ദുര്‍ഗാ പൂജയ്ക്കിടെ 20 ദിവസത്തോളം നീളുന്ന ഷൂട്ടിംഗ്; പാട്ടുകളും ആക്ഷനും; മോഹന്‍ ലാല്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ച് അനൂപ് മേനോന്‍
ഒരുക്കാന്‍ പോകുന്നത് ബിഗ് ബജറ്റ് ചിത്രം

നടന്‍ അനൂപ് മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം തിയേറ്ററില്‍ എത്താന്‍ ഇനിയും കാത്തിരിക്കണം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനൂപ് മേനോന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൊല്‍ക്കത്ത ദുര്‍ഗാ പൂജാ ആഘോഷത്തിനിടെ സിനിമയിലെ ഒരു നിര്‍ണായക രംഗം ഷൂട്ട് ചെയ്യാനുണ്ടെന്നും അത് അടുത്ത വര്‍ഷമേ നടക്കൂ എന്നും അനൂപ് മേനോന്‍ അറിയിച്ചു.
20 ദിവസത്തോളം വേണ്ടിവരും ദുര്‍ഗാ പൂജയ്ക്കിടെയുള്ള ഷൂട്ട് ചെയ്യാന്‍. ആക്ഷന്‍ ഫൈറ്റ് സീക്വന്‍സാണ് ചിത്രീകരിക്കാനുള്ളത്. പാട്ടുകളും ആക്ഷനും ഒക്കെ ചേര്‍ന്ന ഒരു ചിത്രീകരണം. എല്ലാവരും കാണാന്‍ ആഗ്രഹിക്കുന്ന മോഹന്‍ലാല്‍ ചിത്രമായിരിക്കും ഒരുക്കുക എന്നും അഞ്ച് പാട്ടുകളും മൂന്ന് ഫൈറ്റുകളും ഒക്കെയായി സമയമെടുത്ത് ചെയ്യേണ്ട ചിത്രമാണ് ഇതെന്നും അനൂപ് മേനോന്‍ പറഞ്ഞു.
ബിഗ് ബജറ്റ് ചിത്രമാണ് ഒരുക്കുന്നത്. നിര്‍മാതാക്കള്‍ മാറിയതും ചിത്രീകരണം വൈകാന്‍ കാരണമായി. സംവിധാനത്തിനൊപ്പം അനൂപ് മേനോന്‍ തന്നെയാണ് തിരക്കഥയും എഴുതുന്നത്. ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും താരം പറഞ്ഞു. നേരത്തെ മോഹന്‍ലാല്‍ തന്നെയാണ് ചിത്രം പ്രഖ്യാപിച്ചത്. അന്നുമുതല്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
തിരുവനന്തപുരം, കൊല്‍ക്കത്ത, ഷില്ലോംഗ് എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ചിത്രം പ്രണയത്തിലൂടേയും ആഗ്രഹത്തിലൂടേയും സംഗീതത്തിലൂടെയുമെല്ലാമുള്ള ഒരു യാത്രയായിരിക്കുമെന്ന് മോഹന്‍ലാല്‍ കുറിച്ചിരുന്നു. മികച്ച പിന്നണി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ കഥ തന്റെ ഹൃദയത്തോട് ഏറെ അടുത്തു നില്‍ക്കുന്നതാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
ഹേഷാം അബ്ദുള്‍ വഹാബാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നേരത്തെ മോഹന്‍ലാലിന്റെ പകല്‍ നക്ഷത്രങ്ങളുടെ തിരക്കഥയും അനൂപ് മേനോന്‍ തന്നെയാണ് എഴുതിയിരുന്നത്. ചിത്രം വലിയ വിജയം നേടിയില്ലെങ്കിലും ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്നു.
മോഹന്‍ലാലിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം തുടരും ആണ്. ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തില്‍ എത്തിയ കുടുംബ ചിത്രം കേരളത്തില്‍ നിന്ന് മാത്രം 100 കോടിയോളം നേടിയിരുന്നു. ആഗോള ബോക്‌സ് ഓഫീസില്‍ 200 കോടി ക്ലബിലും ഇടംനേടിയിരുന്നു. തരുണ്‍ മൂര്‍ത്തിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്.
മോഹന്‍ലാലിന്റേതായി ഛോട്ടാ മുംബൈ റീ റിലീസും ചെയ്തിരുന്നു. കേരള ബോക്‌സ് ഓഫീസില്‍ 3.80 കോടിയോളം ചിത്രം നേടിയിരുന്നു. അന്‍വര്‍ റഷീദാണ് ചിത്രത്തിന്റെ സംവിധാനം. വലിയ ഉത്സവ പ്രതീതിയിലാണ് വീണ്ടുമെത്തിയപ്പോള്‍ മോഹന്‍ലാല്‍ ചിത്രത്തെ ആരാധകര്‍ വരവേറ്റത്.