ്ങളുടെയും ഭാഗമാണ് ആസിഫ് അലി.

ജിസ് ജോയിയുടെ ആദ്യ ചിത്രമായ ബൈസൈക്കിള്‍ തീവ് സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, ഇന്നലേ വരെ, തലവന്‍ എന്നിവയില്‍ ആസിഫ് അലി പ്രധാന വേഷത്തില്‍ എത്തിയിരുന്നു. മോഹന്‍ കുമാര്‍ ഫാന്‍സില്‍ ആസിഫ് അലി ഗസ്റ്റ് റോളില്‍ എത്തിയിരുന്നു.

രേഖചിത്രത്തില്‍ ആണ് ആസിഫ് അവസാനമായി പൊലീസ് ഓഫീസറായി അഭിനയിച്ചത്. ആഭ്യന്തര കുറ്റവാളി എന്ന ചിത്രമാണ് ആസിഫിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. ചിത്രത്തില്‍ ഗാര്‍ഹിക പീഡനക്കേസില്‍ വിചാരണ നേരിടുന്ന ഒരു യുവാവിന്റെ വേഷത്തിലാണ് ആസിഫ് എത്തുന്നത്. അഭ്യന്തര കുറ്റവാളി ഏപ്രില്‍ മൂന്നിന് റിലീസ് ചെയ്യും.

Related Articles
Next Story
Share it