രേണുക സ്വാമി കൊലക്കേസില്‍ കന്നഡ നടന്‍ ദര്‍ശന്‍ തുഗുദീപയുടെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി

ജാമ്യം അനുവദിച്ച ഹൈക്കോടതിയുടെ നടപടി ശരിയല്ലെന്നും നിരീക്ഷണം

ന്യൂഡല്‍ഹി: രേണുക സ്വാമി കൊലക്കേസില്‍ കന്നഡ നടന്‍ ദര്‍ശന്‍ തുഗുദീപയുടെയും നടി പവിത്ര ഗൗഡയുടേയും ജാമ്യം റദ്ദാക്കി സുപ്രീംകോടതി. കര്‍ണാടക സര്‍ക്കാരിന്റെ അപ്പീലിലാണ് നടപടി. ദര്‍ശന് ജാമ്യം അനുവദിച്ച കര്‍ണാടക ഹൈക്കോടതി നടപടിയെ ജസ്റ്റിസുമാരായ ജെ.ബി.പര്‍ദിവാലയും ആര്‍.മഹാദേവനും അടങ്ങിയ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു.

ജാമ്യം അനുവദിച്ചത് യാന്ത്രികമായ രീതിയിലാണെന്നും ഹൈക്കോടതിയില്‍ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി ദര്‍ശന്റെ ജാമ്യം റദ്ദാക്കിയത്. കര്‍ണാടക സര്‍ക്കാരിന്റെ അപ്പീലില്‍ ആണ് ജസ്റ്റിസുമാരായ ജെ.ബി.പര്‍ദിവാലയും ആര്‍.മഹാദേവനും അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

കൊലപാതകവുമായി ബന്ധപ്പെട്ട് കൂട്ടുപ്രതികളായ പ്രദൂഷ് റാവു, ജഗ്ഗു എന്ന ജഗ്ഗു, അനു കുമാര്‍, ലക്ഷ്മണ്‍ എം, നാഗരാജു കെ എന്നിവരുടെ ജാമ്യവും കോടതി റദ്ദാക്കിയിട്ടുണ്ട്. ദര്‍ശന്‍ വൈകിട്ട് ബെംഗളൂരു വിചാരണ കോടതിയില്‍ കീഴടങ്ങും.

ദര്‍ശന് ജാമ്യം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയിലെ ഭാഷ അവരെ കുറ്റവിമുക്തരാക്കുന്ന തരത്തിലുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. ജാമ്യം നല്‍കുന്നത് സാക്ഷികളെ സ്വാധീനിക്കാനും വിചാരണ അട്ടിമറിക്കാനും ഇടയാക്കുമെന്നും കോടതി വ്യക്തമാക്കി. ദര്‍ശന് ജയിലില്‍ വഴിവിട്ട സഹായം നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ബെംഗളൂരു ജയിലില്‍ നടന്‍ സിഗരറ്റ് വലിക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നത് കണക്കിലെടുത്താണ് നിര്‍ദേശം. പ്രത്യേക പരിഗണന നല്‍കിയെന്ന് വ്യക്തമായാല്‍ ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ സ്വാഗതം ചെയ്തു. സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ച ചിത്രദുര്‍ഗ സ്വദേശിയായ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിലാണ് ദര്‍ശന്‍ അറസ്റ്റിലായത്. 2024 ഒക്ടോബര്‍ 30ന് കര്‍ണാടക ഹൈക്കോടതി ദര്‍ശന് ജാമ്യം അനുവദിക്കുകയായിരുന്നു.

Related Articles
Next Story
Share it