സംവിധായകന്‍ ആറ്റ് ലിയുമായി ചേര്‍ന്നുള്ള അല്ലു അര്‍ജുന്റെ പുതിയ ചിത്രത്തിനെതിരെ കോപ്പിയടി വിവാദം

ഹോളിവുഡ് ചിത്രം ഡ്യൂണിന്റെ പോസ്റ്റര്‍ കോപ്പിയടിച്ചതാണെന്ന ആരോപണമാണ് ഉയരുന്നത്‌

ചെന്നൈ: സംവിധായകന്‍ ആറ്റ് ലിയുമായി ചേര്‍ന്നുള്ള അല്ലു അര്‍ജുന്റെ പുതിയ ചിത്രത്തിനെതിരെ കോപ്പിയടി വിവാദം. അല്ലു അര്‍ജുന്റെ 43ാം ജന്മദിനത്തോടനുബന്ധിച്ചാണ് സംവിധായകന്‍ ആറ്റ് ലിയുമായി ചേര്‍ന്ന് ചെയ്യുന്ന വന്‍ പ്രൊജക്ട് സണ്‍ പിക്ചേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇത് ഇതുവരെ കാണാത്ത ഒരു സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രമാണെന്നും അണിയറക്കാര്‍ അറിയിച്ചിരുന്നു. പ്രഖ്യാപന വീഡിയോ അതിവേഗം തന്നെ സിനിമാ പ്രേമികള്‍ക്കിടയില്‍ വൈറലാവുകയും ചെയ്തു. ചിത്രത്തിന്റെ ആദ്യ പോസ്റ്ററും പുറത്തിറങ്ങി. ഇതോടെയാണ് കോപ്പിയടി ആരോപണം ഉയര്‍ന്നത്.

A22XA6 എന്നാണ് ആറ്റ് ലി അല്ലു ചിത്രത്തിന് താല്‍ക്കാലികമായി പേര് നല്‍കിയത്. ഹോളിവുഡ് ചിത്രം ഡ്യൂണിന്റെ പോസ്റ്റര്‍ കോപ്പിയടിച്ചതാണെന്ന ആരോപണമാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ഉയര്‍ത്തിയത്. ചൊവ്വാഴ്ചയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ സണ്‍ പിക്ചേഴ്സ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ പങ്കിട്ടത്.

സണ്‍ പിക്‌ചേര്‍സ് ഏറ്റവും കൂടുതല്‍ തുക ചിലവാക്കി എടുക്കുന്ന ചിത്രമാണ് ഇതെന്നും ഹോളിവുഡ് സ്റ്റുഡിയോകളില്‍ ചെയ്യുന്ന വി.എഫ്.എക്‌സിന് മാത്രം 250 കോടിയാണ് മുടക്കുന്നത് എന്നുമാണ് പുറത്തുവരുന്ന വിവരം. നേരത്തെയും ആറ്റ് ലിക്കെതിരെ കോപ്പിയടി ആരോപണം ഉയര്‍ന്നിരുന്നു.

എന്തിനാണ് ഇത്തരത്തില്‍ കോപ്പിയടിക്കുന്നത് എന്നും ഇവിടെ തന്നെ കഴിവില്ലേ എന്നുമുള്ള ചോദ്യങ്ങളാണ് പല എക്‌സ് യൂസേര്‍സും പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് ചോദിക്കുന്നത്. അറ്റ് ലിയെ പലരും കളിയാക്കുന്നുമുണ്ട്.

ജവാന്‍ അടക്കം വലിയ വിജയങ്ങള്‍ ഒരുക്കിയ ആറ്റ് ലിയും പുഷ്പയിലെ നായകനും ഒന്നിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 800 കോടിയാണെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. 200 കോടി പ്രൊഡക്ഷന്‍ കോസ്റ്റ് വരുന്ന ചിത്രത്തിന്റെ വി.എഫ്.എക്‌സിന് മാത്രം 250 കോടിയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ചെലവഴിക്കുന്നത്.

കരിയറിലെ ആറാം ചിത്രത്തിന് ആറ്റ് ലി ഈടാക്കുന്ന പ്രതിഫലം 100 കോടിയാണ്. 175 കോടിയോളമാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അല്ലു അര്‍ജുന് പ്രതിഫലമായി ലഭിക്കുക. ഒപ്പം ലാഭത്തിന്റെ 15 ശതമാനം വിഹിതവും അല്ലുവിന് ലഭിക്കും.

ഈ വര്‍ഷം അവസാനം പ്രോജക്റ്റ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഭിനേതാക്കള്‍, ക്രൂ, റിലീസ് ഷെഡ്യൂള്‍ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍തന്നെ പ്രഖ്യാപിക്കും.

Related Articles
Next Story
Share it